Enter your Email Address to subscribe to our newsletters

Washington , 10 ജൂലൈ (H.S.)
ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന നേട്ടം കൈപ്പിടിയിലൊതുക്കാൻ നാസ ശാസ്ത്രജ്ഞൻ അനിൽ മേനോൻ. മലയാളി വേരുകളുള്ള അനിൽ ജൂലൈ 14ന് കസാക്കിസ്ഥാനിലെ ബൈക്കോണൂർ കോസ്മോഡ്രോമിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് ദൗത്യസംഘം സഞ്ചരിക്കുക.
എക്സ്പെഡിഷൻ 75 ദൗത്യത്തിന്റെ ഭാഗമായി മൂന്നംഗ സംഘമാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അനിലിനൊപ്പം മറ്റ് രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. റോസ്കോസ്മോസ് ശാസ്ത്രജ്ഞരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിനൊപ്പം യാത്ര തിരിക്കുക.
എട്ട് മാസം നീളുന്നതാണ് ദൗത്യം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ദൗത്യങ്ങൾക്ക് മനുഷ്യരെ സജ്ജമാക്കുന്നതിനുള്ള മെഡിക്കൽ പരീക്ഷണങ്ങളുടെ ഭാഗമായാണ് അനിൽ മേനോൻ യാത്ര തിരിക്കുന്നത്.
പാതി മലയാളി
മലയാളി വേരുകളുള്ള അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. യുഎസിലെ മിനിയാപൊളിസിലാണ് അനില് മേനോന് ജനിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അച്ഛൻ ശങ്കര മേനോൻ. യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയാണ് അമ്മ.
എമർജൻസി മെഡിസിൻ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സ് കേണലുമാണ് അനിൽ മേനോൻ. 2021 ഡിസംബറിലാണ് നാസയിലെ ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2022 മുതൽ പരിശീലനനം തേടി. നിലവിൽ യാത്രയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്.
മസാച്യുസെറ്റ്സിലെ കേംബ്രിഡ്ജിലുള്ള ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും നേടിയിട്ടുണ്ട്.
ഭാര്യ അന്ന വിൽഹെമും ബഹിരാകാശയാത്രികയാണ്. സ്പേസ്എക്സിന്റെ സ്വകാര്യ ക്രൂഡ് സ്പേസ് ഫ്ലൈറ്റായ പോളാരിസ് ഡോണിന്റെ ഭാഗമായി 2024 സെപ്റ്റംബറിൽ അന്ന ബഹിരാകാശത്തേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യമായിരുന്നു ഇത്.
ഒരു പതിറ്റാണ്ടിലേറെയുള്ള പ്രവർത്തന പരിചയം
2014-ലാണ് അദ്ദേഹം ബഹിരാകാശ രംഗത്ത് പ്രവർത്തനമാരംഭിക്കുന്നത്. നാസയിൽ ഫ്ലൈറ്റ് സർജനായാണ് തുടക്കം. എമര്ജന്സി മെഡിസിന് വിഭാഗം ഡോക്ടറായ അനില് ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായാണ് പ്രവര്ത്തിച്ചിരുന്നത്.
ബഹിരാകാശ യാത്രികര്ക്ക് ആവശ്യമായ മെഡിക്കല് പിന്തുണ നല്കി. ഇതോടൊപ്പം മെക്കാനിക്കൽ എഞ്ചിനീയറും യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സിലെ കേണലുമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിച്ച്, പ്രവർത്തിച്ച ബഹിരാകാശയാത്രികരോടൊപ്പം ജോലി ചെയ്ത അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.
2018-ലാണ് അനിൽ സ്പേസ്എക്സിൽ ചേരുന്നത്. പിന്നീട് ബഹിരാകാശ രംഗത്തെ മെഡിക്കൽ ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്പേസ്എക്സിന്റെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രകളിലെ തയ്യാറെടുപ്പുകളിൽ വലിയ സംഭാവനകൾ നൽകി. പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾക്കായി സൂപ്പർ-ഹെവി റോക്കറ്റിന്റെയും സ്റ്റാർഷിപ്പ് ബഹിരാകാശ പേടകത്തിന്റെയും വികസനത്തിൽ അടുത്ത് പ്രവർത്തിച്ചു.
അനിൽ യുഎസ് വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടിയിൽ കയറുന്നവരെ പരിചരിക്കുന്ന ഹിമാലയൻ റെസ്ക്യൂ അസോസിയേഷനു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. പോളിയോ വാക്സിനേഷൻ സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി റോട്ടറി അംബാസഡോറിയൽ സ്കോളറായി ഇന്ത്യയിൽ ഒരു വർഷം ചെലവഴിച്ചിട്ടുണ്ട്.
ബഹിരാകാശ നിലയത്തിലെ ചുമതലകൾ
ബഹിരാകാശ നിലയത്തിൽ എത്തിക്കഴിഞ്ഞാൽ ദീർഘകാല ബഹിരാകാശ യാത്ര മൈക്രോഗ്രാവിറ്റിയിൽ കഴിയുന്ന യാത്രികരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അനിൽ മേനോൻ പഠിക്കും. മൈക്രോഗ്രാവിറ്റി സാഹചര്യത്തിൽ ബഹിരാകാശയാത്രികരുടെ രക്തപ്രവാഹം, സിര ഘടന, രക്ത ഘടന എന്നിവ എങ്ങനെയെന്ന് പഠനവിധേയമാക്കും. ഇതിനായുള്ള പരീക്ഷണങ്ങളായിരിക്കും അദ്ദേഹം ബഹിരാകാശ നിലയത്തിൽ നടത്തുക.
ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഇൻട്രാവണസ് ദ്രാവകങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും അദ്ദേഹം സഹായിക്കും. ബഹിരാകാശ യാത്രികരുടെ നിർജ്ജലീകരണം തടയുന്നതിന് ഇൻട്രാവണസ് ദ്രാവകങ്ങൾ സഹായിക്കും. ശരീരത്തിലുടനീളം ജലാംശം, പോഷകങ്ങൾ അല്ലെങ്കിൽ മരുന്നുകൾ വേഗത്തിൽ ആഗിരണം ചെയ്യാൻ ഇത് സഹായിക്കും.
ദ്രാവകങ്ങൾ ബഹിരാകാശ നിലയത്തിൽ വച്ച് തന്നെ നിർമ്മിക്കാനായാൽ ഇത് ദീർഘകാല ദൗത്യങ്ങളിൽ സഞ്ചാരികളുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം ഗുണം ചെയ്യും. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ ഭൂമിയിൽ നിന്നുള്ള വൈദ്യസഹായത്തിന്റെ ആവശ്യകത കുറയ്ക്കുക എന്ന ലക്ഷ്യവും ദൗത്യത്തിലുണ്ട്. ഇതിനായി ഓഗ്മെന്റഡ് റിയാലിറ്റിയും കൃത്രിമബുദ്ധി രീതികളും ഉപയോഗിച്ച് അദ്ദേഹം അൾട്രാസൗണ്ട് പരീക്ഷണങ്ങളും നടത്തും. ഇതിനുപുറമെ, സെമികണ്ടക്ടർ ക്രിസ്റ്റലുകൾ ബഹിരാകാശത്ത് വെച്ച് ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR