Enter your Email Address to subscribe to our newsletters

Wayanad, 11 ജൂലൈ (H.S.)
വയനാട് കളളാടി മണ്ണിടിച്ചിലില്‍ കാണാതായ ഹിമാചല്‍പ്രദേശ് സ്വദേശി വിക്രം റാണയ്ക്കായി ഇന്ന് തീവ്ര പരിശോധന. 50 അംഗ സംഘം പാലത്തിനടുത്തുള്ള മണ്‍കൂന നീക്കിയും പുഴയിലും വ്യാപക തെരച്ചില്‍ നടത്തുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. സോണ്‍ ടു ഭാഗത്ത് കൂട്ടി ഇട്ടിരിക്കുന്ന മണ്ണ് മുഴുവനായും മാറ്റി പരിശോധന നടത്താനുള്ള നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നടക്കുന്ന പരിശോധനയില്‍ വിക്രം റാണയെ കണ്ടെത്താന്‍ കഴിയുമെന്നാണ് എന്‍ഡിആര്‍എഫിന്റെയും പ്രാദേശികരുടെയും നിരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചല്‍ സ്വദേശിക്കായി ഇന്നലെ പുഴയുടെ മേല്‍ത്തട്ടില്‍ പരിശോധന നടന്നത് കൊണ്ട് മുകളിലെ വെള്ളവും മണ്ണും വന്‍തോതില്‍ താഴേക്ക് പതിച്ചിട്ടുണ്ട്. നിലവില്‍ വെള്ളം കലങ്ങിയ നിലയിലാണ് ഉള്ളത്. അതുകൊണ്ട് താഴേത്തട്ടില്‍ പരിശോധന നടത്തുന്നതിനായി മുകളിലെ പരിശോധന പൂര്‍ണമായും നിര്‍ത്തി വച്ച് വെള്ളം തെളിഞ്ഞതാക്കാന്‍ ശ്രമിക്കും. ശേഷം താഴേത്തട്ടില്‍ പരിശോധന നടത്തുന്നതാണ്. അടിഭാഗത്തേക്ക് ഒഴുകിപോയോ എന്ന് അറിയുന്നതിനായി പുഴയിലെ മണ്‍തിട്ട ഇളക്കിയുള്ള പരിശോധനയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ദുരന്തമുണ്ടായ സ്ഥലത്തേക്കുള്ള അനാവശ്യ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടുന്നുണ്ട്. മീനാക്ഷി പാലത്തില്‍ കയര്‍കെട്ടി വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശികവാസികളെയും തെരച്ചിലുമായി ബന്ധപ്പെട്ടവരെയും മാത്രമേ പാലത്തിന് അക്കരെ കടത്തിവിടുന്നുള്ളൂ. ചൂരല്‍മലയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളും മീനാക്ഷിപ്പാലം കടത്തിവിടുന്നില്ല. ബസിലെത്തുന്നവരെ താഞ്ഞിലോട് മുസ്ലിംപള്ളിക്കു സമീപം ആളെ ഇറക്കിയാല്‍ ജീപ്പില്‍ പാലത്തിന്റെ മറുകരയെത്തിക്കുകയാണ് ചെയ്യുന്നത്.
തുരങ്കപാത പദ്ധതിപ്രദേശത്തിനു സമീപത്തുണ്ടായ മണ്ണിടിച്ചിലില്‍ ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 18 പേരാണ് അപകടത്തിലുള്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ചൂരല്‍മലയിലെ കാരുണ്യ റെസ്‌ക്യൂ ടീമും തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ്, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്ത പരിശ്രമമാണ് കള്ളാടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് ശക്തിപകരുന്നത്.
ഓരോ സംഘവും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ തെരച്ചിലിന് പിന്തുണ നല്‍കുമ്പോള്‍, അവസാനമായി കാണാതായ ആളെ കണ്ടെത്താനുള്ള പ്രതീക്ഷയോടെയാണ് കള്ളാടിയിലെ രക്ഷാദൗത്യം തുടരുന്നത് അപകടത്തെ തുടര്‍ന്ന് മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി അധികൃതര്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S