ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെയും സമുദ്ര ഉഷ്ണതരംഗങ്ങളുടെയും പശ്ചാത്തലത്തിൽ അടുത്ത വർഷം രാജ്യത്ത് മത്തിയുടെ ലഭ്യതയിൽ വൻ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആർഐ മുന്നറിയിപ്പ്.
Ernakulam , 11 ജൂലൈ (H.S.) ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെയും സമുദ്ര ഉഷ്ണതരംഗങ്ങളുടെയും പശ്ചാത്തലത്തിൽ അടുത്ത വർഷം രാജ്യത്ത് മത്തിയുടെ ലഭ്യതയിൽ വൻ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) മുന്നറിയിപ്പ്. ഒക്ടോബർ,
SARDINE AVAILABILITY INDIA


Ernakulam , 11 ജൂലൈ (H.S.)

ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെയും സമുദ്ര ഉഷ്ണതരംഗങ്ങളുടെയും പശ്ചാത്തലത്തിൽ അടുത്ത വർഷം രാജ്യത്ത് മത്തിയുടെ ലഭ്യതയിൽ വൻ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (സിഎംഎഫ്ആർഐ) മുന്നറിയിപ്പ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്ന് കരുതുന്ന എൽ നിനോ പ്രതിഭാസത്തിൻ്റെ പ്രത്യാഘാതം അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് വ്യക്തമാക്കി.

ദേശീയ മത്സ്യകർഷക ദിനത്തോടനുബന്ധിച്ച് സിഎംഎഫ്ആർഐ ആസ്ഥാനത്ത് സംഘടിപ്പിച്ച മത്സ്യകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചു വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ കേരള തീരമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മത്തിയുടെ ലഭ്യത കൂടുതലാണ്. എന്നാൽ ശാസ്ത്രലോകം പ്രവചിക്കുന്നതുപോലെ എൽ നിനോ സംഭവിക്കുകയാണെങ്കിൽ അത് വരും വർഷത്തെ മത്തിലഭ്യതയെ സാരമായി ബാധിക്കും.

കടലിലെ അനിയന്ത്രിതമായ താപതരംഗങ്ങളും പെട്ടെന്നുണ്ടാകുന്ന താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മത്സ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത്. ഇത് രാജ്യത്താകെയുള്ള സമുദ്രമത്സ്യ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ വൻതോതിലുള്ള നാശത്തിന് വഴിവയ്ക്കും. ഇത് ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന പ്രധാനപ്പെട്ട മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും അവയുടെ ലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ കൂട്ടിച്ചേർത്തു. കേരളത്തിലെ സാധാരണക്കാരുടെ പ്രധാന ഭക്ഷണമായ മത്തിയുടെ ലഭ്യത കുറയുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും വിപണിയെയും സാരമായി ബാധിക്കുന്ന വിഷയമാണ്. അതിനാൽ കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടാൻ ശാസ്ത്രീയമായ മുൻകരുതലുകൾ അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു.

മത്സ്യകർഷകർ ജാഗ്രത പാലിക്കണംഎൽ നിനോ ഉയർത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കുമായി ഈ വർഷം തന്നെ സിഎംഎഫ്ആർഐ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കും. കടുത്ത വേനൽച്ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായലുകളിലും പെട്ടെന്നുള്ള ലവണത്വ വ്യതിയാനങ്ങൾക്ക് കാരണമാകും. ഇത് പരമ്പരാഗത മത്സ്യകൃഷിയെയും ഉൾനാടൻ ജലാശയങ്ങളിലെ കൃഷിയെയും സാരമായി ബാധിക്കാനിടയുള്ളതിനാൽ തീരദേശ മത്സ്യകർഷകർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ശാസ്ത്രജ്ഞർ നിർദേശിച്ചു.

ദേശീയ മത്സ്യകർഷക ദിനാചരണ ചടങ്ങിൽ തീരദേശ മത്സ്യകൃഷി, ഉൾനാടൻ കൂട് കൃഷി, ഗുണമേന്മയുള്ള മത്സ്യവിത്തുത്പാദനം, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണവും അതുവഴിയുള്ള തീറ്റ നിർമാണവും, മത്സ്യകർഷകർക്കായി സർക്കാർ നൽകുന്ന വിവിധ സബ്സിഡികൾ എന്നിവയെക്കുറിച്ച് സിഎംഎഫ്ആർഐയിലെ മുതിർന്ന ശാസ്ത്രജ്ഞർ കർഷകർക്ക് ആവശ്യമായ സാങ്കേതിക മാർഗനിർദേശങ്ങൾ നൽകി.

ചടങ്ങിൽ ഡോ. ഇമെൽഡ ജോസഫ്, ഡോ. ബോബി ഇഗ്നേഷ്യസ്, ഡോ. രമ മധു, ഡോ. ഷോജി ജോസഫ്, ഡോ. സുരേഷ് ബാബു പി പി, ഡോ. സാജു ജോർജ്, ഡോ. അനുരാജ് എ, ഡോ. അംബരീഷ് പി ഗോപ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. കേരളത്തിൻ്റെ വിവിധ തീരപ്രദേശങ്ങളിൽ നിന്നുള്ള ഇരുന്നൂറ്റമ്പതിലേറെ മത്സ്യകർഷകർ പങ്കെടുത്ത സംഗമത്തിൽ കൂടുമത്സ്യ കൃഷിയിൽ വിജയഗാഥ രചിച്ച കർഷകർ തങ്ങളുടെ പ്രായോഗിക അനുഭവങ്ങളും വെല്ലുവിളികളും പങ്കുവച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News