Enter your Email Address to subscribe to our newsletters

Wayanad, 10 ജൂലൈ (H.S.)
വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തിരച്ചില്‍ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങളാണ് ലഭിച്ചത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മന്ത്രിമാരായ എ.പി അനില്‍കുമാര്‍, ടി. സിദ്ധിഖ് എന്നിവര്‍ പ്രദേശത്ത് ക്യാംപ് ചെയ്യുന്നത് തുടരുകയാണ്. പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള കൊങ്കണ്‍ റെയില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. തുരങ്ക നിര്‍മാണം നടത്തുന്ന കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തില്‍പെട്ടത്.
ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകള്) തിരിച്ചാണ് തിരച്ചില് പുരോഗമിക്കുന്നത്. ഇതില് ഒന്നാം സോണില്‌നിന്നാണ് മൃതദേഹം ലഭിച്ചത്. ദുരന്തത്തിന് ഇരയായ രണ്ട് തൊഴിലാളികളെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിനായുള്ള തിരച്ചില് സജീവമായി തുടരുകയാണ്. കഡാവര് നായ്ക്കളടക്കം തിരിച്ചിലിന് എത്തിച്ചിട്ടുണ്ട്. കേരള പോലീസിന്റെ കൊച്ചി സിറ്റി കെ-9 സ്‌ക്വാര്ഡിലെ മായ, മര്ഫി എന്നീ നായ്ക്കളെയാണ് വയനാട്ടില് നിയോഗിച്ചിരിക്കുന്നത്. മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്ക്കിടയിലും കുടുങ്ങിയ മൃതദേഹങ്ങള് കണ്ടെത്താന് പരിശീലനം ലഭിച്ചവയാണു കഡാവര് നായ്ക്കള്‍. ആറടി മുതല് 15 അടി വരെ താഴ്ചയില്‌നിന്നു ത്വക്ക്, പല്ല്, രക്തം എന്നിവയുടെ നേരിയ ഗന്ധം പോലും ഇവ പിടിച്ചെടുക്കും.
ദുരന്തബാധിത പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇന്ന് സന്ദര്ശിക്കും. രക്ഷാപ്രവര്ത്തനങ്ങള് വിലയിരുത്തുന്ന ഇവര് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കും. എല്ഡിഎഫ് സര്ക്കാരിന്റെ കാലത്തെ പ്രധാന പദ്ധതികളിലൊന്നായ തുരങ്കപാതാ നിര്മാണ മേഖലയിലാണ് അപകടമുണ്ടായത് എന്നതിനാല് ഈ സന്ദര്ശനത്തിന് വലിയ പ്രാധാന്യമുണ്ട്.
അതിനിടെ മണ്ണിടിച്ചില് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന് സര്ക്കാര് രണ്ടംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. തുരങ്ക നിര്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എങ്ങനെയെന്നും, കേന്ദ്ര സര്ക്കാര് നല്കിയ അനുമതിയിലെ കര്ശന വ്യവസ്ഥകള് കരാര് കമ്പനി പാലിച്ചിട്ടുണ്ടോ എന്നും സമിതി വിശദമായി പരിശോധിക്കും. അന്വേഷണം പൂര്ത്തിയാകുന്നത് വരെ കള്ളാടി, ആനക്കാംപൊയില് എന്നിവിടങ്ങളിലെ തുരങ്കപാതാ നിര്മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിര്ത്തിവച്ചിരിക്കുകയാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് വലിയ വിമര്ശനങ്ങള് ഉയരുന്നുണ്ടെങ്കിലും തങ്ങള്ക്ക് ഇതില് പങ്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
---------------
Hindusthan Samachar / Sreejith S