ആറൻമുള വിമാനത്താവള പദ്ധതി സ്ഥലത്ത് ഡ്രോൺ സർവേ; ഭൂവുടമ എബ്രഹാം കലമണ്ണിലിനെതിരെ റവന്യൂ വകുപ്പ് ഹൈക്കോടതിയിലേക്ക്
Pathanamthitta , 12 ജൂലൈ (H.S.) ആറൻമുള വിമാനത്താവള പദ്ധതി സ്ഥലത്ത് ഡ്രോൺ സർവേ; ഭൂവുടമ എബ്രഹാം കലമണ്ണിലിനെതിരെ റവന്യൂ വകുപ്പ് ഹൈക്കോടതിയിലേക്ക്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് സർക്കാർ അനുമതിയില്ലാതെ ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ ഭൂവുടമ എബ്ര
ആറന്മുള വിമാനത്താവളം


Pathanamthitta , 12 ജൂലൈ (H.S.)

ആറൻമുള വിമാനത്താവള പദ്ധതി സ്ഥലത്ത് ഡ്രോൺ സർവേ; ഭൂവുടമ എബ്രഹാം കലമണ്ണിലിനെതിരെ റവന്യൂ വകുപ്പ് ഹൈക്കോടതിയിലേക്ക്.

ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് സർക്കാർ അനുമതിയില്ലാതെ ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ ഭൂവുടമ എബ്രഹാം കലമണ്ണിലിനെതിരെ റവന്യൂ വകുപ്പ് ഹൈക്കോടതിയെ സമീപിക്കുന്നു.വിമാനത്താവളത്തിനായി ലക്ഷ്യമിട്ടിരുന്ന പ്രദേശത്ത് അനുമതിയില്ലാതെ ഡ്രോൺ പറത്തി സർവേ നടത്തിയത് തികച്ചും അനധികൃതമായ നടപടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുക.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ കലക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. തഹസിൽദാർ നൽകുന്ന റിപ്പോർട്ട് ലഭിച്ചശേഷമായിരിക്കും റവന്യൂ വകുപ്പ് അനധികൃത സർവേ നടപടികൾ സംബന്ധിച്ച വിവരങ്ങൾ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കുക.

പദ്ധതി പ്രദേശത്ത് ഇനി വീണ്ടും ഡ്രോൺ സർവേ നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

വിമാനത്താവള പദ്ധതിക്കായി മുൻപ് കണ്ടെത്തിയിരുന്ന പ്രദേശത്തെ ഏകദേശം 400 ഏക്കറോളം ഭൂമി 2014ൽ തന്നെ സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ചതാണ്. നിയമപരമായി മിച്ചഭൂമിയായി പ്രഖ്യാപിച്ച ഈ സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് നിലവിൽ യാതൊരുവിധ ഉടമസ്ഥാവകാശവും ഇല്ലെന്നിരിക്കെയാണ് സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് അനധികൃത സർവേ നടത്തിയത്. ഈ ഭൂമിയുമായി ബന്ധപ്പെട്ട മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് സർവേ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിലാണ് സർവേ നടപടികൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.

എബ്രഹാം കലമണ്ണിലിൽ നടത്തിയ ഡ്രോൺ സർവേക്ക് പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥരുടെ രഹസ്യ ഒത്താശയോ സഹായമോ ലഭിച്ചിട്ടുണ്ടെന്ന ആരോപണവും ഇതിനോടകം ശക്തമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരം ഒരു നടപടി നടക്കാൻ സാധ്യതയില്ലെന്ന പരാതികളെ തുടർന്ന്, ഇതേക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സർവേ നടത്തിയ സ്വകാര്യ ഏജൻസിയെക്കുറിച്ചും കൂടുതൽ പരിശോധനകൾ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.

ഇതിനിടെ വിഷയത്തിൽ സ്ഥലം എംഎൽഎയ്ക്കെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.. സർക്കാർ അറിയാതെയാണോ ഇങ്ങനെ ഒരു നടപടി ഉണ്ടായതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News