നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ  മരണം: ഡി എം ഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Thiruvanathapuam, 10 ജൂലൈ (H.S.) തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്
Human rights commission


Thiruvanathapuam, 10 ജൂലൈ (H.S.)

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

അന്വേഷണത്തിന് ഡപ്യൂട്ടി ഡി എം ഒയെ നിയോഗിച്ച് മരിച്ച രോഗിയുടെ ബന്ധുക്കൾ, ആശുപത്രി സൂപ്രണ്ട് , ഡോക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ, സ്വതന്ത്ര സാക്ഷികൾ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തണം.

മരിച്ച രോഗിയുടെ ചികിത്സാരേഖകൾ പരിശോധിച്ച് മരണ കാരണം മനസിലാക്കണം. ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മരണത്തിന് കാരണമായിട്ടുണ്ടോ, സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ മുതലായ കാര്യങ്ങൾ അന്വേഷിച്ച് ഡി എം ഒ ക്ക് റിപ്പോർട്ട് കൈമാറണം. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി എം ഒ സമഗ്രമായ ഒരു റിപ്പോർട്ട് അന്വേഷണ റിപ്പോർട്ടിനൊപ്പം ഒരു മാസത്തിനകം കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സുപ്രണ്ട് പ്രത്യേകം റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു

സെപ്റ്റംബർ 2 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡി എം ഒക്ക് വേണ്ടി ഡപ്യൂട്ടി ഡി എം ഒയും താലൂക്ക് ആശുപത്രി സൂപ്രണ്ടിന് വേണ്ടി മുതിർന്ന ഉദ്യോഗസ്ഥനും ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മരണത്തെത്തുടർന്ന് ആശുപത്രിയിലുണ്ടായ അതിക്രമങ്ങളെ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു.

​ജീവൻ രക്ഷിക്കാൻ അടിയന്തര ചികിത്സ ഉറപ്പാക്കേണ്ട ഇടങ്ങളാണ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ. എന്നാൽ, സംസ്ഥാനത്തെ മിക്ക സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ തന്നെ ഇപ്പോൾ 'അടിയന്തര ചികിത്സ' അർഹിക്കുന്ന ശോചനീയാവസ്ഥയിലാണുള്ളത്. ​അത്യാഹിതം എന്നത് പലപ്പോഴും പേരിൽ മാത്രമായി ഒതുങ്ങുകയാണ്.

ഒ.പി വിഭാഗത്തിൽ ചികിത്സ തേടേണ്ട നിസ്സാര അസുഖങ്ങളുമായി പോലും ആളുകൾ കൂട്ടത്തോടെ കാഷ്വാലിറ്റിയിൽ എത്തുന്നത് അനിയന്ത്രിതമായ തിരക്കിന് കാരണമാകുന്നു .

അത്യാഹിത കേസുകൾക്കും മെഡിക്കോ-ലീഗൽ കേസുകൾക്കും പുറമെ ഇത്തരം രോഗികളെക്കൂടി ഒരേസമയം പരിശോധിക്കേണ്ടി വരുന്നത് ഡ്യൂട്ടിയിലുള്ള കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ജോലിഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. തന്മൂലം, ജീവൻമരണ പോരാട്ടത്തിൽ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത ദുരവസ്ഥയാണ് നിലവിലുള്ളത്.

​പ്രധാന ആശുപത്രികളിൽ 'ട്രയാജ്' സംവിധാനം അടിയന്തരമായി നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ ദൗർഭാഗ്യകരമായ സംഭവം വിരൽചൂണ്ടുന്നത്. രോഗികളുടെ അവസ്ഥയുടെ ഗൗരവം അനുസരിച്ച് അവരെ തരംതിരിക്കാനും, ഗുരുതരാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകി വേഗത്തിൽ ജീവൻരക്ഷാ ചികിത്സ ലഭ്യമാക്കാനും ട്രയാജ് സംവിധാനത്തിലൂടെ സാധിക്കും.

​അതോടൊപ്പം, അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കടുത്ത ക്ഷാമം ഈ പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇന്നലെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ അനിയന്ത്രിതമായ തിരക്കുണ്ടായിട്ടും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരേയൊരു ഡോക്ടർ മാത്രമായിരുന്നു. സംസ്ഥാനത്തെ മറ്റ് പ്രധാന ആശുപത്രികളിലേയും സ്ഥിതിഗതികൾ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

​പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് രണ്ട് മെഡിക്കൽ ഓഫീസർമാരെയെങ്കിലും നിയമിക്കണമെന്നും, ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്നും കെ.ജി.എം.ഒ.എ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കാഷ്വാലിറ്റിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ എന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News