Enter your Email Address to subscribe to our newsletters

New delhi, 10 ജൂലൈ (H.S.)
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കേസ് വാദിക്കാനെത്തിയ ആള്‍ ജഡ്ജിമാര്‍ക്കുനേരെ ആക്രോശിച്ചു. ഫയലുകളും പേപ്പറുകളും ജഡ്ജിമാര്‍ക്കുനേരെ വലിച്ചെറിഞ്ഞു. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥന്‍, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ചിനു മുമ്പാകെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രഭാല്‍ പ്രതാപ് എന്ന വ്യക്തി സ്വന്തമായി കേസ് വാദിക്കാനെത്തിയതായിരുന്നു. ഇയാള്‍ അഭിഭാഷകനായിരുന്നില്ല. ഒരു കേസുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി വിധി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇയാള്‍ സുപ്രീം കോടതിയില്‍ കേസ് വാദിക്കാന്‍ എത്തിയത്. കേസ് വാദത്തിനെടുത്തപ്പോള്‍ തന്നെ അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
'ലഖ്നൗ എ.സി.പി.ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ഞാന്‍ ഉത്തരവിടുന്നു' എന്ന് ഇയാള്‍ കോടതിയോട് പറഞ്ഞു. എന്നാല്‍, 'നിങ്ങള്‍ കോടതിയോട് ഉത്തരവിടുകയാണോ?' എന്ന് ജസ്റ്റിസ് വിശ്വനാഥന്‍ ചോദിച്ചു. തുടര്‍ന്ന് ഇയാള്‍ അസഭ്യവര്‍ഷം നടത്തുകയും പ്രകോപിതനാവുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന പേപ്പറുകള്‍ ജഡ്ജിമാര്‍ക്കുനേരെ വലിച്ചെറിയുകയും ചെയ്തു.
ഉടന്‍തന്നെ സുപ്രീം കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ കോടതിയില്‍നിന്ന് ബലംപ്രയോഗിച്ച് മാറ്റി. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ സുരക്ഷാ ജീവനക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളെ കോടതിയില്‍നിന്ന് പുറത്താക്കിയശേഷം മറ്റു കേസുകളുടെ നടപടികള്‍ സാധാരണനിലയില്‍ നടന്നു.
2025ല്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസ് എറിയുന്ന സംഭവവും സുപ്രീം കോടതിയില്‍ അരങ്ങേറിയിട്ടുണ്ട്. കേസ് പരാമര്‍ശിക്കുന്നതിനിടെയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെയാണ് ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്.
---------------
Hindusthan Samachar / Sreejith S