വയനാട് തുരങ്കപാത മണ്ണിടിച്ചിൽ നിർമാണപ്രവർത്തനങ്ങൾ നടന്ന സ്ഥലത്തല്ല സംഭവിച്ചതെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ വ്യക്തമാക്കി.
Wayanad , 10 ജൂലൈ (H.S.) കോഴിക്കോട്–വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് ജൂലൈ 7-ന് ഉണ്ടായ മണ്ണിടിച്ചിൽ നിർമാണപ്രവർത്തനങ്ങൾ നടന്ന സ്ഥലത്തല്ല സംഭവിച്ചതെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ വ്യക്തമാക്കി. തുരങ്കത്തിൻ്റെ പ്രവേശന ഭാഗത്ത് നടത്തിയ ഖനനപ്രദ
KALLADI LANDSLIDE


Wayanad , 10 ജൂലൈ (H.S.)

കോഴിക്കോട്–വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് ജൂലൈ 7-ന് ഉണ്ടായ മണ്ണിടിച്ചിൽ നിർമാണപ്രവർത്തനങ്ങൾ നടന്ന സ്ഥലത്തല്ല സംഭവിച്ചതെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ വ്യക്തമാക്കി. തുരങ്കത്തിൻ്റെ പ്രവേശന ഭാഗത്ത് നടത്തിയ ഖനനപ്രദേശത്ത് നിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും, അംഗീകൃത രൂപരേഖയും എൻജിനീയറിങ് മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണം നടത്തിയതെന്നും അധികൃതർ അറിയിച്ചു.

കൊങ്കൺ റെയിൽവേ പുറത്തിറക്കിയ വിശദീകരണക്കുറിപ്പനുസരിച്ച് തുരങ്കത്തിൻ്റെ മുകൾഭാഗത്തുനിന്ന് 100 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശത്താണ് മണ്ണിടിച്ചിൽ ആരംഭിച്ചതെന്ന് പറയുന്നു. ഇതുമൂലം വലിയ അളവിൽ മണ്ണും പാറകളും താഴേക്ക് ഒഴുകിയെത്തി, സംരക്ഷിച്ച ചരിവിന് മുകളിലേക്ക് അതിശക്തമായ സമ്മർദ്ദം ഉണ്ടായി. സമീപത്തെ മരങ്ങൾ കടപുഴകുകയും വൻതോതിൽ മണ്ണ് ഒഴുകിയെത്തുകയും ചെയ്ത തോടെയാണ് അപകടത്തിൻ്റെ തീവ്രത വർധിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.

മഴക്കാലം ആരംഭിച്ചതിനെ തുടർന്ന് ജൂൺ മധ്യത്തോടെ തന്നെ തുരങ്കനിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നതായും, അപകടസമയത്ത് സ്ഥലത്ത് സാങ്കേതിക ജീവനക്കാർ മാത്രമാണ് ചരിവുകളുടെ സുരക്ഷയും മണ്ണ് നിക്ഷേപിച്ച ഭാഗങ്ങളും നിരീക്ഷിക്കാൻ ഉണ്ടായിരുന്നതെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. അതേസമയം, മണ്ണിടിച്ചിൽ അതിവേഗത്തിൽ ഉണ്ടായതിനാൽ അവിടെ ഉണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ കഴിയാതെ മണ്ണിനടിയിൽപ്പെടുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

'സുരക്ഷാ നടപടികൾ പാലിച്ചു'; ആരോപണങ്ങൾ തള്ളി കൊങ്കൺ റെയിൽവേ

തുരങ്കത്തിൻ്റെ പ്രവേശന ഭാഗത്തെ ചരിവ് നിർമാണകാലം മുഴുവൻ സുരക്ഷിതമായിരുന്നുവെന്നും, താൽക്കാലിക പിന്തുണാ സംവിധാനങ്ങൾ, ജലനിർഗമന ക്രമീകരണങ്ങൾ, ചരിവ് സംരക്ഷണ നടപടികൾ എന്നിവ അപകടത്തിന് മുമ്പ് തന്നെ നടപ്പാക്കിയിരുന്നുവെന്നും കൊങ്കൺ റെയിൽവേ അവകാശപ്പെട്ടു. അംഗീകൃത രൂപരേഖ, സാങ്കേതിക നിർദേശങ്ങൾ, എൻജിനീയറിങ് മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിച്ചാണ് എല്ലാ നിർമാണ പ്രവർത്തനങ്ങളും നടത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു.

എന്നാൽ, നിർമാണ സ്ഥലത്ത് കുന്നുകൂടിയ മണ്ണും അവശിഷ്ടങ്ങളും സമയബന്ധിതമായി നീക്കം ചെയ്തില്ലെന്ന ആരോപണങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ പലതവണ നിർദേശം നൽകിയിട്ടും മണ്ണ് മാറ്റാത്തതാണ് മണ്ണിടിച്ചിലിൻ്റെ ആഘാതം വർധിക്കാൻ കാരണമായതെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണ് കൊങ്കൺ റെയിൽവേ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

ഏഴ് മരണം; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന അനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത പദ്ധതിയുടെ നിർമാണ സ്ഥലത്താണ് ജൂലൈ 7-ന് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ ഏഴ് പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തത്തിന് പിന്നാലെ രക്ഷാപ്രവർത്തനവും പരിശോധനകളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News