നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ അതിക്രമം അപലപനീയം; കെ.ജി.എം.ഒ.എ
Thiruvanathapuram, 10 ജൂലൈ (H.S.) ​നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇന്നലെ നടന്ന നിർഭാഗ്യകരമായ മരണത്തെത്തുടർന്ന് ആശുപത്രിയിലുണ്ടായ അതിക്രമങ്ങളെ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു. ​ജീവൻ രക്ഷിക്കാൻ അടിയന്തര ചികിത്സ ഉറ
doctor


Thiruvanathapuram, 10 ജൂലൈ (H.S.)

​നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇന്നലെ നടന്ന നിർഭാഗ്യകരമായ മരണത്തെത്തുടർന്ന് ആശുപത്രിയിലുണ്ടായ അതിക്രമങ്ങളെ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു.

​ജീവൻ രക്ഷിക്കാൻ അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട ഇടങ്ങളാണ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ. എന്നാൽ, സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ തന്നെ ഇപ്പോൾ 'അടിയന്തര ചികിത്സ' അർഹിക്കുന്ന ശോചനീയാവസ്ഥയിലാണുള്ളത്. ​അത്യാഹിതം എന്നത് പലപ്പോഴും പേരിൽ മാത്രമായി ഒതുങ്ങുകയാണ്.

ഒ.പി വിഭാഗത്തിൽ ചികിത്സ തേടേണ്ട നിസ്സാര അസുഖങ്ങളുമായി പോലും ആളുകൾ കൂട്ടത്തോടെ കാഷ്വാലിറ്റിയിൽ എത്തുന്നത് അനിയന്ത്രിതമായ തിരക്കിന് കാരണമാകുന്നു . അത്യാഹിത കേസുകൾക്കും മെഡിക്കോ-ലീഗൽ കേസുകൾക്കും പുറമെ ഇത്തരം രോഗികളെക്കൂടി ഒരേസമയം പരിശോധിക്കേണ്ടി വരുന്നത് ഡ്യൂട്ടിയിലുള്ള കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ജോലിഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. തന്മൂലം, ജീവൻമരണ പോരാട്ടത്തിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്.

​പ്രധാന ആശുപത്രികളിൽ 'ട്രയാജ്' സംവിധാനം അടിയന്തരമായി നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ ദൗർഭാഗ്യകരമായ സംഭവം വിരൽചൂണ്ടുന്നത്. രോഗികളുടെ അവസ്ഥയുടെ ഗൗരവം അനുസരിച്ച് അവരെ തരംതിരിക്കാനും, ഗുരുതരാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകി വേഗത്തിൽ ജീവൻരക്ഷാ ചികിത്സ ലഭ്യമാക്കാനും ട്രയാജ് സംവിധാനത്തിലൂടെ സാധിക്കും.

​അതോടൊപ്പം, അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കടുത്ത ക്ഷാമം ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇന്നലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അനിയന്ത്രിതമായ തിരക്കുണ്ടായിട്ടും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരേയൊരു ഡോക്ടർ മാത്രമായിരുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന ആശുപത്രികളിലേയും സ്ഥിതിഗതികൾ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

​പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് രണ്ട് മെഡിക്കൽ ഓഫീസർമാരെയെങ്കിലും നിയമിക്കണമെന്നും, ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും കെ.ജി.എം.ഒ.എ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കാഷ്വാലിറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ.

​സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലേക്കുള്ള പ്രധാന ആശുപത്രികളിൽ ട്രയാജ് സംവിധാനം നടപ്പിലാക്കുമെന്നും, തിരക്കേറിയ ഷിഫ്റ്റുകളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുമെന്നും കഴിഞ്ഞ ജനുവരിയിൽ സർക്കാർ അസോസിയേഷന് രേഖാമൂലം ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ നിർഭാഗ്യവശാൽ ഈ ഉറപ്പുകൾ ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.

​ആരോഗ്യപ്രവർത്തകർക്ക് സ്വതന്ത്രമായും ഭയരഹിതമായും ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടത് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇതിനായി അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് പരിശീലനം ലഭിച്ച ട്രയാജ് നഴ്‌സുമാർ ഉൾപ്പെടെയുള്ള മതിയായ മാനവവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സർക്കാർ ആശുപത്രികളിൽ ട്രയാജ് സംവിധാനം ഉടൻ പ്രാവർത്തികമാക്കണം.

​ഈ വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ട്രയാജ് സംവിധാനവും കൂടുതൽ ഡോക്ടർമാരുടെ സേവനവും ഉടൻ ഉറപ്പാക്കണമെന്നും കെ.ജി.എം.ഒ.എ ശക്തമായി ആവശ്യപ്പെടുന്നു.

---------------

Hindusthan Samachar / Sreejith S


Latest News