Enter your Email Address to subscribe to our newsletters

Kasaragod , 11 ജൂലൈ (H.S.)
മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി വിഡി സതീശൻ. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കമുള്ളവർ പൂർണകുംഭം നൽകിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ വിഡി സതീശൻ പങ്കെടുത്തു.
ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദർശനം. സെഡ്-പ്ലസ്' (Z-plus) സുരക്ഷാ അകമ്പടിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പൂജയ്ക്ക് ശേഷം മംഗളൂരു വഴി ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു.
ഇന്നലെ (ജൂലൈ 10) രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി മൂകാംബികയിൽ എത്തിയത്. ഗസ്റ്റ് ഹൗസിൽ ആയിരുന്നു താമസം. എല്ലാ മാസവും വിഡി സതീശൻ കൊല്ലൂരിൽ ദർശനം നടത്താറുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് മണിക്കൂറുകൾക്ക് മുമ്പും വിഡി സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തിയിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും ക്ഷേത്രത്തിലെത്തി: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചിരുന്നു. ജൂൺ 12ന് ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയോടെയായിരുന്നു ദർശനം. മംഗളൂരു വിമാനത്താവളത്തിൽ എത്തിയ വിജയ് അവിടെ നിന്ന് റോഡ് മാർഗമായിരുന്നു കൊല്ലൂരിലേക്കെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പൂജാരിമാരും ചേർന്നാണ് സ്വീകരിച്ചത്.
കലകളുടെയും അറിവിൻ്റെയും ദേവിയായ മൂകാംബികയെ ദർശിക്കുന്നത് ഐശ്വര്യദായകമാണെന്നാണ് രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വിശ്വാസം. ക്ഷേത്രത്തിനകത്തെ സ്വയംഭൂ ശിലയ്ക്ക് പുറകിലായാണ് പത്മപീഠത്തിൽ ഇരിക്കുന്ന മനോഹരമായ മൂകാംബികാ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്.
സ്വർണമാലകളും വിലപിടിപ്പുള്ള രത്നങ്ങളും മറ്റ് പുരാതന ആഭരണങ്ങളും പട്ടുടയാടകളും അണിയിച്ചാണ് ദേവിയെ ഒരുക്കിയിട്ടുള്ളത്. ചുറ്റും സുഗന്ധപൂരിതമായ പുഷ്പങ്ങളാൽ അലങ്കരിച്ച ദേവിയെ ഒന്ന് കാണാൻ അതിരാവിലെ നടതുറക്കുന്നത് മുതൽ ഭക്തരുടെ നീണ്ട നിരയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. അഭീഷ്ടകാര്യങ്ങൾ ദേവിക്ക് മുന്നിൽ സമർപ്പിച്ച് പ്രാർഥിച്ചാൽ ഉടനടി ഫലം ലഭിക്കുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.
സൗപർണികാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം ശങ്കരാചാര്യരുമായി അഭേദ്യമായ ബന്ധമുള്ള പുണ്യസ്ഥലം കൂടിയാണ്. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് കൊല്ലൂരിൽ എത്താറുള്ളതെങ്കിലും ഇവിടെ എത്തുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ്.
അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ എത്തുന്നത് ഏറ്റവും ശ്രേഷ്ഠമായാണ് ഹൈന്ദവ വിശ്വാസികൾ കരുതുന്നത്. അതുകൊണ്ടുതന്നെ വർഷം മുഴുവനും പ്രത്യേകിച്ച് നവരാത്രി ഉത്സവ കാലങ്ങളിൽ ആയിരക്കണക്കിന് മലയാളികളാണ് ഇവിടെ എത്തി വിദ്യാരംഭം കുറിക്കുന്നത്. കലാരംഗത്ത് പ്രവർത്തിക്കുന്നവരും വിദ്യാർഥികളും തങ്ങളുടെ പുതിയ കാൽവയ്പ്പുകൾക്ക് മുന്നോടിയായി മൂകാംബികാ സന്നിധിയിൽ എത്തി പ്രാർഥിക്കുന്നത് പതിവാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR