Enter your Email Address to subscribe to our newsletters

Thiruvananthapuram,10 ജൂലൈ (H.S.)
സി.പി.ഐ (എം) ന്റെ സ്ഥാപക നേതാവും, നാടിനെ സംരക്ഷിക്കാനുള്ള നിരവധി പോരാട്ടങ്ങള്ക്ക് നേതൃത്വം നല്കിയ കമ്മ്യൂണിസ്റ്റുമായിരുന്നു വി.എസ് അച്ചുതാനന്ദന്റെ ഒന്നാം ചരമ വാര്ഷികം ജൂലൈ 21 ന് സമുചിതമായി ആചരിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.
കയര് ഫാക്ടറി തൊഴിലാളിയായ വി.എസിലെ നേതാവിനെ കണ്ടെത്തുന്നത് പി കൃഷ്ണപിള്ളയാണ്. 1940-ല് 17-ാമത്തെ വയസ്സില് സഖാവ് പാര്ടി അംഗമായി. സി.പി.ഐ (എം)ന്റെ സ്ഥാപക നേതാക്കളില് ഒരാളായിരുന്നു വി.എസ്. സ്വതന്ത്ര തിരുവിതാംകൂറിനെതിരെ നടന്ന പുന്നപ്ര-വയലാര് പ്രക്ഷോഭത്തിലും ഭാഗഭാക്കായി. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായും, കേരളത്തിന്റെ മുഖ്യമന്ത്രിയായും, പ്രവര്ത്തിച്ച വി.എസ് അടിസ്ഥാന ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില് മുന്പന്തിയില് തന്നെ അണിനിരന്നു. സാമ്പത്തിക സമത്വത്തിനും, സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളില് മുന്പന്തിയില് തന്നെ അണിനിരന്നു. ഭൂസമരങ്ങളിലും സജീവ സാന്നിദ്ധ്യമായി. ത്യാഗനിര്ഭരമായ ജീവിതമായിരുന്നു വി.എസിന്റേത്.
പാരിസ്ഥിതിക പ്രശ്നങ്ങള് വര്ഗ്ഗ സമരത്തിന്റെ ഭാഗമാണെന്ന് കണ്ടുകൊണ്ട് അദ്ദേഹം ഇടപെട്ടു. സ്ത്രീ സമത്വത്തിന്റെ ആശയങ്ങള്ക്കൊപ്പം നിലയുറപ്പിക്കുകയും, അവരുടെ ജനാധിപത്യ അവകാശങ്ങള് സംരക്ഷിക്കുന്നതിനായി നിലകൊള്ളുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച് ഭരണകൂടത്തിന്റെ മര്ദ്ദന സംവിധാനങ്ങള്ക്കെതിരെ നിരന്തരം പൊരുതിക്കൊണ്ടാണ് വി.എസ് പ്രവര്ത്തിച്ചത്. മതരാഷ്ട്രവാദികളുടെ രാഷ്ട്രീയ അജണ്ടകളെ തുറന്നുകാട്ടാനും വി.എസ് മുന്പന്തിയില് നിന്നു.
വി.എസിന്റെ ചരമ ദിനം ആചരിക്കുന്ന ഈ ഘട്ടത്തില് ദേശീയ തലത്തില് സംഘപരിവാര് ഭരണഘടന മുന്നോട്ടുവെച്ചിട്ടുള്ള എല്ലാ ഗുണപരമായ മൂല്യങ്ങളേയും ഇല്ലാതാക്കുന്നതിനുള്ള പ്രവര്ത്തനങ്ങളില് മുഴുകുകയാണ്. അഖിലേന്ത്യാടിസ്ഥാത്തില് നടത്തുന്ന പരീക്ഷകള് പോലും തുടര്ച്ചയായി അട്ടിമറിക്കപ്പെടുകയാണ്. എല്ലാ ജനകീയാവശ്യങ്ങളെയും ചവിട്ടി മെതിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് കേന്ദ്ര സര്ക്കാര് സ്വീകരിക്കുന്നത്.
കള്ളപ്രചാരവേലകള് നടത്തിയും, എല്ലാ വര്ഗ്ഗീയതയേയും കൈകോര്ത്ത് പിടിച്ചും യു.ഡി.എഫ് അധികാരത്തില് വന്നിരിക്കുകയാണ്. കേരളം നേടിയ എല്ലാ നേട്ടങ്ങളേയും തകര്ക്കുന്ന നടപടികളാണ് കഴിഞ്ഞ ഒരു മാസക്കാലത്തിനിടയില് കേരളത്തില് നടന്നിട്ടുള്ളത്. കേന്ദ്രത്തിലെ ബി.ജെ.പി സര്ക്കാരിന്റെ നയങ്ങള് അതേപോലെ നടപ്പിലാക്കുന്നതിനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. നയപ്രഖ്യാപനത്തിലും, ബജറ്റ് പ്രസംഗത്തിലും കേന്ദ്ര സര്ക്കാര് നയത്തിനെതിരെ മൗനം പാലിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേരളത്തിലെ സര്വ്വകലാശാലകളെ കാവിവല്ക്കരിക്കുന്നതിനുള്ള ബി.ജെ.പി അജണ്ടകള്ക്കും ഇവര് കൂട്ടുനില്ക്കുകയാണ്.
ആഗോളവല്ക്കരണ നയങ്ങള് മുന്നോട്ടുവയ്ക്കുന്ന സ്വകാര്യവല്ക്കരണ അജണ്ടകള് അതേപോലെ നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സര്ക്കാര് പരിശ്രമിക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കുതിപ്പ് നല്കേണ്ട വിഴിഞ്ഞം പദ്ധതിയെ സംസ്ഥാന താല്പര്യങ്ങളെ ഹനിക്കുന്നവിധം മുന്നോട്ടുകൊണ്ടുപോകുകയാണ് സംസ്ഥാന സര്ക്കാര്. കള്ളക്കേസുകള് സൃഷ്ടിച്ച് പാര്ടി നേതാക്കളെ ജനങ്ങളില് അവമതിപ്പുണ്ടാക്കുന്ന നടപടികളിലേക്ക് കേന്ദ്ര - സംസ്ഥാന സര്ക്കാരുകള് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
കേന്ദ്ര - സംസ്ഥാന സര്ക്കാരുകളുടെ തെറ്റായ നയങ്ങള്ക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം ഉയര്ന്നുവരേണ്ട സാഹചര്യമാണ് കേരളത്തില് വളര്ന്നുവരുന്നത്. സംസ്ഥാനത്തിന്റെ ഉജ്ജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ അട്ടിമറിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്കെതിരെ മതസൗഹാര്ദത്തിന്റെ സന്ദേശങ്ങള് ഉയര്ത്തിപ്പിടിക്കേണ്ട ഘട്ടം കൂടിയാണത്.
ജീവിതം തന്നെ നാടിനെ സംരക്ഷിക്കാനുള്ള പോരാട്ടമായി മാറ്റിയെടുത്ത വി.എസിന്റെ ഓര്മ്മകള് ഇത്തരം പോരാട്ടങ്ങള്ക്ക് കരുത്ത് പകരും. സംസ്ഥാനത്തെമ്പാടും ദിനാചരണം വൈവിദ്ധ്യമാര്ന്ന പരിപാടികളിലൂടെ നടത്തുന്നതിന് എല്ലാ പാര്ടി ഘടകങ്ങളും മുന്നിട്ടിറങ്ങണം. പാര്ടി ഓഫീസ് അലങ്കരിച്ചും, പതാക ഉയര്ത്തിയും, അനുസ്മരണ സമ്മേളനം നടത്തിയും വി.എസിന്റെ സ്മരണ പുതുക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR