Enter your Email Address to subscribe to our newsletters

Ernakulam , 11 ജൂലൈ (H.S.)
പ്രമുഖ അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് തൊട്ടുപിന്നാലെ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ് ഐടി കമ്പനിയിലും ജീവനക്കാരുടെ വലിയ രീതിയിലുള്ള പ്രതിഷേധം. മുന്നൂറോളം ജീവനക്കാരെയാണ് കമ്പനി പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. എന്നാൽ പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും മാസങ്ങളായുള്ള ശമ്പള കുടിശ്ശിക ഇനിയും ലഭിക്കാനുണ്ടെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെ എഐ സാങ്കേതികവിദ്യയുടെ കടന്നുവരവാണ് കമ്പനി പൂട്ടാൻ കാരണമായി ഉടമകൾ നിരത്തുന്ന പ്രധാന വിശദീകരണം. എന്നാൽ തങ്ങൾക്ക് ആറ് മാസം മുതൽ പതിനൊന്ന് മാസം വരെയുള്ള ശമ്പളം കുടിശ്ശികയായി ലഭിക്കാനുണ്ടെന്ന് ജീവനക്കാർ ആരോപിക്കുന്നു.
നിലവിലെ പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കാരണം കമ്പനിക്കുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം കൃത്യമായി നൽകാൻ കഴിയാത്തതിന് പിന്നിലെന്നാണ് മാനേജ്മെൻ്റിൻ്റെ ന്യായീകരണം. ഇതേത്തുടർന്ന്, ദുരിതത്തിലായ ജീവനക്കാർ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയെ നേരിൽ കണ്ട് പരാതിയും നിവേദനവും സമർപ്പിച്ചു.
മാനേജ്മെൻ്റ് വാദവും ജീവനക്കാരുടെ ആരോപണങ്ങളും
എഐ കാരണമാണ് കമ്പനി പൂട്ടുന്നതെന്ന വാദം ഈയടുത്ത ദിവസങ്ങളിലാണ് മാനേജ്മെൻ്റ് മുന്നോട്ടുവെച്ചതെന്ന് ജീവനക്കാർ പറയുന്നു. എന്നാൽ, ടാൽറോപ്പിന് കീഴിലുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി മാത്രമാണ് പ്രവർത്തനം നിർത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടാണെന്ന് അറിയിച്ച അധികൃതർ നിലവിൽ കേരളത്തിലെ 38ഓളം ശാഖകൾ അടച്ചുപൂട്ടിയിട്ടുണ്ട്.
ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതിനു കാരണം കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള തടസ്സങ്ങളാണ്.കഴിഞ്ഞ മാർച്ച് 31 ന് കമ്പനി അടച്ചിരുന്നു.ടാൽറോപ്പിൻ്റെ കീഴിൽ തന്നെ 67 ഓളം വേറെ സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇവരെയെല്ലാം പിന്തുണക്കുന്നത് ടാൽറോപ്പാണ്. ഇപ്പോൾ എഐ വന്നതുകൊണ്ട് 3 എഞ്ചിനീയർക്ക് പകരം മൂന്ന് മണിക്കൂറുകൊണ്ട് പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും. അതിൻ്റെ ഭാഗമായുള്ള ഒരു സ്വഭാവിക നടപടിയാണ് ഈ പിരിച്ചുവിടൽ. നിലവിൽ ഇത്രയും ജീവനക്കാരെ വയ്ക്കാനുള്ള കപ്പാസിറ്റി കമ്പനിക്കില്ലാത്തതുകൊണ്ടാണ് ഇത്തരത്തിൽ നടപടിയിലേക്ക് കമ്പനി കടന്നതെന്നും കൊച്ചി ആസ്ഥാനമാക്കിയുള്ള കമ്പനിയുടെ സിഇഒ പറഞ്ഞു
രണ്ടുമാസം മുമ്പ് തന്നെ ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും, അവർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളും തുകയും പൂർണ്ണമായി നൽകുമെന്നും മാനേജ്മെൻ്റ് പ്രതിനിധികൾ വ്യക്തമാക്കുന്നു. പണം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ചില ജീവനക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നാണ് കമ്പനിയുടെ വാദം.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ടാൽറോപ്, കേരളത്തിലുടനീളമുള്ള കോളേജ് കാമ്പസുകളിൽ 'കാമ്പസ് ഇന്നോവേഷൻ ഹബ്ബുകൾ' സ്ഥാപിച്ചുകൊണ്ട് ശ്രദ്ധേയമായ ഐടി കമ്പനിയാണ്. എഐയുടെ വരവോടെ ഘട്ടം ഘട്ടമായാണ് ജീവനക്കാരെ ഒഴിവാക്കിയത്.
മൂന്ന് മാസത്തെ ശമ്പളവും സെറ്റിൽമെൻ്റ് തുകയും നൽകാമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നെങ്കിലും, അത് പാലിക്കാത്തതിനാലാണ് ജീവനക്കാർ ഇപ്പോൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴും, കമ്പനി ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ പുതിയ നിക്ഷേപങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജീവനക്കാരുടെ കൂട്ടായ്മ.
നിയമപരമായ പഴുതുകൾ ഉപയോഗിച്ചാണ് കമ്പനി ഈ നടപടി സ്വീകരിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ടാൽറോപിന് കീഴിലുള്ള 19 ഉപകമ്പനികളിലായിട്ടാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. നിലവിൽ മുന്നൂറോളം ജീവനക്കാർക്ക് ജോലിയും ശമ്പളവുമില്ലാത്ത അവസ്ഥയാണുള്ളത്.
പതിനൊന്ന് മാസത്തെ ശമ്പള കുടിശ്ശികയുണ്ട്, ശമ്പളമോ, നഷ്ടപരിഹാരമോ നൽകുന്നില്ല. തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു. മുന്നോറോളം പേർക്കാണ് ജോലി നഷ്ട്ടമായത് ഐടി ജീവനക്കാരനും എറണാകുളം സ്വദേശിയുമായ അർഷാദ് പ്രതികരിച്ചു.
ഞങ്ങൾ ജോലി ചെയ്ത പൈസയാണ് അവരോട് ചോദിക്കുന്നത്. 11 മാസത്തെ ശമ്പളമാണ് ഞങ്ങൾക്ക് കിട്ടാനുള്ളത്. ആറ് മാസം മുതൽ 11 മാസം വരെ ഇവടെയുള്ള ജീവനകാർക്ക് ശമ്പളം കിട്ടാനുണ്ട്. ഇത്രയും ദിവസം വാറൻ്റ് പ്രശ്നം കാരണമാണ് പൈസ തരാത്തത് എന്നാണ് ഞങ്ങളോട് കമ്പനി പറഞ്ഞത്. പിരിച്ചുവിടാനുള്ള കാര്യമായി അവർ പറഞ്ഞത് എഐയുടെ വിഷയമാണ്, അതും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ്. ഇത്രയും കാലം ഒന്നും പറഞ്ഞിരുന്നില്ല. ഞങ്ങൾക്ക് പണിയെടുത്ത പൈസ കിട്ടണം അതിനുവേണ്ടി പ്രതിഷേധിക്കാതെ വേറെ വഴിയില്ലെന്ന് ഒരു ജീവനക്കാരൻ പ്രതികരിച്ചു.
ചില ജീവനക്കാർ തങ്ങള്ക്ക് ശമ്പളം പോലും ലഭിച്ചില്ലെന്ന് ആരോപണം കമ്പനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ അനീതിക്കെതിരെ ജീവനക്കാർ തൊഴിൽ വകുപ്പിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയുമുണ്ടായില്ല.
ടാൽറോപ്പ് എന്ന കമ്പനിയെക്കുറിച്ച്
കേരളത്തിൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017-ൽ കൊച്ചി ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ ഒരു പ്രമുഖ ഐ.ടി കമ്പനിയാണ് ടാൽറോപ്പ്. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവ സമന്വയിപ്പിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ടെക്നോളജി പാർക്കുകൾ നിർമ്മിക്കുകയായിരുന്നു ഈ കമ്പനിയുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി 'ബ്രോട്ടോടൈപ്പ്'എന്ന പേരിൽ കോഡിംഗ് ബൂട്ട് ക്യാമ്പുകൾ ഇവർ നടത്തിയിരുന്നു.
പ്രതിസന്ധിയിൽ ഐടി രംഗത്തെ തൊഴിലാളികൾഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ പൂട്ടി മറ്റൊരു പ്രമുഖ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് 850-ലധികം ജീവനക്കാരെ പെട്ടെന്ന് പിരിച്ചുവിട്ടത്. ഇതുമായി ബന്ധപ്പെട്ട് കേരള തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു വരികയാണ്. അതിന് തൊട്ടുപിന്നാലെയാണ് ടാൽറോപിലും സമാനമായ കൂട്ടപ്പിരിച്ചുവിടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR