പുണെ മാലിന്യ പ്ലാന്റ് ദുരന്തം: ഒരു മരണം
Punne, 10 ജൂലൈ (H.S.) പുണെ പിംപ്രി ചിഞ്ച്വാഡിലെ മോശിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ ദുരന്തത്തില്‍ ഒരു മരണം. ഫാക്ടറി കെട്ടിടത്തിന് മുകളിലേക്ക് മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍
accident


Punne, 10 ജൂലൈ (H.S.)

പുണെ പിംപ്രി ചിഞ്ച്വാഡിലെ മോശിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ ദുരന്തത്തില്‍ ഒരു മരണം. ഫാക്ടറി കെട്ടിടത്തിന് മുകളിലേക്ക് മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ എട്ട് പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒന്‍പത് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് 1.30നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുണെ നഗരത്തിന് സമീപമുള്ള ആസൂത്രിത നഗരപ്രദേശമായ മോശി പ്രധികരണിലാണ് സംഭവം. ഇവിടുത്തെ വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിന് മുകളിലേക്കാണ് മലപോലെ കിടന്നിരുന്ന പഴയ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണത്. നഗരസഭയ്ക്ക് വേണ്ടി മാലിന്യ സംസ്‌കരണം നടത്തുന്ന സ്വകാര്യ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. കനത്ത മഴകാരണം മാലിന്യക്കൂമ്പാരം കുതിര്‍ന്ന് മണ്ണിടിച്ചില്‍ പോലെ കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. ഈ സമയത്ത് 23 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബാക്കിയുള്ള 18 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

തുടര്‍ന്ന് നടന്ന ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഒന്‍പത് പേരെ ജീവനോടെ പുറത്തെടുത്തു. ഇവരെ യശ്വന്ത്‌റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കി എട്ട് പേര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍ഡിആര്‍എഫ്) സൈന്യത്തിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (പിസിഎംസി) അഗ്‌നിരക്ഷാ സേന, പിഎംആര്‍ഡിഎ, പൊലീസ് തുടങ്ങിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്.

മാലിന്യം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് കെട്ടിടം ഒരുവശത്തേക്ക് ചരിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നേരിട്ട് ഉള്ളിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ കെട്ടിടത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് സുരക്ഷിതമായ പാതയൊരുക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്.

എന്‍ഡിആര്‍എഫ്, സൈന്യം, പൊലീസ്, സിവിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനം പുരോഗിമിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News