വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരുമായി അദാനി കമ്പനി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
Thiruvananthapuram , 10 ജൂലൈ (H.S.) വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരുമായി അദാനി കമ്പനി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അദാനി കമ്പനി ഓഹ
V D Satheeshan


Thiruvananthapuram , 10 ജൂലൈ (H.S.)

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരുമായി അദാനി കമ്പനി ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അദാനി കമ്പനി ഓഹരി കൈമാറ്റ നടപടികൾ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുൻപുതന്നെ ആരംഭിച്ചെന്നും ഈ സർക്കാർ എന്തു തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പറയണമെന്നും പിണറായി വിജയൻ അയച്ച കത്തിന് മറുപടിയായി മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയൂടെ പൂർണരൂപം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ കൺസഷനെയർ എഗ്രിമെൻ്റിൻ്റെ ക്ലോസ് 5.3 പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടത്തുന്നതിന് സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഓഹരി കൈമാറ്റം സംബന്ധിച്ച് 2026 ജൂലൈ ഒന്നിന് താങ്കൾ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിൽ പ്രസ്തുത സ്ഥാപനം ഓഹരി കൈമാറ്റം സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. അന്നേ ദിവസം വൈകുന്നേരമാണ് സർക്കാരിന് അദാനി ഗ്രൂപ്പിൽ നിന്നുള്ള ആദ്യ കത്ത് ലഭിക്കുന്നത്.

സർക്കാരിൻ്റെ മുൻകൂർ അനുമതി തേടാതെ അദാനി കമ്പനി ഓഹരി കൈമാറ്റത്തിൻ്റെ ഭാഗമായി സെബിയെ സമീപിച്ച നടപടിയിലുള്ള അതൃപ്തി തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സർക്കാർ കമ്പനിയെ അറിയിച്ചതുമാണ്. 2026 ജൂലൈ മൂന്നിന് അദാനി കമ്പനി മറ്റൊരു കത്ത് സർക്കാരിന് നൽകി. ഇക്കാര്യം 08-07-2026 ന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിഷയം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം അങ്ങയുടെ ശ്രദ്ധയിൽ വന്നില്ലെന്നുള്ളത് ദൗർഭാഗ്യകരമാണ്. സംസ്ഥാന താത്പ്പര്യം മുൻനിർത്തി മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കൂ.

പ്രതിപക്ഷ നേതാവിൻ്റെ ആരോപണൾ അടിസ്ഥാനമില്ലാത്തത്

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഓഹരിയാണ് എംഎസ്സി ഗ്രൂപ്പിന് കൈമാറാൻ ശ്രമിക്കുന്നത്. കത്തിൽ പറഞ്ഞ വസ്തുതാ വിരുദ്ധമായ ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ, ഈ കമ്പനിയിൽ മുഖ്യ ഓഹരി പങ്കാളിയായ സർക്കാരിനെ അറിയിക്കാതെയാണ് അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നത് എന്നാണ് അങ്ങയുടെ ആരോപണം. ഇത് തെറ്റാണ്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ സംസ്ഥാന സർക്കാർ ഓഹരി പങ്കാളിയല്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കൺസഷനെയർ എഗ്രിമെൻ്റിലെ ക്ലോസ് 5.3 പ്രകാരമാണ് ഓഹരി കൈമാറ്റത്തിൽ സർക്കാരിൻ്റെ മുൻകൂർ അനുമതി നിഷ്ക്കർഷിച്ചിരികുന്നത്.

പ്രസ്തുത കരാറിലെ ക്ലോസ് 5.8 പ്രകാരം കോമൺ യൂസർ ഫെസിലിറ്റി ഉപയോഗിക്കുന്നത് ഒരു കമ്പനിയും കുത്തകയാക്കാൻ പാടില്ലെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇത് കൂടാതെ ഓഹരി കൈമാറ്റത്തിന് സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെയും അനുമതികൾ ആവശ്യമാണ്. സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അവകാശാധികാരങ്ങൾ ആവശ്യമായി വരുന്ന ഏത് ഘട്ടത്തിലും ഉപയോഗിക്കും. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണ്.

ഈ സർക്കാരിൻ്റെ കാലയളവിൽ അദാനി കമ്പനിയുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട യാതൊരു തീരുമാനങ്ങളോ അനുമതികളോ സംസ്ഥാനം നൽകിയിട്ടില്ല. സർക്കാർ അധികാരം ഏൽക്കുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച നടപടികൾ അദാനി കമ്പനി ആരംഭിച്ചു എന്നുവേണം മനസിലാക്കാൻ. അങ്ങ് നേതൃത്വം നൽകിയിരുന്ന എൽഡിഎഫ് സർക്കാർ 2025 ൽ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്സി കമ്പനിയിലെ പ്രമുഖർ പങ്കെടുത്തിരുന്നില്ലേ? അപ്പോൾ അന്നു മുതൽക്കെ ഓഹരി കൈമാറ്റത്തിനു വേണ്ടിയുള്ള ചർച്ചകൾ നടന്നുവെന്ന് കരുതേണ്ടി വരില്ലേ? എൽഡിഎഫ് സർക്കാരിൻ്റെ ദീർഘവീക്ഷണത്തിൻ്റെ വിജയമാണ് വിദേശ നിക്ഷേപമെന്ന് ജൂലൈ ഒന്നിന് സിപിഎം മുഖപത്രമായ ദേശാഭിമാനി എഴുതിയതും ഇതിൻ്റെ തെളിവല്ലേ?

യുഡിഎഫ് എന്ത് തെറ്റ് ചെയ്തെന്ന് മുഖ്യമന്ത്രി

അതിനും മുൻപ് ജൂൺ 5 ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത 'വിഴിഞ്ഞത്ത് വരും, എംഎസ്സി ടെർമിനൽ' എന്നാണ്. 49 ശതമാനം ഓഹരിയാണ് എംഎസ്സി ലക്ഷ്യമിടുന്നതെന്നും അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും എംഎസ്സി പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുന്നുവെന്നും ഇതേ വാർത്തയിലുണ്ട്. എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയായിരുന്ന അങ്ങും സിപിഎമ്മും അറിയാതെ ഇത്തരം ചർച്ചകൾ നടക്കുമോ?

ഇത്രയും യാഥാർഥ്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അങ്ങയുടെ സർക്കാരിൻ്റെ കാലത്ത് എന്തെങ്കിലും നടപടികളോ ആശയവിനിമയമോ അദാനി കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്താൻ ഇനിയെങ്കിലും തയാറാകുമോ? ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുഡിഎഫ് സർക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് ഈ വാർത്ത നിരന്തരം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളോട് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഞാൻ ചോദിച്ചു. അതേ ചോദ്യം പ്രതിപക്ഷ നേതാവായ അങ്ങയോടും ഞാൻ ചോദിക്കുന്നു. യുഡിഎഫ് സർക്കാർ എന്ത് തെറ്റ് ചെയ്തുവെന്ന് അങ്ങ് പറയണം എന്ന് കത്തിൽ വിശദീകരിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News