Enter your Email Address to subscribe to our newsletters

Kochi, 10 ജൂലൈ (H.S.)
അമേരിക്കന്‍ മെഡിക്കല്‍ കോഡിങ് കമ്പനി കോറോഹെല്ത്തിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. സംസ്ഥാന തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പും ജീവനക്കാരുടെ പ്രതിനിധികളും കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കമ്പനി ഏകപക്ഷീയമായ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. കേരളത്തിലെ സ്ഥാപനങ്ങള്‍ അടുച്ച് പൂട്ടി എന്ന നിലപാടില്‍ തന്നെയാണ് കമ്പനിയുള്ളത്.
മുന്നറിയിപ്പില്ലാതെ ഓഫിസുകള്‍ പൂട്ടി എണ്ണൂറിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ് അമേരിക്കന്‍ കമ്പനി ചെയ്തത്. ചട്ടങ്ങള്‍ പാലിച്ച് ചര്‍ച്ചയിലൂടെ തൊഴില്‍ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കമ്പനി അധികൃതര്‍ ഇന്ന് ചര്‍ച്ചയ്ക്ക് പോലും തയാറായിത്. എന്നാല്‍ നിലവിലുള്ള ലേബര്‍ കോഡിന്റെ അടിസ്ഥാനത്തില്‍ വിഷയം പരിഗണിക്കുന്ന സാഹചര്യത്തില#് പിരിച്ചുവിട്ട നടപടിയുമായി കമ്പനി മുന്നോട്ടു പോകും എന്നാണ് തീരുമാനമായി അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫിസുകളില് ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെ യാതൊരു അറിയിപ്പും കൂടാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജീവനക്കാര്‍ ശക്തമായ പ്രതിഷേധത്തിലാണ്. വിവിധ യുവജനസംഘടനകളും ജീവനക്കാര്‍ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തല്സ്ഥിതി തുടരണമെന്ന ജില്ലാ ലേബര് ഓഫിസറുടെ ഉത്തരവ് പോലും തള്ളിക്കൊണ്ട് ജീവനക്കാരെ ഓഫിസില് പ്രവേശിപ്പിക്കാതെ കടുംപിടുത്തം തുടര്ന്ന മാനേജ്‌മെന്റിനെ ചര്ച്ചയുടെ മേശപ്പുറത്ത് എത്തിക്കുന്നതില് ഹൈക്കോടതി ഇടപെടലാണ് നിര്ണായകമായത്. ജില്ലാ ലേബര് ഓഫിസറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോറോഹെല്ത്ത് മാനേജ്‌മെന്റാണ് കോടതിയെ സമീപിച്ചതെങ്കിലും നിലവിലുള്ള ചട്ടങ്ങള് അനുസരിച്ച് ചര്ച്ചയിലൂടെ പരിഹാരം കാണണമെന്ന നിര്‌ദേശമാണ് കോടതിയില് നിന്നുണ്ടായത്. ഇത്രയധികം ജീവനക്കാരുടെ തൊഴില് സുരക്ഷയും ജീവിതവും പ്രതിസന്ധിയിലാകുന്ന ഇത്തരമൊരു വിഷയത്തില് ഇടപെടാന് സംസ്ഥാന സര്ക്കാരിനു പൂര്ണ ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
കേരളത്തിലെ ഓഫിസുകള് പൂട്ടുകയും ജീവനക്കാരെ മുന്നറിയിപ്പു പോലുമില്ലാതെ വെള്ളക്കടലാസില് എഴുതിയ കത്തു നല്കി പിരിച്ചുവിടുകയും ചെയ്യുമ്പോഴും നോയിഡ,ഹൈദരാബാദ് തുടങ്ങിയ മറ്റിടങ്ങളിലെ കേന്ദ്രങ്ങളില് കമ്പനി പുതിയ റിക്രൂട്ട്‌മെന്റുകള് നടത്തുന്നുണ്ടെന്ന് ജീവനക്കാര് ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് ഇത്രയധികം പേര്ക്ക് തൊഴില് നഷ്ടപ്പെടുന്നത് ഗുരുതരമായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്നതിനാല് ഇന്നത്തെ ചര്ച്ചയിലൂടെ അനുകൂലമായ ഒരു അനുനയ നീക്കത്തിനാണ് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നത്. ചര്ച്ച പരാജയപ്പെട്ടാല് കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്ര സര്ക്കാരിനെ സമീപിക്കാനാണ് സംസ്ഥാന തൊഴില് വകുപ്പിന്റെ തീരുമാനം. നഷ്ടപരിഹാരമല്ല, തൊഴില് സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
---------------
Hindusthan Samachar / Sreejith S