Enter your Email Address to subscribe to our newsletters

Wayanad , 11 ജൂലൈ (H.S.)
കളളാടി മണ്ണിടിച്ചിലില് കാണാതായ ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണയ്ക്കായി ഇന്ന് തീവ്ര പരിശോധനയെന്ന് മന്ത്രി ടി സിദ്ദിഖ്. എല്ലാ വിധ സംവിധാനങ്ങളോടയുള്ള 50 അംഗ സംഘം പാലത്തിനടുത്തുള്ള മൺകൂന നീക്കിയും പുഴയിലും വ്യാപക തെരച്ചിൽ നടത്തും. സോണ് ടു ഭാഗത്ത് കൂട്ടി ഇട്ടിരിക്കുന്ന മണ്ണ് മുഴുവനായും മാറ്റി പരിശോധന നടത്താനുള്ള നടപടികള് പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നടക്കുന്ന പരിശോധനയില് കണ്ടെത്താന് കഴിയുമെന്നാണ് എന്ഡിആര്എഫിൻ്റെയും പ്രാദേശികരുടെയും നിരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല് സ്വദേശിക്കായി ഇന്നലെ പുഴയുടെ മേല്ത്തട്ടില് പരിശോധന നടന്നത് കൊണ്ട് മുകളിലെ വെള്ളവും മണ്ണും വന്തോതില് താഴേക്ക് പതിച്ചിട്ടുണ്ട്. നിലവില് വെള്ളം കലങ്ങിയ നിലയിലാണ് ഉള്ളത്. അതുകൊണ്ട് താഴേത്തട്ടില് പരിശോധന നടത്തുന്നതിനായി മുകളിലെ പരിശോധന പൂര്ണമായും നിര്ത്തി വച്ച് വെള്ളം തെളിഞ്ഞതാക്കാന് ശ്രമിക്കും. ശേഷം താഴേത്തട്ടില് പരിശോധന നടത്തുന്നതാണ്. അടിഭാഗത്തേക്ക് ഒഴുകിപോയോ എന്ന് അറിയുന്നതിനായി പുഴയിലെ മണ്തിട്ട ഇളക്കിയുള്ള പരിശോധനയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ദുരന്തമുണ്ടായ സ്ഥലത്തേക്കുള്ള അനാവശ്യ സന്ദർശകരെ നിയന്ത്രിക്കാൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. മീനാക്ഷി പാലത്തിൽ കയർകെട്ടി വാഹനങ്ങൾക്കും ജനങ്ങള്ക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികവാസികളെയും തെരച്ചിലുമായി ബന്ധപ്പെട്ടവരെയും മാത്രമേ പാലത്തിന് അക്കരെ കടത്തിവിടുന്നുള്ളൂ. ചൂരൽമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളും മീനാക്ഷിപ്പാലം കടത്തിവിടുന്നില്ല. ബസിലെത്തുന്നവരെ താഞ്ഞിലോട് മുസ്ലിംപള്ളിക്കു സമീപം ആളെ ഇറക്കിയാൽ ജീപ്പിൽ പാലത്തിൻ്റെ മറുകരയെത്തിക്കുകയാണ് ചെയ്യുന്നത്.
തുരങ്കപാത പദ്ധതിപ്രദേശത്തിനു സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 18 പേരാണ് അപകടത്തിലുൾപ്പെട്ടത്. കഴിഞ്ഞ ദിവസം ചൂരൽമലയിലെ കാരുണ്യ റെസ്ക്യൂ ടീമും തെരച്ചിലിൽ പങ്കെടുത്തിരുന്നു. ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയുക്ത പരിശ്രമമാണ് കള്ളാടിയിലെ രക്ഷാപ്രവർത്തനത്തിന് ശക്തിപകരുന്നത്.
ഓരോ സംഘവും തങ്ങളാൽ കഴിയുന്ന വിധത്തിൽ തെരച്ചിലിന് പിന്തുണ നൽകുമ്പോൾ, അവസാനമായി കാണാതായ ആളെ കണ്ടെത്താനുള്ള പ്രതീക്ഷയോടെയാണ് കള്ളാടിയിലെ രക്ഷാദൗത്യം തുടരുന്നത് അപകടത്തെ തുടർന്ന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR