Enter your Email Address to subscribe to our newsletters

Alappuzha , 11 ജൂലൈ (H.S.)
ദേശീയപാത 66 ൽ കായംകുളത്ത് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും എലവേറ്റഡ് ഹൈവേയല്ലാതെ മറ്റൊരു മാർഗ്ഗവും യോജിച്ചതല്ലെന്ന് മന്ത്രി എം ലിജു. ദേശീയ പാതാ 66 വികസന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ എംപി കെസി വേണുഗോപാൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് കായംകുളം എൽഎൽഎ കൂടിയായ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ദേശീയപാതയുടെ നിലവിലെ അശാസ്ത്രീയ നിർമാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കുമെന്നും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.
കൊല്ലം-ആലപ്പുഴ ജില്ലകള്ക്കിടയിലെ പ്രധാന നഗരങ്ങളിലൊന്നായ കായംകുളം, ദേശീയപാതയെയും റെയില്വെ സ്റ്റേഷനെയും ജലഗതാഗതത്തെയും ബന്ധിപ്പിക്കുന്ന പ്രധാനകണ്ണി കൂടിയാണ്. ഇവിടെ നടക്കുന്ന ദേശീയപാതയുടെ നിലവിലെ നിർമാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കും.
ജനങ്ങൾ നിത്യജീവിതത്തിൽ ആശ്രയിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, അഗ്നിരക്ഷാനിലയം സ്ഥാപനങ്ങൾ നഗരത്തിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുക. ഒപ്പം, വ്യാപാരമേഖലയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകും.
മാത്രമല്ല, 2004 ൽ അപ്രതീക്ഷിതമായി സുനാമി ആഞ്ഞടിച്ചപ്പോൾ നേരിട്ട് ബാധിക്കപ്പെട്ട പ്രദേശമാണ് കായംകുളത്തിന്റെ പടിഞ്ഞാറൻ മേഖല. അശാസ്ത്രീയമായ നിലവിലെ നിർമാണം തുടർന്നാൽ പടിഞ്ഞാറൻ മേഖലയുമായുള്ള ബന്ധം വെട്ടിമുറിക്കപ്പെടുകയും അവിടെനിന്ന് കിഴക്കുഭാഗത്തെ ആശുപത്രിയിലെത്താൻ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ടിയും വരും.
ഈ സാഹചര്യം മുൻനിർത്തി കായംകുളം നഗരത്തെ ഇങ്ങനെ വെട്ടിമുറിക്കുന്ന അശാസ്ത്രീയ നിർമാണത്തിന് പകരം പില്ലറുകളിൽ എലവേറ്റഡ് ഹൈവെ നിർമിക്കേണ്ടതുണ്ട്. കായംകുളം ഷഹീദാർ മസ്ജിദ് മുതൽ മുക്കട ജംഗ്ഷൻ വരെ ഒരു എലിവേറ്റഡ് ഹൈവേ സൗകര്യം ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് മന്ത്രി യോഗത്തെ അറിയിച്ചത്.
കാൽനടയാത്രക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, അടിയന്തര സേവന വാഹനങ്ങൾ (ആംബുലൻസ് പോലുള്ളവ) തുടങ്ങിയവ നേരിടുന്ന ഗതാഗതക്കുരുക്ക് എന്ന ബുദ്ധിമുട്ടിനും ഇത് പരിഹാരമുണ്ടാക്കും. കൂടാതെ, റോഡ് സുരക്ഷ വർധിപ്പിക്കുകയും ചെയ്യും.
ചേർത്തലയിൽ അടുത്തിടെ ദേശീയപാത 66ലെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവം, സമാനമായ താഴ്ന്ന പ്രദേശങ്ങളിൽ മൺതിട്ടകൾ ഉപയോഗിച്ചുള്ള ഹൈവേ നിർമ്മാണത്തിന്റെ സുരക്ഷയെയും ഈടുനിൽപ്പിനെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ദീർഘകാല സുരക്ഷയും പ്രതിരോധശേഷിയും നൽകുന്ന എഞ്ചിനീയറിംഗ് പരിഹാരങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരു വിശദമായ സാധ്യതാ പഠനം നടത്തേണ്ടത് അനിവാര്യമാണ്. ഗതാഗതം, മണ്ണിന്റെ അവസ്ഥ, ഡ്രെയിനേജ് (ഓടകൾ), തീരദേശ ദുർബലത എന്നിവ കണക്കിലെടുത്ത് നിലവിൽ നിർദ്ദേശിച്ചിട്ടുള്ള അശാസ്ത്രീയമായ രൂപകൽപ്പന പുനഃപരിശോധിക്കേണ്ടതുണ്ട്.
അന്തിമ അലൈൻമെന്റും രൂപകൽപ്പനയും നിശ്ചയിക്കുന്നതിന് മുൻപായി പ്രാദേശിക ജനപ്രതിനിധികളുമായും സാങ്കേതിക വിദഗ്ധരുമായും കൂടിയാലോചനകൾ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒപ്പം, അശാസ്ത്രീയ നിർമാണം മൂലം ദേശീയ പാതയുടെ ഇരുവശങ്ങളിലുമായി രൂപപ്പേട്ട വെള്ളക്കെട്ട് മാറാനുള്ള പരിഹാരമാർഗങ്ങൾ ഹ്രസ്വകാല- ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരമാർഗങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദേശീയ പാതാ അതോറിറ്റി അംഗം കെ വെങ്കട രമണ, പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള ഐഎഎസ് തുടങ്ങിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR