Enter your Email Address to subscribe to our newsletters

Wayanad , 10 ജൂലൈ (H.S.)
കള്ളാടിയിലെ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയും സർവേയറുമായ രാകേഷ് ഗുച്ചൈതിൻ്റെ (24) മൃതദേഹമാണ് നാലാം ദിവസം നടത്തിയ തെരച്ചിലിൽ ലഭിച്ചത്.
മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ദുരന്തത്തിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
അപകടസ്ഥലത്തെ വലത്, ഇടത് എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച കഡാവർ നായ്ക്കളുടെ സേവനവും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നായ്ക്കൾ മണം പിടിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കാനാണ് തീരുമാനം. നിലവിൽ ഒരു ഭാഗത്തേക്ക് മാത്രമാണ് മണ്ണ് മാറ്റുന്നത്. ഇതിന് പകരം ചൂരൽമല, മേപ്പാടി എന്നീ രണ്ട് ഭാഗങ്ങളിലേക്കും അതിവേഗം മണ്ണ് നീക്കി പരിശോധന നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. മലപോലെ കൂടിക്കിടക്കുന്ന മണ്ണ് എത്രയും വേഗം മാറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം തിരച്ചിൽ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നലെ മഴയ്ക്ക് വലിയ ശമനമുണ്ടായതിനാൽ രാവിലെ തന്നെ ഊർജിതമായ തിരച്ചിൽ ആരംഭിക്കാൻ കഴിഞ്ഞു. ഇന്നലെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്താനും സാധിച്ചു. മണ്ണിടിച്ചിലിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ അതിഥി തൊഴിലാളികളുടെ ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ എംബാം ചെയ്ത് ബന്ധുക്കൾക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇവരുടെ ജന്മനാടുകളിലേക്ക് മൃതദേഹങ്ങൾ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
രാഷ്ട്രീയ പോര് മുറുകുന്നുഅതിനിടെ കള്ളാടി ദുരന്തത്തിൽ രാഷ്ട്രീയ പോരും മുറുകുകയാണ്. പരിസ്ഥിതി ലോല പ്രദേശത്ത് തുരങ്കപാത നിർമിക്കാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തി. അശാസ്ത്രീയമായി വിവരങ്ങൾ മറച്ചുവച്ചാണ് പാരിസ്ഥിതിക അനുമതി നേടിയതെന്ന ആരോപണവും ശക്തമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ് പദ്ധതിക്ക് അനുമതി നൽകിയതെന്നാണ് സർക്കാരിൻ്റെ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്പരം പഴിചാരുകയാണ്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെങ്കിലും ശാസ്ത്രജ്ഞർ, തുരങ്കപാത വിദഗ്ധർ, ജിയോളജിസ്റ്റുകൾ എന്നിവർ ഉൾപ്പെടുന്ന വിപുലമായ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഈ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഭാവി തീരുമാനിക്കുക. നിർമാണത്തിനായി അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണും ഒലിച്ചെത്തിയത് അപകടത്തിൻ്റെ ആക്കം കൂട്ടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര ധനസഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR