മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീതിയിൽ എരുമത്തടം നിവാസികൾ
Palakkad , 11 ജൂലൈ (H.S.) ടൺ കണക്കിന് മണ്ണാണ് നാലാൾ ഉയരത്തിലുളളത്... ഉരുളൻ കല്ലുകൾ വേറെയും. വയനാട്ടിലെ കളളാടിയിലുണ്ടായ ദുരന്തം ഇവിടെ ആവർത്തിക്കാത്തിരിക്കാനുളള പ്രാർഥനയിലാണ് പാലക്കാട് പട്ടാമ്പി കൊപ്പം ആമയൂർ എരുമത്തടം ഓടുപാറ ഗ്രാമവാസികൾ. മഴ തുടങ്ങിയ
LANDSLIDE FEAR MONSOON


Palakkad , 11 ജൂലൈ (H.S.)

ടൺ കണക്കിന് മണ്ണാണ് നാലാൾ ഉയരത്തിലുളളത്... ഉരുളൻ കല്ലുകൾ വേറെയും. വയനാട്ടിലെ കളളാടിയിലുണ്ടായ ദുരന്തം ഇവിടെ ആവർത്തിക്കാത്തിരിക്കാനുളള പ്രാർഥനയിലാണ് പാലക്കാട് പട്ടാമ്പി കൊപ്പം ആമയൂർ എരുമത്തടം ഓടുപാറ ഗ്രാമവാസികൾ. മഴ തുടങ്ങിയതോടെ കൊപ്പം ഗ്രാമപ്പഞ്ചായത്തിലെ ആമയൂർ എരുമത്തടം നിവാസികൾ ഭീതിയിലാണ്. വയനാട്ടിലെ കള്ളാടി ദുരന്തത്തിൻ്റെ മറ്റൊരു നേർച്ചകാഴ്ച കൂടിയാണ് എരുമത്തടം നിവാസികൾക്ക് മുന്നിലുളളത്.

എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ട ടൺ കണക്കിന് മൺകൂനയുമാണ് ഇവിടത്തുകാരുടെ സ്വൈര്യജീവിതത്തെ ബാധിച്ചിരിക്കുന്നത്. മഴ തുടങ്ങിയതോടെ കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് താഴ്വാരത്തെ വീടുകളിലേക്ക് എത്തിയതാണ് ആശങ്ക പടർത്തുന്നത്. മഴയിൽ മൺകൂനയിൽ നിന്നും മണ്ണും ചളിവെളളവുമെല്ലാം സമീപത്തെ വീടുകളിലേക്ക് എത്തികൊണ്ടിരിക്കുന്നതാണ് ഇവരെ ഭീതിയിലാഴ്ത്തുന്നത്.

പഞ്ചായത്തിലെ 12-ാം വാർഡ് ഉൾപ്പെടുന്ന എരുമത്തടം പ്രദേശത്ത് കുന്നിന് മുകളിൽ പ്രവർത്തിക്കുന്ന ക്വാറിയും ഇവിടെ കൂട്ടിയിട്ട ടൺ കണക്കിന് മൺകൂനയുമാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇതിന് സമീപത്ത് പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ചിരുന്നു. ഇതിന് സമീപത്താണ് ആറ് മാസങ്ങൾക്ക് മുൻപ് എല്ലാവിധ അനുമതിയോടെയും മറ്റൊരു കരിങ്കൽ ക്വാറി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ നാട്ടുകാർ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ നടപടികൾ ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

പുതിയ ക്വാറിയുടെ നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്ത ടൺ കണക്കിന് മണ്ണാണ് ഇവിടെ കൂനയായി ഉയർന്നു നിൽക്കുന്നത്. ഇത് താഴേക്ക് പതിക്കാത്തിരിക്കാൻ പടുകൂറ്റൻ കല്ലും ഇവിടെ വെച്ചിട്ടുണ്ട. ഇത് ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

''ജീവനും സ്വന്തിനും ഭീഷണി ഉയർത്തുകയാണ് ഈ മൺകൂന. മഴയിൽ മണ്ണ് വലിയ തോതിൽ ഒലിച്ച് എത്തിയാൽ അത് ഇവിടത്തുകാരുടെ ജീവനും സ്വന്തിനും ഭീഷണിയാണ്. നിലവിൽ ചളിവെളളം എത്തി കിണറുകളും മലിനമായി തുടങ്ങി. ഇതിനൊരു ശാശ്വത പരിഹാരം ഉടൻ ഉണ്ടാവണം. ശബ്ദം കേട്ട് കുട്ടികള് ഞെട്ടി ഉണരുകയാണ്. വേനൽക്കാലത്ത് പ്രദേശമാകെ പൊടിപടലമായിരുന്നു. അതുമായി ബന്ധപ്പെട്ട് അസുഖങ്ങള് വേറെയും'' - പ്രദേശവാസിയായ ആലിക്കുട്ടി പറയുന്നു.

60ലേറെ വീടുകൾ ക്വാറിക്ക് താഴ്വാരത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മഴ ശക്തമായതോടെ മൺകുനയിൽ നിന്നും വലിയ തോതിൽ മണ്ണും ചളിവെളളവും താഴെയുളള വീടുകളിലേക്ക് എത്തി തുടങ്ങി. ഈ വിഷയത്തിൽ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിൽ ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ്. മൺകൂന നീക്കം ചെയ്യാൻ പല തവണ ആവശ്യപ്പെട്ടതാണ്. എന്നാൽ നടപടി ഉണ്ടായില്ല. പാറമടയിൽ നിന്നുമുളള ഉഗ്ര സ്ഫോടനങ്ങളും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News