Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 ജൂലൈ (H.S.)
ശബരിമല തന്ത്രിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്ഡിനു കത്തു നല്‍കി. പകരം മകന്‍ ബ്രഹ്‌മദത്തനു തന്ത്രിസ്ഥാനം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്തുനിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണു കത്തില്‍ പറയുന്നത്.
ചിങ്ങമാസം മുതല്‍ ശബരിമല തന്ത്രിയായി തന്റെ മകന്‍ ബ്രഹ്‌മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഈ വിഷയം അജണ്ടയായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ കത്ത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം തീരുമാനമെടുക്കാം എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ധാരണയായത്.
നിലവില്‍ മുന്‍ തന്ത്രി കണ്ഠര് മോഹനരുടെ മകന്‍ മഹേഷ് മോഹനരാണ് ശബരിമലയില്‍ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. ഊഴമനുസരിച്ച് ഈ സീസണില്‍ തന്ത്രിയായി എത്തേണ്ടത് കണ്ഠര് രാജീവര് ആയിരുന്നു. ഇതില്‍ നിന്നാണ് ഇപ്പോള്‍ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അനാരോഗ്യമാണ് കാരണമായി കത്ത് സൂചിപ്പിച്ചിരിക്കുന്നത് എങ്കിലും ശബരിമല സ്വര്‍ണ്ണക്കൊളള അടക്കമുളഅള കേസുകളില്‍ പ്രതിയായതും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്ന വ്യക്തമാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കണ്ഠര് രാജീവരരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ദിവസങ്ങളുടെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ച് പുറത്തു വന്നത്. ഇതോടെയാണ് ന്തിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബോര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല, മാളികപ്പുറം മേല്‍ശാന്തി അഭിമുഖത്തിലും തന്ത്രിയെന്ന നിലയില്‍ കണ്ഠര് രാജീവരാണ് പങ്കെടുക്കുന്നത്. ഇക്കാര്യത്തിലും ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമണ്‍ മഠത്തിലെ കണ്ഠര് മോഹനരും രാജീവരും ആണ് തന്ത്രിസ്ഥാനം വഹിച്ചിരുന്നു. പിന്നീട് കണ്ഠര് മോഹനര്‍ മാറി പകരം മകന്‍ കണ്ഠര് മഹേഷ് മോഹനരര്‍ക്കു ചുമതല നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ഠര് രാജീവരും തന്ത്രിസ്ഥാനം മകന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലടക്കം പ്രതിയായി നില്‍ക്കുന്ന വ്യക്തി നല്‍കുന്ന കത്തില്‍ ബോര്‍ഡ് സ്വയം തീരുമാനമെടുക്കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍, വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കാനും ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. വിഷയം സ്‌പെഷ്യല്‍ കമ്മീഷണര്‍ മുഖേന ഹൈക്കോടതിയെ അറിയിക്കാനാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ചിങ്ങമാസം മുതല്‍ ആരായിരിക്കണം ശബരിമല തന്ത്രി എന്ന കാര്യത്തില്‍ ഹൈക്കോടതി തന്നെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കട്ടെ എന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S