കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ
Wayanad, 12 ജൂലൈ (H.S.) കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. വയനാട്ടിലെ പിലാക്കാവിൽ രോഗം ബാധിച്ച് പശുക്കിടാവ് ചത്തതിന് പിന്നാലെ നിരവധി പശുക്കളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചർമ്മമുഴ രോഗത്തിൻ്റെ ചികിത്സാ ചെലവും കർഷകർ
SKIN DISEASE COW


Wayanad, 12 ജൂലൈ (H.S.)

കന്നുകാലികളിൽ ചർമ്മമുഴ രോഗം പടരുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. വയനാട്ടിലെ പിലാക്കാവിൽ രോഗം ബാധിച്ച് പശുക്കിടാവ് ചത്തതിന് പിന്നാലെ നിരവധി പശുക്കളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചർമ്മമുഴ രോഗത്തിൻ്റെ ചികിത്സാ ചെലവും കർഷകർക്ക് താങ്ങാൻ കഴിയുന്നില്ലെന്നാണ് പരാതി. കർഷക പ്രതിസന്ധിയിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

ക്ഷീരകർഷകരുടെ ആശങ്ക വർധിപ്പിച്ചാണ് പിലാക്കാവിലും സമീപപ്രദേശങ്ങളിലും കന്നുകാലികളിൽ രോഗബാധ വ്യാപിക്കുന്നത്. പിലാക്കാവ് അടിവാരം പിലാമൂല സ്വദേശിയായ ക്ഷീര കർഷകൻ ചന്തുവിൻ്റെ രണ്ടുവയസുള്ള പശുക്കിടാവ് രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇദ്ദേഹത്തിൻ്റെ തന്നെ മറ്റൊരു പശുക്കിടാവിനും രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.

കൂടാതെ മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരൻ്റെ മൂന്നുവയസുള്ള ഗർഭിണിയായ പശു ശരീരത്തിൽ മുഴകളും വ്രണങ്ങളും രൂപപ്പെട്ട് അവശനിലയിലാണ്. പശുക്കിടാക്കള്ക്കടക്കം രോഗം സ്ഥിരീകരിച്ചത് പ്രദേശത്തെ ക്ഷീരകർഷകരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പും സമയബന്ധിത ചികിത്സയും ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ആവശ്യമായ സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി. സ്വകാര്യ ഡോക്ടർമാരെ ആശ്രയിക്കുമ്പോൾ മരുന്നിനും ചികിത്സയ്ക്കുമായി ഓരോ തവണയും വലിയ തുക ചെലവാകുന്നതായും കർഷകർ പറയുന്നു.

''രോഗം പടരുന്ന സാഹചര്യത്തിൽ പ്രതിരോധ കുത്തിവെപ്പും സമയബന്ധിത ചികിത്സയും ഉറപ്പാക്കണം. കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്വകാര്യ ഡോക്ടർമാരെ ആശ്രയിക്കുമ്പോൾ മരുന്നിനും ചികിത്സയ്ക്കുമായി വലിയ തുക ചെവവാകുന്നുണ്ട്. അധികൃതർ ഇതിന് ഒരു പരിഹാരം കണ്ടെത്തണം. ഒരു കന്നുകാലിയുടെ ജീവൻ നഷ്ടപ്പെട്ടു. ഞങ്ങള് ആശങ്കയിലാണ്,'' - എന്ന് കർഷകർ പറയുന്നു.

വായ്പയെടുത്ത് പശുവളർത്തൽ നടത്തുന്ന കുടുംബങ്ങൾക്ക് രോഗബാധ ഇരട്ടപ്രഹരമാണ്. ചികിത്സയ്ക്കുള്ള ചെലവിനൊപ്പം കന്നുകാലികളെ നഷ്ടപ്പെടുമോയെന്ന ഭീതിയും ഇവരെ അലട്ടുന്നു. രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും വേണമെന്നാണ് ആവശ്യം. കന്നുകാലികളാണ് പല കുടുംബങ്ങളുടെയും ഏക വരുമാനമാർഗം.

രോഗവ്യാപനം നിയന്ത്രിച്ചില്ലെങ്കിൽ ക്ഷീരമേഖലയിൽ നിന്ന് തന്നെ പിൻമാറേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു. ഒരു കന്നുകാലിയുടെ ജീവൻ നഷ്ടപ്പെട്ടു. കൂടുതൽ പശുക്കൾ രോഗബാധിതരായി. ഇനി രോഗം പടരാതിരിക്കാൻ അടിയന്തര പ്രതിരോധ നടപടികളാണ് പിലാക്കാവിലെ ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News