Enter your Email Address to subscribe to our newsletters

Alappuzha , 10 ജൂലൈ (H.S.)
സ്നേഹത്തിന് അതിർത്തികളില്ലെന്നും സംസ്കാരങ്ങൾ പരസ്പരം ചേർത്തുപിടിക്കുമ്പോഴാണ് ബന്ധങ്ങൾ കൂടുതൽ മനോഹരമാകുന്നതെന്നും തെളിയിക്കുന്ന അപൂർവ വിവാഹത്തിന് ചേർത്തലയിലെ കളവംകോടം ശക്തീശ്വരം ക്ഷേത്രം സാക്ഷിയായി.
യുകെയിൽ ജോലി ചെയ്യുന്ന ചെല്ലാനം സ്വദേശിയായ നിധിൻജിത്തും യുകെ സ്വദേശിനിയും ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട ലിയാൻ മരിയയും ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രസന്നിധിയിൽ വിവാഹിതരായി. വ്യത്യസ്ത മതങ്ങളും രാജ്യങ്ങളും സംസ്കാരങ്ങളും പശ്ചാത്തലമായിരുന്നെങ്കിലും സ്നേഹമാണ് ഇരുവരെയും ഒരുമിപ്പിച്ചത്.
യുകെയിൽ തുടങ്ങിയ പരിചയം പ്രണയമായി
ഉന്നത പഠനത്തിനായി യുകെയിലെ സൗത്ത് ഷീൽഡ്സിലെ കോളജിലെത്തിയ നിധിൻജിത്തും ലിയാൻ മരിയയും തമ്മിലുള്ള പരിചയമാണ് പിന്നീട് പ്രണയമായി വളർന്നത്. 2022-ൽ ആരംഭിച്ച ബന്ധം കാലക്രമേണ കൂടുതൽ ദൃഢമായി. തുടർന്ന് മർച്ചൻ്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ച നിധിൻജിത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുമ്പോഴും ഫ്ലീസിങ്ടൺ, അബർഡീൻ, ലണ്ടൻ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ഇരുവരും കണ്ടുമുട്ടി.
കഴിഞ്ഞ വർഷം ലിയാൻ മരിയ ആദ്യമായി കേരളത്തിലെത്തി 20 ദിവസത്തോളം ചേല്ലാനത്ത് താമസിക്കുകയും നിധിൻജിത്തിൻ്റെ കുടുംബത്തെയും നാട്ടിനെയും അടുത്തറിയുകയും ചെയ്തു. തൃശൂരും തൃപ്രയാറും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ച ശേഷം കേരളത്തിൻ്റെ സംസ്കാരത്തോട് അവർക്ക് പ്രത്യേക അടുപ്പം രൂപപ്പെട്ടു. അതിനുശേഷമാണ് വിവാഹം കേരളത്തിൽ തന്നെ നടത്താൻ ഇരുവരും തീരുമാനിച്ചത്.
കേരള തനിമയിൽ വിവാഹം
മാർച്ച് 30-ന് വിവാഹ ഒരുക്കങ്ങൾക്കായി ലിയാൻ മരിയ വീണ്ടും കേരളത്തിലെത്തി. ജൂൺ ആറിന് നിധിൻജിത്തും നാട്ടിലെത്തി. കുമ്പളങ്ങിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇരുവരും വിവാഹത്തിനായി പരമ്പരാഗത രീതിയിലുള്ള പാലക്കമാല, സെറ്റ് സാരി എന്നിവ തെരഞ്ഞെടുത്തു. സുഹൃത്തായ ജാസ്മിയായിരുന്നു ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതുമുതൽ മേക്കപ്പ് ഒരുക്കങ്ങൾ വരെ എല്ലാ കാര്യങ്ങൾക്കും പിന്തുണയായത്.
ഇന്ന് രാവിലെ 10.30-ഓടെ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിധിൻജിത്ത് ലിയാൻ മരിയയുടെ കഴുത്തിൽ താലി ചാർത്തി. നെറ്റിയിൽ സിന്ദൂരം ചാർത്തിയതോടെ ലിയാൻ മരിയ കേരളത്തിൻ്റെ മരുമകളായി. ചടങ്ങുകൾ കൗതുകത്തോടെ വീക്ഷിച്ച ലിയാൻ മരിയ പിന്നീട് പ്രതികരിച്ചത് ശ്രദ്ധേയമായി.
ഇത്തരമൊരു വിവാഹച്ചടങ്ങ് ഞാൻ മുൻപ് കണ്ടിട്ടില്ല. ഇത് എൻ്റെ സംസ്കാരമല്ല. പക്ഷേ ഇത് അദ്ദേഹത്തിൻ്റെ സംസ്കാരമാണ്. ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം എൻ്റെ ലോകവും സംസ്കാരവും മനസിലാക്കുന്നു. സ്നേഹം എന്നത് സംസ്കാരങ്ങളെ ബഹുമാനിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതാണ്, എന്ന് ലിയാൻ മരിയ പറഞ്ഞു.
മതത്തിൻ്റെയും ദേശത്തിൻ്റെയും പേരിൽ ഭിന്നതകൾ ഉയരുന്ന കാലഘട്ടത്തിൽ രണ്ട് രാജ്യങ്ങളിലെയും രണ്ട് മതവിഭാഗങ്ങളിലെയും യുവതീയുവാക്കൾ സ്നേഹത്തിൻ്റെ കരുത്തിൽ ഒന്നിച്ച ഈ വിവാഹം ശ്രദ്ധേയമായി. ശ്രീനാരായണ ഗുരു ഉയർത്തിപ്പിടിച്ച സമത്വത്തിൻ്റെയും മാനവികതയുടെയും സന്ദേശം ഒരിക്കൽ കൂടി ഓർമിപ്പിച്ച ചടങ്ങായി ഈ വിവാഹത്തെ വിലയിരുത്തുന്നു. സ്നേഹത്തിന് അതിർത്തികളില്ലെന്നും സംസ്കാരങ്ങൾ വേർതിരിക്കാനല്ല, മനുഷ്യരെ കൂടുതൽ അടുപ്പിക്കാനാണെന്നുമുള്ള സന്ദേശമാണ് ഈ അപൂർവ വിവാഹം സമൂഹത്തിന് നൽക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR