കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും ഊർജിതം
Wayanad , 11 ജൂലൈ (H.S.) കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും ഊർജിതം. ദുരന്തമേഖലയിലെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് നിലവിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. വൻ ദുരന്തം വിതച
WAYANAD LANDSLIDE RESCUE OPERATION


Wayanad , 11 ജൂലൈ (H.S.)

കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും ഊർജിതം. ദുരന്തമേഖലയിലെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് നിലവിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. വൻ ദുരന്തം വിതച്ച പ്രദേശത്തുനിന്ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഏഴുപേരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെടുത്തത്.

തുടർച്ചയായി പെയ്ത മഴയും പ്രതികൂല കാലാവസ്ഥയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ കാലാവസ്ഥ അനുകൂലമായത് തെരച്ചിൽ കൂടുതൽ വേഗത്തിലാക്കാൻ സഹായിച്ചു. അടുത്ത നാല് ദിവസത്തേക്ക് ജില്ലയിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുംതന്നെ കാലാവസ്ഥ വകുപ്പ് നൽകിയിട്ടില്ല.

ഈ സാഹചര്യത്തിൽ പരമാവധി വേഗത്തിൽ തെരച്ചിൽ പൂർത്തിയാക്കാനാണ് ദൗത്യസംഘം ലക്ഷ്യമിടുന്നത്. ഇതിനിടെ വയനാട്ടിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മിക്കയിടങ്ങളിലെയും നിയന്ത്രണങ്ങൾ അധികൃതർ നീക്കി. എന്നാൽ ദുരന്തം നടന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇപ്പോഴും സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്.

ദുരന്തമേഖലയെ വിവിധ സോണുകളായി തിരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. ഇതിൽ രണ്ടാം സോണിലാണ് വിക്രം റാണ ഉൾപ്പെട്ടിട്ടുള്ളതെന്ന നിഗമനത്തിലാണ് തെരച്ചിൽ ഈ ഭാഗത്തേക്ക് മാറ്റിയത്. മറ്റു സ്ഥലങ്ങളിലെ മണ്ണും പാറക്കല്ലുകളും മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഇതിനകം നീക്കം ചെയ്ത് പരിശോധന പൂർത്തിയാക്കിയിരുന്നു.

ഇതിനുപുറമെ പുഴയുടെ താഴ്ഭാഗങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ തെരച്ചിൽ നടക്കുന്നുണ്ട്. വിക്രം റാണയെ കണ്ടെത്താനായാൽ ഈ മേഖലയിലെ പ്രധാന രക്ഷാദൗത്യം അവസാനിക്കും. അഞ്ചാം ദിവസവും പ്രിയപ്പെട്ടവനായി കണ്ണീരോടെ കാത്തിരിക്കുന്ന വിക്രം റാണയുടെ കുടുംബത്തിൻ്റെ അവസ്ഥ ഏറെ ഹൃദയഭേദകമാണ്. പ്രദേശത്തെ ഒരു എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തം ശക്തമാകുകയാണ്. വയനാട് തുർക്കി ജീവൻ രക്ഷാ സമിതിയാണ് ഇന്ന് ദുരന്തമേഖലയിൽ തെരച്ചിലിന് നേതൃത്വം നൽകിയത്. രാവിലെ 9.30ഓടെയാണ് സമിതിയുടെ നേതൃത്വത്തിലുള്ള സംഘം കള്ളാടിയിലെ തെരച്ചിലിൽ പങ്കുചേർന്നത്.

മണ്ണിടിച്ചിലുണ്ടായ മീനാക്ഷിപ്പാലം മുതൽ കാന്തൻപാറ വരെ ഏകദേശം എട്ട് കിലോമീറ്റർ ദൂരത്തിലാണ് സംഘം പരിശോധന നടത്തിയത്. വൈകിട്ട് 4.30 വരെ നീണ്ട തെരച്ചിലിൽ പുഴയോരവും അപകടസാധ്യതയുള്ള മേഖലകളും വിശദമായി പരിശോധിച്ചു. ശിഹാബ്, ഹംസ, നിഷാദ്, ഹാരിസ്, അനൂപ്, നിഷാത്, ഹർഷൽ എന്നിവരുൾപ്പെടുന്ന 11 അംഗ സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. ദുരന്തമേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തിയും രക്ഷാസേനയുമായി ഏകോപനം നടത്തിയുമായിരുന്നു പ്രവർത്തനം. ഇത്തരം സന്നദ്ധ സംഘടനകളുടെ സേവനം തെരച്ചിലിന് കൂടുതൽ കരുത്ത് പകർന്നതായി മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.

കഴിഞ്ഞ ദിവസം ചൂരൽമലയിലെ കാരുണ്യ റെസ്ക്യൂ ടീമും തെരച്ചിലിൽ പങ്കെടുത്തിരുന്നു. ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയുക്ത പരിശ്രമമാണ് കള്ളാടിയിലെ രക്ഷാപ്രവർത്തനത്തിന് ശക്തിപകരുന്നത്. ഓരോ സംഘവും തങ്ങളാൽ കഴിയുന്ന വിധത്തിൽ തെരച്ചിലിന് പിന്തുണ നൽകുമ്പോൾ, അവസാനമായി കാണാതായ ആളെ കണ്ടെത്താനുള്ള പ്രതീക്ഷയോടെയാണ് കള്ളാടിയിലെ രക്ഷാദൗത്യം തുടരുന്നത്.

പഠനത്തിനായി വിദഗ്ധ സമിതിമണ്ണിടിച്ചിലിൻ്റെ യഥാർഥ കാരണങ്ങളും ഭാവിയിലെ അപകടസാധ്യതകളും ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി സർക്കാർ നിയോഗിച്ച പ്രത്യേക വിദഗ്ധ സമിതിയും ഉടൻ സ്ഥലം സന്ദർശിക്കും. കോഴിക്കോട് എൻ.ഐ.ടിയിലെ പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റിലെ എൻജിനീയർ ഡോ. ജൂഡ്, എൻ.സി.ഇ.എസ്.എസ് പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി.

ദുരന്തബാധിത പ്രദേശത്തിൻ്റെ നിലവിലെ ഭൂമിശാസ്ത്രപരമായ അവസ്ഥയും ഇനി സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച് സമിതി വിശദമായ പരിശോധന നടത്തും. മണ്ണ് മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായ ശേഷം വിദഗ്ധ സമിതി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും മേഖലയിലെ തുടർനടപടികൾ തീരുമാനിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News