Enter your Email Address to subscribe to our newsletters

Thiruvananthapuram , 10 ജൂലൈ (H.S.)
വടക്കന് കേരളത്തില് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്ട്ടുള്ളത്.
അത് കൂടാതെ പത്ത് ജില്ലകള്ക്ക് പ്രത്യേക മഴ മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്, മലപ്പുറം, കണ്ണൂര്, കാസര്കോട് എന്നിവിടങ്ങളില് അടുത്ത മൂന്ന് മണിക്കൂറിനുള്ളില് ഇടത്തരം മഴയുണ്ടാകും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറില് 50 കിലോമീറ്റര് വേഗതയില് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മറ്റ് ജില്ലകളില് നേരിയ മഴയും ലഭിക്കും. എന്നാല് 40 കിലോമീറ്റര് വേഗത്തില് കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
സ്കൂളുകള്ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില് വയനാട്ടില് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന സ്കൂളുകള്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയില് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തെക്കന് ഗുജറാത്ത് തീരം മുതല് വടക്കന് കേരള തീരം വരെ സമുദ്രനിരപ്പില് തീരദേശ ന്യൂനമര്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്ക് പടിഞ്ഞാറന് ഉത്തര്പ്രദേശിനും അതിനോട് ചേര്ന്നുള്ള പ്രദേശങ്ങള്ക്കും മുകളില് ശക്തിയേറിയ ന്യൂനമര്ദ മേഖല സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില് ഇത് പതിയെ വടക്ക് കിഴക്ക് ഭാഗത്തേക്കും നീങ്ങും. ക്രമേണ ഇതിന് ശക്തി കുറയാനും സാധ്യത.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
- ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
- നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
- ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
- ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
- കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
- ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
- മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണമായി ഒഴിവാക്കേണ്ടതാണ്.
- ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.
- സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR