Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ജൂലൈ (H.S.)
തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില് സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെഎസ്‌യുക്കാരെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ സര്‍ക്കാര്‍ നിയമിച്ചെന്ന് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പ്രതിഷേധത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് കെഎസ്‌യു പ്രസിഡന്റ് രംഗത്തെത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലം പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയര്‍ത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകള്‍ ഇപ്പോള്‍ കെഎസ്‌യു സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ ഇന്‍കമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിയില്‍ കൂടി പോകുന്ന എസ്എഫ്‌ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനില്ലെന്നും അലോഷ്യസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം നിയമ കലാലയത്തില്‍ കെഎസ്‌യുക്കാരെ നിരന്തരം മര്‍ദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവണ്‍മെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നിയമനത്തില്‍ അന്വേഷണം വേണമെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ചാവേറുകള്‍ ആയവരെ ഭരണം കിട്ടിയപ്പോള്‍ പുറത്ത് നിര്‍ത്തിയെന്ന് കുറ്റപ്പെടുത്തിയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രതികരിച്ചത്. സിപിഐഎം, സിപിഐ, ബിജെപി വിധേയത്വം ഉള്ളവരെ നിയമിച്ചെന്ന് ആരോപിച്ചാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇത്തരം നിയമനങ്ങള്‍ പുനഃപരിശോധിക്കണം എന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
---------------
Hindusthan Samachar / Sreejith S