Enter your Email Address to subscribe to our newsletters

Trissur , 11 ജൂലൈ (H.S.)
ലഹരിമാഫിയയുടെ വേരറുക്കും വരെ സംസ്ഥാന സർക്കാർ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചാലക്കുടി കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ 'കാർമൽ യുണൈറ്റ്സ് ഫോർ ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെയും 'കാർമൽ വാരിയേഴ്സ്' ലഹരിവിരുദ്ധ ഹ്രസ്വചിത്ര പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പുതിയ തലമുറയെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റുന്ന മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള ഒരു യുദ്ധമാണിത്. ലോകം മുഴുവൻ ലഹരിമാഫിയ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ.
നമ്മുടെ കുട്ടികൾ ജീവിതത്തിൽ ഒരിക്കലും ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയുമായി മുന്നോട്ടുപോയേ പറ്റൂ. ജീവിതമാണ് ലഹരി, മയക്കുമരുന്നല്ല ലഹരി തരുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവണം. നമ്മുടെ ജീവിതത്തെ കാർന്നുതിന്നുന്ന ലഹരിപദാർത്ഥങ്ങളിൽ നിന്ന് മോചനം വേണമെങ്കിൽ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെതിരെ പ്രവർത്തിക്കണം. കുട്ടികളെ ചതിക്കുഴിയിൽ വീഴ്ത്താനുള്ള ശ്രമങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴുമെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
പതിനായിരത്തിലധികം പേർ അണിനിരക്കുന്ന സിഗ്നേച്ചർ കാമ്പയിനും കാർമൽ സ്കൂളിൽ തുടക്കം കുറിച്ചു.
കാർമൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ. ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി സി.എം.ഐ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജു ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് അവതരിപ്പിച്ച സ്കിറ്റും എൻ.എസ്.എസിന്റെ നേതൃത്വത്തിൽ തെരുവ് നാടകവും അരങ്ങേറി.
ബെന്നി ബെഹനാൻ എം.പി, ചാലക്കുടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ആലീസ് ഷിബു, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, തൃശൂർ റൂറൽ ജില്ലാ പൊലീസ് ചീഫ് മുഹമ്മദ് നദീമുദ്ദീൻ, പ്രിൻസിപ്പൽ റവ. ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ സി.എം.ഐ, സ്റ്റാഫ് സെക്രട്ടറി ടി.ഡി. ബൈജു,
പി.ടി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. സിനോജ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR