Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 ജൂലൈ (H.S.)
കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യത്തില് നിന്ന് തരിമ്പും പിന്നോട്ടില്ലാതെ സിപിഐ. സിപിഎം നയിക്കുന്ന ഇടതുമുന്നണിയില് ഒരു കക്ഷി തന്നെ എല്ലാ സുപ്രധാന പദവികളും കയ്യടക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഇടതുമുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയാണ് സിപിഐ. ഏപ്രിലില് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ നിയമസഭ ഉപനേതൃ സ്ഥാനമെന്ന ആവശ്യം പാര്ട്ടി നിരന്തരം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിഷയത്തില് സിപിഐയ്ക്കുള്ളില് യാതൊരു തര്ക്കമോ സംശയമോ ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പി കെ വാസുദേവന് നായരുടെ അനുസ്മരണ ചടങ്ങില് സംസാരിക്കവെയാണ് ബിനോയ് തന്റെ നിലപാട് ആവര്ത്തിച്ചത്.
ഈ സ്ഥാനം സിപിഐയുടേതാണ്. പാര്ട്ടി ഇക്കാര്യം ആവശ്യപ്പെടുന്നത് മുന്നണിയെ കൂടുതല് ശാക്തീകരിക്കാന് വേണ്ടിയാണ് അല്ലാതെ ദുര്ബലപ്പെടുത്താനല്ല. മുന്കാലങ്ങളിലെ കീഴ്വഴക്കങ്ങള് ആര്ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. കീഴ്വഴക്കങ്ങള് മാറ്റി മറിക്കണമെങ്കില് അങ്ങനെയാകാം. കീഴ്വഴക്കങ്ങള്ക്ക് യാതൊരു പ്രാധാന്യവുമില്ല. രാഷ്ട്രീയമാണ് വിഷയം. ഇടതുമുന്നണിയാണ് വിഷയം. ഇടതുമുന്നണി ശരിയായ ഒരു സഖ്യമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
പദവിയുടെ വലുപ്പമോ ഇതിനൊപ്പമുള്ള വിശേഷാധികാരങ്ങളായ ജീവനക്കാരും വേതനവും വാഹനവും ഔദ്യോഗിക വസതിയും പോലുള്ള ആകര്ഷണീയതയോ കണ്ടല്ല സിപിഐ ഇതിനായി ആവശ്യമുയര്ത്തുന്നത്. എല്ലാ പദവികളും ഒരു കക്ഷി തന്നെ കയ്യാളുന്നത് മുന്നണി മര്യാദയല്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മുതിര്ന്ന സിപിഎം നേതാവും മുന്മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് നിലവില് പ്രതിപക്ഷ നേതാവ്. എല്ലാ സുപ്രധാന പദവികളും ഉത്തരവാദിത്തങ്ങളും സഖ്യകക്ഷികളുമായി പങ്കിടണമെന്നും ബിനോയ് ആവശ്യപ്പെട്ടു.
സിപിഐ മുഖ്യമന്ത്രിപദം പോലും മുന്കാലങ്ങളില് പങ്കിട്ടവരാണ്. അത് കൊണ്ട് തന്നെ പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനം ഞങ്ങള് ആവശ്യപ്പെടുന്നത് അതിന്റെ മറ്റ് ആകര്ഷണീയത കൊണ്ടല്ല.
സഖ്യത്തില് ചര്ച്ച ചെയ്യാതെ ഇത്തരമൊരു ആവശ്യം സിപിഐ പരസ്യമായി ഉന്നയിച്ചു എന്ന ആരോപണത്തെ ബിനോയ് വിശ്വം തള്ളി. സിപിഐ ഇക്കാര്യം ആദ്യം ഇടതുമുന്നണിയില് തന്നെയാണ് ചര്ച്ച ചെയ്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നല്കിയിരുന്നു. മറുപടിയും കിട്ടി. പിന്നീടാണ് ഇക്കാര്യം പരസ്യമായി ഉയര്ത്തിയത്. ഇക്കാര്യം ഞങ്ങള് പരസ്യമായി പറയുന്നത് കൊണ്ട് മാത്രം ഇങ്ങനെ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള് എങ്ങനെ എപ്പോള് ഉയര്ത്തണമന്ന് സിപിഐയെ ആരും പഠിപ്പിക്കേണ്ടതില്ല. ഇക്കാര്യം ഞങ്ങള്ക്കറിയാം. മുന്നണിക്കുള്ളിലായാലും പരസ്യമായി ആയാലും. ഇതൊരു രാഷ്ട്രീയ പാരമ്പര്യമാണ് പി കെ വാസുദേവന് നായര്, അച്യുതമേനോന്, എം എന് ഗോവിന്ദന് നായര് തുടങ്ങിയവര് പിന്തുടര്ന്ന് പോന്ന രാഷ്ട്രീയ ആചാരം.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം അടഞ്ഞ അധ്യായമാണെന്ന് നേരത്തെ പിണറായി വിജയന് അസന്നഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. വിഷയത്തില് കൂടുതല് ചര്ച്ചകള് ആവശ്യമില്ലെന്ന സൂചനയാണ് പിണറായി നല്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR