കേരളത്തിലെ നൈപുണ്യ വികസന സംവിധാനങ്ങളെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കേന്ദ്രസർക്കാരിൻ്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ നിവേദനം സമർപ്പിച്ചു
Thiruvananthapuram , 10 ജൂലൈ (H.S.) കേരളത്തിലെ നൈപുണ്യ വികസന സംവിധാനങ്ങളെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കേന്ദ്രസർക്കാരിൻ്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ നിവേദനം സമർപ്പിച്ചു. വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്
KERALA SKILL PARK PROJECT


Thiruvananthapuram , 10 ജൂലൈ (H.S.)

കേരളത്തിലെ നൈപുണ്യ വികസന സംവിധാനങ്ങളെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കേന്ദ്രസർക്കാരിൻ്റെ പിന്തുണ തേടി സംസ്ഥാന സർക്കാർ നിവേദനം സമർപ്പിച്ചു. വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ജയന്ത് ചൗധരിക്കാണ് നിവേദനം കൈമാറിയത്.

കേരളത്തിൻ്റെ നൈപുണ്യ വികസന മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പ്രധാനമായും എട്ട് ആവശ്യങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) മുഖേന സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. സാങ്കേതിക രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങൾ, വ്യവസായങ്ങളുടെ പുതിയ ആവശ്യങ്ങൾ, വിദേശ തൊഴിൽ വിപണിയിലെ അവസരങ്ങൾ എന്നിവ കണക്കിലെടുത്ത് തൊഴിൽയോഗ്യരായ യുവജനശക്തിയെ സൃഷ്ടിക്കുകയാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

അഞ്ച് ഏക്കറിൽ അത്യാധുനിക സ്കിൽ പാർക്ക്

ടെക്നോപാർക്ക് ഫേസ് നാലിൽ കേസിൻ്റെ കൈവശമുള്ള അഞ്ച് ഏക്കർ ഭൂമിയിൽ അത്യാധുനിക സ്കിൽ പാർക്ക് സ്ഥാപിക്കാൻ കേന്ദ്രത്തിൻ്റെ തത്വത്തിലുള്ള അനുമതിയും ധനസഹായവും ആവശ്യപ്പെട്ടു. 2014ൽ 99 വർഷത്തെ പാട്ടക്കരാറിൽ ഏറ്റെടുത്ത ഈ ഭൂമിക്കായി കേസ് 7.72 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. നിലവിലെ സംസ്ഥാന ബജറ്റിൽ പ്രാരംഭ ചെലവുകൾക്കും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുമായി മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉയർന്ന ആവശ്യകതയുള്ള പുതിയ സാങ്കേതികവിദ്യകൾ, വ്യവസായാധിഷ്ഠിത പരിശീലനം, സെൻ്റേഴ്സ് ഓഫ് എക്സലൻസ്, ഇൻ്റേൺഷിപ്പ്, അപ്രൻ്റിസ്ഷിപ്പ്, സംരംഭകത്വം, പ്ലേസ്മെൻ്റ് അധിഷ്ഠിത പരിശീലനം എന്നിവയാണ് സ്കിൽ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിന് ശേഷം പൊതുമേഖല, സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പാർക്ക് പ്രവർത്തിപ്പിക്കാനുമാണ് പദ്ധതി.

സ്കിൽ ഇന്ത്യ ഇൻ്റർനാഷണൽ സെൻ്റർ

കേരളത്തിൽ സ്കിൽ ഇന്ത്യ ഇൻ്റർനാഷണൽ സെൻ്ററും മൈഗ്രേഷൻ സെൻ്ററും അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് നിർദേശിച്ച 30 സ്കിൽ ഇന്ത്യ ഇൻ്റർനാഷണൽ സെൻ്ററുകളിൽ ഒന്നിനാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര, സംസ്ഥാന ധാരണാപത്രം അന്തിമമാക്കി ഒപ്പുവയ്ക്കുന്നതിൽ വേഗത വേണമെന്നാണ് ആവശ്യം. വിദേശ ഭാഷാപരിശീലനം, അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം, ആഗോള സർട്ടിഫിക്കേഷൻ, യാത്രയ്ക്കുമുമ്പുള്ള പരിശീലനം, വിദേശ തൊഴിൽ പ്ലേസ്മെൻ്റ്, സുരക്ഷിതവും ധാർമികവുമായ കുടിയേറ്റ സഹായം എന്നിവ ഒരേ സംവിധാനത്തിലൂടെ ലഭ്യമാക്കാനാണ് ലക്ഷ്യം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആൻഡ് റെയിൽ ടെക്നോളജി

റെയിൽവേ, മെട്രോ മേഖലകളിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ കണക്കിലെടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെട്രോ ആൻഡ് റെയിൽ ടെക്നോളജി സ്ഥാപിക്കുന്നതിനും പിന്തുണ തേടി. കേസ്, നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമായാണ് സ്ഥാപനം വിഭാവനം ചെയ്യുന്നത്. അങ്കമാലിയിലെ ഇൻകെൽ ടവറിൽ ഇതിനായി ഏകദേശം 35,000 ചതുരശ്ര അടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജർമനിയിലെ ഡോയ്ചെ ബാൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ആവശ്യകത പരിഗണിച്ച് റെയിൽ, മെട്രോ സാങ്കേതികവിദ്യകളിൽ പരിശീലനം, നൈപുണ്യവർധന, സർട്ടിഫിക്കേഷൻ എന്നിവ നൽകാനാണ് പദ്ധതി. വിശദമായ പദ്ധതി രേഖയും ത്രികക്ഷി ധാരണാപത്രവും വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് കേന്ദ്രത്തോടുള്ള അഭ്യർഥന.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ്വിദേശ തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിച്ച ഗുണമേന്മയുള്ള ഭാഷാപരിശീലനത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് സ്ഥാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ജർമൻ, ജാപ്പനീസ്, ഫ്രഞ്ച് ഉൾപ്പെടെയുള്ള വിദേശ ഭാഷകളിലെ പരിശീലനം ഇപ്പോൾ പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളിലൂടെയാണ് നടക്കുന്നത്. ഏകീകൃത പാഠ്യപദ്ധതി, ഗുണനിലവാര മാനദണ്ഡം, യോഗ്യരായ പരിശീലകർ, സുതാര്യമായ ഫീസ് ഘടന എന്നിവ ഉറപ്പാക്കുന്നതിനായി കേസ്, എൻഎസ്ഡിസി ഇൻ്റർനാഷണൽ സഹകരണത്തോടെ സ്ഥാപനം തുടങ്ങാനാണ് നിർദേശം. അങ്കമാലി ഇൻകെൽ ടവറിൽ 20,000 ചതുരശ്ര അടി സ്ഥലം ഇതിനായി മാറ്റിവച്ചിട്ടുണ്ടെങ്കിലും എൻഎസ്ഡിസി ഇൻ്റർനാഷണലിൻ്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ മുടങ്ങിയിരിക്കുകയാണ്. ഇൻ്റീരിയർ നവീകരണവും പ്രവർത്തനച്ചെലവും ഏറ്റെടുത്ത് സ്ഥാപനം വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.

കേസിന് ഇരട്ട അംഗീകാരംദേശീയ തൊഴിൽ നൈപുണ്യ യോഗ്യതാ ചട്ടക്കൂടുമായി കേരളത്തിലെ പരിശീലന കോഴ്സുകളെ ബന്ധിപ്പിക്കുന്നതിനായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന് (KASE) എൻസിവിഇടി ഇരട്ട അംഗീകാരം വേഗത്തിൽ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അവാർഡിങ് ബോഡിയായും അസസ്മെൻ്റ് ഏജൻസിയായും അംഗീകാരം ലഭിച്ചാൽ, വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച യോഗ്യതകൾ വികസിപ്പിക്കാനും ദേശീയ യോഗ്യതാ രജിസ്റ്ററിൽ ഉൾപ്പെടുത്താനും പരീക്ഷ നടത്താനും ദേശീയ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകാനും കേസിന് കഴിയും. 2025 സെപ്റ്റംബറിൽ ആരംഭിച്ച അപേക്ഷാ നടപടിയിൽ പോർട്ടലിൽ സംസ്ഥാന നൈപുണ്യ വികസന മിഷനുകൾക്കുള്ള വിഭാഗമില്ലാതിരുന്നതാണ് കാലതാമസത്തിന് കാരണമായത്. പിന്നീട് ഓൺലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും ലെറ്റർ ഓഫ് ഇൻ്റൻ്റിനായുള്ള ഉപസമിതി പരിശോധന ഇനിയും നടന്നിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി കൗശൽ വികാസ് യോജനപ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 നടപ്പാക്കുന്നതിനായി കേസിന് ഭരണച്ചെലവ് അനുവദിക്കണമെന്നും അംഗീകൃത സ്വകാര്യ പരിശീലന പങ്കാളികളെ ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. 55 തൊഴിൽ മേഖലകളിലായി 18 സെക്ടറുകളിൽ 15,390 പരിശീലന ലക്ഷ്യങ്ങളാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 513 ബാച്ചുകളിലും 118 പരിശീലന കേന്ദ്രങ്ങളിലുമായി പദ്ധതി നടപ്പാക്കേണ്ടതുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം, പരിശീലകരുടെ തിരഞ്ഞെടുപ്പും പരിശീലനവും, വിദ്യാർഥി സമാഹരണം, ബാച്ച് രൂപീകരണം, നിരീക്ഷണം, സാമ്പത്തിക നിയന്ത്രണം തുടങ്ങിയ വിപുലമായ ഉത്തരവാദിത്തങ്ങൾ കേസിനുണ്ടെങ്കിലും ഭരണച്ചെലവ് അനുവദിച്ചിട്ടില്ല. സർക്കാർ സ്ഥാപനങ്ങളിലേക്ക് മാത്രം പരിശീലനം പരിമിതപ്പെടുത്തുന്നത് അടിസ്ഥാനസൗകര്യ, പരിശീലക ലഭ്യത, സമയബന്ധിത നടപ്പാക്കൽ എന്നിവയിൽ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും നിവേദനത്തിൽ വ്യക്തമാക്കി.

റിക്രൂട്ടിങ് ഏജൻ്റ് ലൈസൻസ്വിദേശ പ്ലേസ്മെൻ്റിനായി റിക്രൂട്ടിങ് ഏജൻ്റ് ലൈസൻസ് അനുവദിക്കുന്നതിലും കേന്ദ്ര ഇടപെടൽ തേടി. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇ-മൈഗ്രേറ്റ് പോർട്ടലിലൂടെ കേസ് അപേക്ഷ നൽകിയിട്ടുണ്ട്. 50 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും 2026 ജനുവരി 21ലെ അപേക്ഷ പരിഗണനയിൽ തുടരുകയാണെന്ന് നിവേദനത്തിൽ പറയുന്നു. ലൈസൻസ് ലഭിച്ചാൽ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പരിശീലനം നേടിയ കേരളീയ യുവാക്കളെ സർക്കാർ മേൽനോട്ടത്തിലുള്ള സുരക്ഷിതവും നിയമാനുസൃതവുമായ വിദേശ തൊഴിലവസരങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാകും. കേരളത്തിൽ നോർക്ക, ഒഡെപെക്, അസാപ് എന്നിവയ്ക്കും മറ്റ് സംസ്ഥാനങ്ങളിലെ നൈപുണ്യ വികസന മിഷനുകൾക്കും സമാന ലൈസൻസുകൾ നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

പി.എം സേതു പദ്ധതിപി.എം സേതു പദ്ധതിക്കായി സംസ്ഥാന പദ്ധതി മാനേജ്മെൻ്റ് യൂണിറ്റ് (SPMU) രൂപീകരിക്കാൻ അനുമതി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഡയറക്ടർ ഓഫ് ട്രെയിനിങ്ങിൻ്റെ നേതൃത്വത്തിൽ അഡീഷണൽ ഡയറക്ടർ, ജോയിൻ്റ് ഡയറക്ടർ, സംസ്ഥാന അപ്രൻ്റിസ്ഷിപ്പ് മോണിറ്ററിങ് സെൽ, പദ്ധതി കൺസൾട്ടൻ്റുമാർ എന്നിവരെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കാനാണ് നിർദേശം. കേരളത്തിന് പി.എം.യു പിന്തുണയായി രണ്ട് കോടി രൂപ ലഭിക്കാനുള്ള അർഹതയുണ്ടെന്നും, ഈ തുകയിൽനിന്ന് ഉദ്യോഗസ്ഥരുടെയും കൺസൾട്ടൻ്റുമാരുടെയും വേതനവും മറ്റ് നിർവഹണ ചെലവുകളും വഹിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

പദ്ധതി കാലയളവിലുടനീളം ആവശ്യമായ മാനേജ്മെൻ്റ് ശേഷി ഉറപ്പാക്കാൻ പി.എം.യു പിന്തുണയുടെ പരിധി ഉയർത്തുകയോ പദ്ധതി ലാഭത്തിൽനിന്ന് ആവശ്യാനുസൃത അധിക തുക അനുവദിക്കുകയോ വേണമെന്നും കേരളം നിർദേശിച്ചു. സംസ്ഥാനത്തെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി യുവാക്കൾക്ക് ആഭ്യന്തര, വിദേശ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയാണ് ഈ എട്ട് ആവശ്യങ്ങളുടെയും ലക്ഷ്യമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News