കരൂരിലേക്ക് മുഖ്യമന്ത്രിയായി വിജയ്; 32 കുടുംബങ്ങള്ക്ക് സര്ക്കാര് ജോലി ഉത്തരവ് കൈമാറും
Karoor, 10 ജൂലൈ (H.S.) ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 32 ജീവനുകള്‍ പൊലിഞ്ഞ ദുരന്തഭൂമിയിലേക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് എത്തുന്നു. ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകുന്ന തീരുമാനങ്ങളുമായാണ് വിജയ് എത്തുന്നത്. 2025 സെപ്റ്റംബറില്‍ വിജയ
TVK Vijay


Karoor, 10 ജൂലൈ (H.S.)

ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 32 ജീവനുകള്‍ പൊലിഞ്ഞ ദുരന്തഭൂമിയിലേക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് എത്തുന്നു. ദുരന്തബാധിതര്‍ക്ക് കൈതാങ്ങാകുന്ന തീരുമാനങ്ങളുമായാണ് വിജയ് എത്തുന്നത്. 2025 സെപ്റ്റംബറില്‍ വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ 32 കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനാണ് ഈ സന്ദര്‍ശനം.

കരൂര്‍-സേലം റോഡിലെ സ്വകാര്യ കോളജിന്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കറിലെ അറ്റ്‌ലസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ രാവിലെ 11നാണ് പൊതുയോഗം. മുഖ്യമന്ത്രി വിജയ് ജനങ്ങളെ അഭിസംബോധന ചെയ്യും. അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിക്കായി രാവിലെ 10ന് ഗ്രൗണ്ടിലേക്ക് ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും.

ക്യുആര്‍ കോഡ് ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പ്രവേശനമുള്ളത്. പരിപാടിക്കായി ഗ്രൗണ്ടിന് ചുറ്റും ടിന്‍ ഷെഡുകളും പത്തടി ഉയരമുള്ള താത്കാലിക തടയണകളും സ്ഥാപിച്ചു. ഇന്റലിജന്‍സ് ഡിഐജി ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം ഇന്നലെ ക്രമീകരണങ്ങള്‍ നേരിട്ട് പരിശോധിച്ചു.

സാധാരണ സ്റ്റേജിന് പകരം ഒരു കാരവനാണ് വേദിയായി ക്രമീകരിച്ചിട്ടുള്ളത്. ഇതിനുള്ളില്‍നിന്ന് പുറത്തുവന്നാണ് വിജയ് ജനങ്ങളോട് സംസാരിക്കുക. ചടങ്ങിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് കരൂര്‍-സേലം ബൈപാസില്‍നിന്ന് ഘോഷയാത്ര പുറപ്പെടും. കോയമ്പത്തൂര്‍ റോഡ്, പഴയ ബസ് സ്റ്റാന്‍ഡ് റൗണ്ട് എബൗട്ട്, ഉഴവര്‍ മാര്‍ക്കറ്റ്, തിരുമണിലയൂര്‍ ടോള്‍ പ്ലാസ, താന്തോന്നിമല വഴി കരൂര്‍ ജില്ലാ കലക്ടറേറ്റിലേക്കാണ് ഘോഷയാത്ര.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മുന്നില്‍ക്കണ്ട് കരൂരില്‍ പത്ത് കിലോമീറ്ററോളം ദൂരത്തില്‍ റോഡിന്റെ ഇരുവശത്തും താത്കാലിക ബാരിക്കേഡുകള്‍ നിര്‍മിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കരൂര്‍ ജില്ലാ കലക്ടറേറ്റിലെ പരിപാടിയില്‍ ദുരന്തത്തില്‍ മരിച്ച 32 പേരുടെ കുടുംബാംഗങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിയമന ഉത്തരവുകള്‍ വിജയ് വിതരണം ചെയ്യും.

തുടര്‍ന്ന് കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയനിലെ മാനവാസി പഞ്ചായത്തില്‍ പുതിയ സ്വകാര്യ ഫാക്ടറിക്ക് മുഖ്യമന്ത്രി തറക്കല്ലിടും. 1700 കോടി രൂപ ചെലവില്‍ തുകലിതര ഷൂസ് നിര്‍മിക്കുന്ന എവര്‍വാന്‍ കോത്താരി ഫുട്വെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നിര്‍മാണമാണ് തുടങ്ങുന്നത്. ഈ ഫാക്ടറിയിലൂടെ 13,500 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പാര്‍ട്ടി അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

കരൂര്‍ ദുരന്തത്തിന് കാരണമായ സുരക്ഷാവീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തവണ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്. തമിഴ്നാട് ദുരന്തനിവാരണ സേനയിലെ 78 പേരെ കരൂരില്‍ വിന്യസിച്ചു. ഇതിനുപുറമെ കരൂര്‍, പുതുക്കോട്ട, ട്രിച്ചി ഉള്‍പ്പെടെയുള്ള ജില്ലകളില്‍നിന്നുള്ള ആറായിരത്തോളം പൊലീസുകാരെയും സുരക്ഷയ്ക്കായി നിയോഗിച്ചു.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടും മൂന്നും മണിക്കൂര്‍ ക്ഷീണമില്ലാതെ ഇരിക്കാന്‍ കുടിവെള്ളവും ബിസ്‌കറ്റും മിക്‌സ്ചറും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കവറിലാക്കി നല്‍കും. കഴിഞ്ഞ തവണ വിജയ് എത്തിയപ്പോള്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് കുടിവെള്ളം പോലും ലഭിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനുള്ള സജ്ജീകരണങ്ങള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News