Enter your Email Address to subscribe to our newsletters

Ernakulam , 11 ജൂലൈ (H.S.)
പുതുവൈപ്പിൽ വള്ളം മറിഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചത് പുതുവൈപ്പ് സ്വദേശികളായി ദേവസി, സാബു എന്നിവർ. മത്സ്യബന്ധനത്തിനിടെയാണ് അപകടം. സംഘം വള്ളവുമായി കടലിൽ പോയത് ഇന്ന് (ജൂലൈ 11) പുലർച്ചെ 6 മണിക്ക്.
വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളെ മറ്റ് വള്ളങ്ങളിലെത്തിയ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ മറ്റ് തൊഴിലാളികളെ ഉടനടി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച ദേവസി, സാബു എന്നിവരുടെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ കടലിൽ ഉണ്ടായ ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് വള്ളം മറിയാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനായി എത്തിയതുകൊണ്ടാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറക്കാനായത്. കടലിൽ വീണ തൊഴിലാളികളെ ഉടൻ തന്നെ സുരക്ഷിതമായി മറ്റൊരു ബോട്ടിൽ കയറ്റി കരയിലേക്ക് എത്തിക്കുകയായിരുന്നു.
തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന ഊർജിതമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ കഴിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. തീരദേശ പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. പുതുവൈപ്പ് തീരത്തെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിൽ പ്രദേശവാസികളും മത്സ്യത്തൊഴിലാളി യൂണിയനുകളും അഗാദമായ ദുഃഖം രേഖപ്പെടുത്തി. സുരക്ഷിതമായ മത്സ്യബന്ധന ഉപാധികളെക്കുറിച്ചും കടലിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും വീണ്ടും ചർച്ചകൾ സജീവമാക്കുന്നതാണ് ഈ ദാരുണ സംഭവം.
കഴിഞ്ഞ മാസം മലപ്പുറം പരപ്പനങ്ങാടി ഹാർബറിന് സമീപം മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം നടന്നിരുന്നു. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ തൊഴിലാളികളെയും രക്ഷിച്ചു. ശക്തമായ തിരമാലകളിൽപ്പെട്ട് വള്ളം തിലകീഴായി മറിയുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത് മൂലം ഒഴിവായത് വൻ ദുരന്തമാണ്. അതേസമയം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കടലിൽ പോവരുതെന്നും കാലാവസ്ഥാ വകുപ്പ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR