Enter your Email Address to subscribe to our newsletters

Kollur, 11 ജൂലൈ (H.S.)
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില് ദര്ശനം നടത്തി വിഡി സതീശന്. മുഖ്യമന്ത്രി ആയ ശേഷം ആദ്യമായാണ്വിഡി സതീശന്‍ ക്ഷേത്രത്തില്‍ എത്തുന്നത്. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ പൂര്‍ണകുംഭം നല്‍കിയാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളില്‍ വിഡി സതീശന്‍ പങ്കെടുത്തു.
ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സന്ദര്‍ശനം. സെഡ്-പ്ലസ്' സുരക്ഷാ അകമ്പടിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പ്രദേശത്ത് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പൂജയ്ക്ക് ശേഷം മംഗളൂരു വഴി ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി മൂകാംബികയില്‍ എത്തിയത്. ഗസ്റ്റ് ഹൗസില്‍ ആയിരുന്നു താമസം.
എല്ലാ മാസവും വിഡി സതീശന്‍ കൊല്ലൂരില്‍ ദര്‍ശനം നടത്താറുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും വിഡി സതീശന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ആ പതിവാണ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യും കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില് ദര്ശനം നടത്തി തിരുനടയില്‍ വെള്ളി വാള്‍ സമര്‍പ്പിച്ചിരുന്നു. ജൂണ്‍ 12ന് ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയോടെയായിരുന്നു ദര്‍ശനം. മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ വിജയ് അവിടെ നിന്ന് റോഡ് മാര്‍ഗമായിരുന്നു കൊല്ലൂരിലേക്കെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും പൂജാരിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്.
കലകളുടെയും അറിവിന്റെയും ദേവിയായ മൂകാംബികയെ ദര്‍ശിക്കുന്നത് ഐശ്വര്യദായകമാണെന്നാണ് രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും വിശ്വാസം. ക്ഷേത്രത്തിനകത്തെ സ്വയംഭൂ ശിലയ്ക്ക് പുറകിലായാണ് പത്മപീഠത്തില്‍ ഇരിക്കുന്ന മനോഹരമായ മൂകാംബികാ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ളത്.
സ്വര്‍ണമാലകളും വിലപിടിപ്പുള്ള രത്‌നങ്ങളും മറ്റ് പുരാതന ആഭരണങ്ങളും പട്ടുടയാടകളും അണിയിച്ചാണ് ദേവിയെ ഒരുക്കിയിട്ടുള്ളത്. ചുറ്റും സുഗന്ധപൂരിതമായ പുഷ്പങ്ങളാല്‍ അലങ്കരിച്ച ദേവിയെ ഒന്ന് കാണാന്‍ അതിരാവിലെ നടതുറക്കുന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയാണ് ഇവിടെ അനുഭവപ്പെടാറുള്ളത്. അഭീഷ്ടകാര്യങ്ങള്‍ ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ ഉടനടി ഫലം ലഭിക്കുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.
---------------
Hindusthan Samachar / Sreejith S