Enter your Email Address to subscribe to our newsletters

New delhi, 11 ജൂലൈ (H.S.)
നിയമസഭാ തോല്‍വി ചര്‍ച്ച ചെയ്ത സിപിഎം കേന്ദ്രക്കമ്മറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍ പങ്കെടുക്കാത്തതില്‍ ചര്‍ച്ചകള്‍ സജീവം. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് അദ്ദേഹം കേന്ദ്ര കമ്മറ്റി യോഗത്തിന് എത്താതിരുന്നത്. ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാത്തത് ശാരീരിക അസ്വസ്ഥത കൊണ്ടാണെന്നാണ് ജയരാജന്റെ വിശദീകരണം.
വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തില്‍ സിപിഎമ്മില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഇപി ജയരാജന്റെ പുതിയ നീക്കം. ഓഹരി കൈമാറ്റത്തില്‍ അഴിമതി ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാട് ഏറ്റെടുക്കാതെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജനും കെകെ ശൈലജയും രംഗത്ത് വന്നിരുന്നു. വിഴിഞ്ഞം പദ്ധതിയില്‍ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഗുണകരമാവില്ലെന്നും ജയരാജന്‍ നിലപാടെടുത്തിരുന്നു. പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പടപ്പുറപ്പാടിന്റെ ഭാഗമാണിതെന്ന വിലയിരുത്തല്‍ നിലനില്‍ക്കുമ്പോഴാണ് ഇ പിയുടെ പുതിയ നിലപാട് ചര്‍ച്ചയാവുന്നത്.
വിഴിഞ്ഞം വിഷയത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരെ ഒളിയമ്പെയ്ത മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷമായാണ് എംവി ഗോവിന്ദനും കെകെ രാഗേഷും പ്രതികരിച്ചത്. എന്നാല്‍ വിഷയത്തില്‍ കടുത്ത നിലപാടിന് ഇപി തയ്യാറായിരുന്നുമില്ല. ഇതിന് പുറമേ യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായ നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനുപുറമേ അഴിമതി ആരോപണം ഉന്നയിച്ച രാഗേഷിനെ തള്ളുകയും ചെയ്തു. ഏതെങ്കിലും ആളുകള്‍ക്ക് അഴിമതി നടന്നുവെന്ന പ്രശ്നങ്ങളുണ്ടെങ്കില്‍ അവര്‍ അത് ഉന്നയിക്കട്ടെയെന്നും ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് ചോദിച്ച് കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലതെന്നുമായിരുന്നു ഇപിയുടെ മറുപടി.
നിലവില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നുവെന്ന സൂചനകളാണ് ഇപി പുതിയ നിലപാടിലൂടെ പുറത്ത് വിടുന്നത്. ഇന്നത്തെ കേന്ദ്ര കമ്മറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചയാവാനുള്ള സാധ്യതകള്‍ക്കിടയിലാണ് യോഗത്തില്‍ നിന്നും അദ്ദേഹം വിട്ടു നില്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് ശേഷം പാര്‍ട്ടിക്കുള്ളില്‍ ഏറ്റവുമധികം വിമര്‍ശനം ഉയര്‍ന്നത് പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെയാണ്. കീഴ്ഘടകങ്ങളില്‍ നടന്ന അവലോകന യോഗങ്ങളില്‍ വരെ പിണറായി വിജയനെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സിപിഎമ്മില്‍ മാറ്റത്തിന്റെ സൂചനകളൊന്നും തന്നെ ഇതുവരെ രൂപപ്പെട്ടിട്ടുമില്ല.
അതുകൊണ്ട് തന്നെ സിപിഎമ്മില്‍ അസ്വസ്ഥതകള്‍ രൂപപ്പെടുന്നുവെന്ന നിഗമനങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് കണ്ണൂര്‍ ലോബിയില്‍ തന്നെ അഭിപ്രായഭിന്നത രൂക്ഷമാവുന്നത്. ഇതിനിടെ ടികെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും വി ജയരാജന്റെ നിലപാട് ഇപി തള്ളിയിരുന്നു. നിലവില്‍ സിപിഎമ്മില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിലേക്ക് എത്തുമോ എന്ന കാര്യത്തിലും ഇത് വരെ സൂചനകളൊന്നും പുറത്ത് വന്നിട്ടില്ല.
---------------
Hindusthan Samachar / Sreejith S