എട്ട് മാസത്തെ ദൗത്യത്തിന് മലയാളി അനില് മേനോന് ബഹിരാകാശത്തേക്ക്; ജൂലൈ 14ന് യാത്ര തിരിക്കും
New delhi 10 ജൂലൈ (H.S.) ബഹിരാകാശത്തേക്ക് ആദ്യമായി ഒരു മലയാളി എത്തുന്ന ദൂരം വിദൂരമല്ല. നാസ ശാസ്ത്രജ്ഞന്‍ അനില്‍ മേനോന്‍ ജൂലൈ 14ന് യാത്ര തിരിക്കും. മലയാളി വേരുകളുള്ള അനില്‍ ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് അന്താരാഷ്ട്ര
anil


New delhi 10 ജൂലൈ (H.S.)

ബഹിരാകാശത്തേക്ക് ആദ്യമായി ഒരു മലയാളി എത്തുന്ന ദൂരം വിദൂരമല്ല. നാസ ശാസ്ത്രജ്ഞന്‍ അനില്‍ മേനോന്‍ ജൂലൈ 14ന് യാത്ര തിരിക്കും. മലയാളി വേരുകളുള്ള അനില്‍ ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് ദൗത്യസംഘം സഞ്ചരിക്കുക.

എക്സ്പെഡിഷന്‍ 75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘമാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അനിലിനൊപ്പം മറ്റ് രണ്ട് റഷ്യന്‍ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. റോസ്‌കോസ്മോസ് ശാസ്ത്രജ്ഞരായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിനൊപ്പം യാത്ര തിരിക്കുക. എട്ട് മാസം നീളുന്നതാണ് ദൗത്യം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങള്‍ക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായാണ് അനില്‍ മേനോന്‍ യാത്ര തിരിക്കുന്നത്.

മലയാളി വേരുകളുള്ള അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. യുഎസിലെ മിനിയാപൊളിസിലാണ് അനില്‍ മേനോന്‍ ജനിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അച്ഛന്‍ ശങ്കര മേനോന്‍. യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയാണ് അമ്മ.എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സ് കേണലുമാണ് അനില്‍ മേനോന്‍. 2021 ഡിസംബറിലാണ് നാസയിലെ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2022 മുതല്‍ പരിശീലനനം തേടി. നിലവില്‍ യാത്രയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്.

മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലുള്ള ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദവും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും നേടിയിട്ടുണ്ട്.

ഭാര്യ അന്ന വില്‍ഹെമും ബഹിരാകാശയാത്രികയാണ്. സ്പേസ്എക്സിന്റെ സ്വകാര്യ ക്രൂഡ് സ്പേസ് ഫ്‌ലൈറ്റായ പോളാരിസ് ഡോണിന്റെ ഭാഗമായി 2024 സെപ്റ്റംബറില്‍ അന്ന ബഹിരാകാശത്തേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യമായിരുന്നു ഇത്.

2014-ലാണ് അദ്ദേഹം ബഹിരാകാശ രംഗത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. നാസയില്‍ ഫ്‌ലൈറ്റ് സര്‍ജനായാണ് തുടക്കം. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ അനില്‍ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

ബഹിരാകാശ യാത്രികര്‍ക്ക് ആവശ്യമായ മെഡിക്കല്‍ പിന്തുണ നല്‍കി. ഇതോടൊപ്പം മെക്കാനിക്കല്‍ എഞ്ചിനീയറും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്പേസ് ഫോഴ്സിലെ കേണലുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ച്, പ്രവര്‍ത്തിച്ച ബഹിരാകാശയാത്രികരോടൊപ്പം ജോലി ചെയ്ത അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.

2018-ലാണ് അനില്‍ സ്പേസ്എക്സില്‍ ചേരുന്നത്. പിന്നീട് ബഹിരാകാശ രംഗത്തെ മെഡിക്കല്‍ ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്പേസ്എക്സിന്റെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രകളിലെ തയ്യാറെടുപ്പുകളില്‍ വലിയ സംഭാവനകള്‍ നല്‍കി. പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങള്‍ക്കായി സൂപ്പര്‍-ഹെവി റോക്കറ്റിന്റെയും സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകത്തിന്റെയും വികസനത്തില്‍ അടുത്ത് പ്രവര്‍ത്തിച്ചു.

അനില്‍ യുഎസ് വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയില്‍ കയറുന്നവരെ പരിചരിക്കുന്ന ഹിമാലയന്‍ റെസ്‌ക്യൂ അസോസിയേഷനു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പോളിയോ വാക്സിനേഷന്‍ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി റോട്ടറി അംബാസഡോറിയല്‍ സ്‌കോളറായി ഇന്ത്യയില്‍ ഒരു വര്‍ഷം ചെലവഴിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News