Enter your Email Address to subscribe to our newsletters

Kozhikode , 11 ജൂലൈ (H.S.)
പ്രതികളെ പിടികൂടാൻ എത്തിയ പൊലീസുകാർക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു. കോഴിക്കോട് പെരുവയൽ കോടശേരി താഴത്താണ് പൊലീസിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.
നേരത്തെ പാലക്കാട് ഒറ്റപ്പാലത്തെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി എഴുപത് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പാലക്കാട് എസ്ഐടി അംഗങ്ങൾ പെരുവയലിലെ
കൊടശേരി താഴത്തുള്ള സ്വകാര്യ വില്ലയിൽ എത്തിയത്. വില്ലയുടെ താഴത്തെ നിലയിലെ മുറിയുടെ വാതിലിൽ മുട്ടിയ ഉടനെ പ്രതികൾക്ക് പൊലീസാണെന്ന് മനസിലാവുകയായിരുന്നു.
ഇതോടെ പ്രതികള് പൊലീസിന് നേരെ സ്ഫോടക വസ്തുക്കൾ എറിയുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ നാല് എസ്ഐടി അംഗങ്ങൾക്ക് പരിക്കേറ്റു. തുടർന്ന് വിവരമറിഞ്ഞ് മാവൂർ, കുന്ദമംഗലം പൊലീസ് സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് സ്ഥലത്തെത്തിപ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
സംഭവ സമയത്ത് അഞ്ചു പേരാണ് മുറിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ രണ്ടാം പ്രതിയായ വിഷ്ണു സൽമാൻ, ആട് ഷമീർ, ഡേവിസ്, ജാംസൺ എന്നിവരാണ് പിടിയിലായത്.
''കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് എത്തിയതാണ്. അപ്പോള് പ്രതികള് ലൈസൻസില്ലാത്തെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസ് സാഹസികമായി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു'' - എന്ന് മെഡിക്കല് കോളജ് സബ് ഡിവിഷണല് അസിസ്റ്റൻ്റ് കമ്മിഷണര് ബിജു പറഞ്ഞു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എത്തിയപ്പോള് ആക്രമിക്കപ്പെടുകയായിരുന്നുവെന്ന് പാലക്കാട് എസ്ഐടി അഷ്റഫ് വ്യക്തമാക്കി.
രണ്ടാഴ്ച മുൻപാണ് അഞ്ച് പേരും പെരുവയൽ കൊടശേരി താഴത്തെ വില്ലയിൽ താമസം ആരംഭിച്ചത്.നേരത്തെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ നാല് പേരും സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. ഇവർ എങ്ങനെയാണ് പെരുവയൽ വില്ലയിൽ എത്തിയതെന്ന് പരിശോധനയും പൊലീസ് ആരംഭിച്ചു.
കൂടാതെ ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത രണ്ട് തോക്കുകളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സ്ഫോടക വസ്തു വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പരിക്കേറ്റ നാല് പൊലീസുകാരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ മാവൂർ ചെറുപ്പ ഹെൽത്ത് യൂണിറ്റിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR