കുംഭമേള വൈറൽ പെൺകുട്ടിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി നീക്കി.
Ernakulam , 10 ജൂലൈ (H.S.) കുംഭമേള വൈറൽ പെൺകുട്ടിയ്ക്ക് തിരിച്ചടി. പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദമ്പതികളുമായി ബന്ധപ്പെടാൻ നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ഇപ്പോൾ ബന്ധപ്പ
KUMBH VIRAL GIRL MONALISA


Ernakulam , 10 ജൂലൈ (H.S.)

കുംഭമേള വൈറൽ പെൺകുട്ടിയ്ക്ക് തിരിച്ചടി. പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. പെൺകുട്ടിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദമ്പതികളുമായി ബന്ധപ്പെടാൻ നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. പെൺകുട്ടിയുടെ പതിവ് രീതിയാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് പെൺകുട്ടി നേരിട്ട് സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രമേ നൽകൂവെന്നും പൊലീസിനോട് ഹൈക്കോടതി പറഞ്ഞു. ഇതിന് പിന്നാലെ ജൂൺ 19 ലെ പൊലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടി, വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കാമുകനായ മുഹമ്മദ് ഫർമാനോടൊപ്പം പൂവാറിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി. വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു.

നേരത്തെ പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ പെൺകുട്ടിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്നാവശ്യപ്പെട്ടുള്ള മുഹമ്മദ് ഫർമാൻ്റെ ഹർജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയിലാണ് പോകേണ്ടതെന്നും അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. ട്രാൻസിറ്റ് മുൻകൂർ ജാമ്യക്കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടണമെന്നാവശ്യപ്പെട്ടായിരുന്നു മുഹമ്മദ് ഫർമാൻ്റെ ഹർജി. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ സാവകാശം ലഭിക്കാനായിരുന്നു കേരളാ ഹൈക്കോടതിയെ ഫർമാൻ വീണ്ടും സമീപിച്ചിരുന്നത്.

വൈറൽ താരത്തിൻ്റെ വിവാഹവും നിയമപ്രതിസന്ധികളും

2026 മാർച്ചിലാണ് കുംഭമേള വൈറല് താരമായ പെൺകുട്ടിയുടേയും കാമുകൻ ഫർമാന് ഖാൻ്റെയും വിവാഹം കേരളത്തിൽ വച്ച് നടന്നത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി കേരളത്തിലെത്തിയ ഇരുവരും അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം കഴിച്ചത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എംപി ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

വിവാഹ ശേഷം പെൺക്കുട്ടിക്ക് 18 വയസ് ആയിട്ടില്ലെന്നാരോപിച്ച് വീട്ടുകാർ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് വഴിതെളിഞ്ഞത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് 16 വയസേ പ്രായമുള്ളൂ എന്ന് തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഹേശ്വറിലെ സർക്കാർ ആശുപത്രിയിലെ രേഖകൾ പരിശോധിച്ചപ്പോഴാണ് 2009 ഡിസംബർ 30 ന് വൈകുന്നേരം 5.50 നായിരുന്നു ജനനം എന്ന് കണ്ടെത്തിയത്. തുടർന്ന് വിവാഹം നടന്ന കേരളത്തിലെ ഗ്രാമപഞ്ചായത്തിൽ നിന്ന് രജിസ്ട്രേഷൻ രേഖകളും പരിശോധിച്ചു.

കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മഹേശ്വർ ഗ്രാമപഞ്ചായത്ത് നൽകിയെന്ന പേരിൽ വ്യാജ രേഖകളാണ് ഫർമാൻ ഖാൻ വിവാഹ സമയം നൽകിയതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഫർമാൻ ഖാനെതിരെ പോക്സോ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വകുപ്പുകൾ പ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുക്കുകയുണ്ടായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News