Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ജൂലൈ (H.S.)
യുഡിഎഫ് സർക്കാർ 50 ദിവസം പിന്നിടുമ്പോൾ പ്രവർത്തന പ്രോഗ്രസ് റിപ്പോർട്ടുമായി ആരോഗ്യ വകുപ്പ്. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയോട് ചേർന്ന് ആരംഭിക്കുന്ന പുതിയ സർക്കാർ മെഡിക്കൽ കോളജിന് കെ കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളജ് എന്നു നാമകരണം ചെയ്യുമെന്നും പ്രവേശന നടപടികൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിലാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജിൽ മൃതദേഹം കീറിമുറിക്കാതെയുള്ള വിർച്വൽ ഓട്ടോപ്സി സൗകര്യം ഏർപ്പെടുത്തുമെന്നും റിപ്പോർട്ടിലുണ്ട്. പഠനാവശ്യത്തിന് സർക്കാർ മെഡിക്കൽ കോളജുകളിൽ മതിയായ മൃതദേഹം ലഭിക്കാത്ത സാഹചര്യത്തിൽ വിർച്വൽ ഓട്ടോപ്സി സൗകര്യം കൊണ്ടുവരണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കെയാണ് പുതിയ തീരുമാനം പ്രഖ്യാപിക്കപ്പെടുന്നത്. താമരശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തി സ്റ്റാഫ് പാറ്റേൺ അനുവദിക്കുമെന്നും പേരാമ്പ്രയിൽ മൊബൈൽ ട്രൈബൽ യൂണിറ്റ് സ്ഥാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്പെഷ്യലിസ്റ്റുകളുടെ സേവനം താലൂക്ക് ആശുപത്രി മുതൽ മുകളിലേക്ക് ആവശ്യമുള്ള സ്ഥാലങ്ങളിൽ മാത്രമായി നിജപ്പെടുത്തും. എല്ലാ പിജി വിദ്യാർത്ഥികൾക്കും റസിഡൻസി ചെയ്യാൻ ആവശ്യമായ സീറ്റുകൾ സൃഷ്ടിക്കും. റസിഡൻസി അവരുടെ ജില്ലകളിൽ നൽകാനും മൂന്നുമാസം ഒറ്റപ്പെട്ട മേഖലകളിലും മൂന്നുമാസം ഗ്രാമീണ മേഖലകളിലും ചെയ്യാനുള്ള നിയമം കൊണ്ടുവരും. വിദേശത്ത മെഡിക്കൽ പഠനം പൂർത്തിയാക്കുന്നവർക്ക് തിരിച്ചെത്തിയാലുടൻ ഹൗസ് സർജൻസി ചെയ്യാനുള്ള അവസരം നൽകും. അവരെയും ഗ്രാമപ്രദേശങ്ങളിൽ സേവനത്തിന് വിനിയോഗിക്കും. താലൂക്ക്, ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് ഹൗസ് സർജൻമാരെ നിയമിക്കും.
ഇതര സംസ്ഥാനങ്ങളിൽ പഠിച്ചുവന്നിരുന്ന നഴ്സിങ് വിദ്യാർത്ഥികൾക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുണ്ടായിരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ കർശന നടപടിയെടുക്കും. ആരോഗ്യ വകുപ്പിലെ എല്ലാ ഒഴിവുകളും സമയബന്ധിതമായി പിഎസ്സി വഴി നികത്തും. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ലഭിക്കുന്ന എല്ലാ പരാതികളും പരിഹരിക്കാൻ എഐ സാങ്കേതികവിദ്യയിൽ അധിഷ്ഠിത സംവിധാനം നടപ്പാക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൈലറ്റ് വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അധികമുള്ള രോഗികൾക്ക് കിടപ്പുസൗകര്യം നൽകുന്നതിന് പുലയനാർകോട്ട ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി കെ മുരളീധരൻ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിലുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR