Enter your Email Address to subscribe to our newsletters

Karoor, 10 ജൂലൈ (H.S.)
2025 സെപ്തംബറില്‍കരൂരില്‍ നടന്ന ടിവികെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ആളുകള്‍ മരിച്ചതിന് കാരണം തമിഴ്‌നാട് പോലീസിന്റെ വീഴ്ചയെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്. റാലിക്ക് മുന്നോടിയായി പൊലീസില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. ഈ റാലി പിന്നീട് 41 പേരുടെ മരണത്തിന് കാരണമാവുകയി. കാരണം കൃത്യമായ പോലീസ് ഇടപെടല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഉണ്ടായില്ലെന്ന് വിജയ് പറഞ്ഞു. കരൂരിലെ അറ്റ്‌ലസ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന വിജയ്. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി കരൂരില്‍ എത്തിയ വിജയ് ദുരന്തം ബാധിക്കപ്പെട്ട 32 കുടുംബങ്ങള്‍ക്ക് കാരുണ്യ നിയമന ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
'എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സമയം' എന്നും വിജയ് വിശേഷിപ്പിച്ചു. സംഭവത്തില്‍ തമിഴ്നാട് പൊലീസ് നാടകം കളിക്കുകയായിരുന്നു. ജനക്കൂട്ടം വര്‍ധിച്ച വിവരം അറിയിക്കാതിരുന്നതിനും യോഗം റദ്ദാക്കാന്‍ നടപടിയെടുക്കാത്തതിനും പൊലീസിനെ കുറ്റപ്പെടുത്തി. 'ജനക്കൂട്ടം പെരുകുന്നുണ്ടെന്നും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പൊലീസിന് ഞങ്ങളെ അറിയിക്കാമായിരുന്നു. യോഗം റദ്ദാക്കാന്‍ പൊലീസിന് എല്ലാ അവകാശവുമുണ്ട്. അങ്ങനെ ചെയ്യാതെ, പൊലീസ് ഞങ്ങളെ ജനങ്ങള്‍ക്കിടയിലേയ്ക്ക് കൊണ്ടുപോയി', എന്ന് വിജയ് പറഞ്ഞു.
ദുരന്തത്തില്‍ മരിച്ചവരെ ആദരിക്കുന്നതിനായി കരൂരില്‍ ഒരു സ്മാരകം നിര്‍മ്മിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഈ സ്മാരകം ഭാവി തലമുറകള്‍ക്ക് ദുരന്തത്തെ ഓര്‍മ്മിക്കാനും സംഭവത്തിന് പിന്നിലെ ഗൂഢാലോചനകള്‍ എന്താണെന്ന് മനസിലാക്കാനും സഹായിക്കുമെന്നും വ്യക്തമാക്കി. പൊതുപരിപാടിയുടെ ഭാഗമായി നിരവധി ആളുകളാണ് വിജയിയെ കാണാന്‍ എത്തിയത്. പരിപാടിക്കിടെ, അന്ന് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ വിജയ് കാണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
സംസ്ഥാന മന്ത്രിമാരായ രാജ്‌മോഹനും വിജയലക്ഷ്മിയും മുഖ്യമന്ത്രിയെ വേദിയിലേയ്ക്ക് സ്വാഗതം ചെയ്തു. ക്യുആര്‍ കോഡ് എന്‍ട്രി പാസുള്ള 5,000 പേരെ മാത്രമേ വേദിയിലേക്ക് പ്രവേശിപ്പിക്കൂ എന്ന് നേരത്തെ ഗ്രാമവികസന, ജലവിഭവ മന്ത്രിയും ടിവികെ ജനറല്‍ സെക്രട്ടറിയുമായ എന്‍ ആനന്ദ് പറഞ്ഞിരുന്നു. പൊലീസ് പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
---------------
Hindusthan Samachar / Sreejith S