Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ജൂലൈ (H.S.)
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വര്ണത്തിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇതോടെ ഒരു പവന് സ്വര്ണത്തിന് 1,05,840 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. രണ്ട് ദിവസമായി സ്വര്ണനിരക്ക് കുതിച്ച് ഉയര്ന്നതിന് പിന്നാലെയാണ് ഇന്ന് വില ഇടിഞ്ഞത്.
ഇന്നലെ ഗ്രാമിന് 35 രൂപ വര്ധിച്ചത് 13,275 രൂപയും പവന് 1,06,200 രൂപയുമായുമായിരുന്നു വിപണി വില. സ്വർണവില കുറയുന്നത് സാധാരണക്കാർക്കും ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ട് പണമിറക്കിയവർക്ക് നിലവിലെ വിപണിയിലെ മാറ്റങ്ങൾ നിരാശ പകരുന്നതാണ്. വരും ദിവസങ്ങളിലും സ്വർണ വിപണിയിൽ സമാനമായ ഏറ്റക്കുറച്ചിലുകൾ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
വിവിധ കാരറ്റുകളിലെ നിരക്ക്
സംസ്ഥാനത്തെ വിപണികളിൽ 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 10,875 രൂപയും പവന് 87,000 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 8,470 രൂപയും പവന് 67,760 രൂപയുമായി വില മാറി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,460 രൂപയും പവന് 43,680 രൂപയുമാണ് ഇന്നത്തെ വിപണി വില.
വെള്ളിവിലയും താഴോട്ട്
സ്വർണവിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില നിലവിൽ 235 രൂപയാണ്. പത്ത് ഗ്രാം വെള്ളിക്ക് 2,350 രൂപയാണ് വിപണി നിരക്ക്. സ്വർണം പോലെതന്നെ ആവശ്യക്കാർ ഏറെയുള്ള ലോഹമാണ് വെള്ളി. വില കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് വെള്ളി ആഭരണങ്ങൾ വാങ്ങാൻ ഉചിതമായ സമയമാണിപ്പോൾ. വ്യവസായിക ആവശ്യങ്ങൾക്കും വെള്ളി വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വരും ദിവസങ്ങളിലെ വിപണി ചലനങ്ങൾ നിർണായകമാണ്.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ആഗോള തലത്തിൽ യുഎസ് ഡോളർ ശക്തി പ്രാപിച്ചതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളുമാണ് സ്വർണവില കുത്തനെ കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്.
യുഎസ് ഡോളറിൻ്റെ മൂല്യം ഉയരുമ്പോൾ മറ്റ് രാജ്യങ്ങളിലെ നിക്ഷേപകർക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതായി മാറുകയും ഇത് ആഗോള വിപണിയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിനുപുറമെ ഇന്ത്യൻ വിപണികളിൽ സ്വർണത്തിൻ്റെ ഇറക്കുമതിക്ക് ഡിമാൻഡ് കുറഞ്ഞതും ആളുകൾ ഉയർന്ന വില കണ്ട് കൈവശമുള്ള പഴയ സ്വർണം വിറ്റ് പണമാക്കാൻ തയാറാകുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണവില നിർണയിക്കുന്നതിൽ നിർണായകമാണ്.
ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ വാങ്ങുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.
അതിനാൽ സ്വർണം വാങ്ങുമ്പോൾ പണിക്കൂലിയിലെ വ്യത്യാസം ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. സ്വർണത്തിൻ്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി ബിഐഎസ് ഹോൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രം വാങ്ങാൻ എപ്പോഴും ശ്രദ്ധിക്കണം. വ്യാജ ഹോൾമാർക്കിങ് തടയാൻ എച്ച്യുഐഡി നമ്പർ പരിശോധിക്കുന്നതും ഗുണകരമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR