Enter your Email Address to subscribe to our newsletters

Wayanad , 12 ജൂലൈ (H.S.)
കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി. ദിലീപ് ബിൽഡ്കോൺ കമ്പനിയിലെ കൺസ്ട്രക്ഷൻ മാനേജർ ബിക്രം സിങ് റാണയുടെ മൃതദേഹമാണ് ആറാം ദിവസത്തെ തെരച്ചിലിൽ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിലെ മരണസംഖ്യ എട്ടായി. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനും വ്യാപകമായ തിരച്ചിലിനുമൊടുവിലാണ് ബിക്രം സിങ് റാണയുടെ മൃതദേഹം കണ്ടെത്തിയത്.
മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെടുത്തതെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടുണ്ടാക്കിയ വേദന താങ്ങാൻ കുടുംബാംഗങ്ങൾക്ക് കരുത്തുണ്ടാകട്ടെ. അപകടം നടന്ന നിമിഷം മുതൽ പ്രതികൂല സാഹചര്യങ്ങളെ വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ സേനാംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആദരം. അവർ നടത്തിയ സമർപ്പണവും മനുഷ്യസ്നേഹവും എന്നും ഓർമ്മിക്കപ്പെടും മന്ത്രി കുറിച്ചു.
രാവിലെ ആറരയോടെ ആരംഭിച്ച തെരച്ചിലിനിടെ മീനാക്ഷിപ്പാലത്തിന് താഴെ പുഴയോട് ചേർന്ന ഏലത്തോട്ടത്തിലെ കുളത്തിലാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്. കെഡാവർ ഡോഗ് റാംബോ മണം പിടിച്ചെത്തിയതോടെയാണ് പരിശോധന ഈ ഭാഗത്ത് കേന്ദ്രീകരിച്ചത്. തുടർന്ന് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മൃതദേഹം പുറത്തെടുത്തു.
മൃതശരീരം വൈത്തിരി താലൂക്ക് ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം എംബാമിംഗിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. കള്ളാടി മണ്ണിടിച്ചിലിൽ ഇതോടെ എട്ടുപേരുടെ ജീവനാണ് നഷ്ടമായത്. മൂന്നുപേരുടെ മൃതദേഹങ്ങൾ അപകടം നടന്ന ദിവസം തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് കാണാതായ അഞ്ചുപേർക്കായി ദിവസങ്ങളോളം നടത്തിയ തിരച്ചിലിലാണ് ഓരോരുത്തരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കാണാതായവരിൽ അവസാനത്തെയാളായിരുന്നു ഹിമാചൽപ്രദേശ് സ്വദേശിയായ ബിക്രം സിങ് റാണ. അദ്ദേഹത്തെയും കണ്ടെത്തിയതോടെ ദിവസങ്ങളായി തുടരുന്ന ദൗത്യം നിർണായക ഘട്ടത്തിലെത്തി. ദുരന്തമേഖലയിലെ ദൗത്യസേനയുടെ വ്യാപക തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചേക്കും. ആറുദിവസം നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കാണാതായ അവസാനത്തെയാളെയും കണ്ടെത്തി. എട്ട് ജീവനുകൾ നഷ്ടമായ കള്ളാടി ദുരന്തം വയനാടിൻ്റെ ഓർമയിൽ മറ്റൊരു തീരാനൊമ്പരമായി അവശേഷിക്കുന്നു.
യുവജന സന്നദ്ധ സംഘടനകൾ, എൻ.ഡി.ആർ.എഫ്, എസ്.ഒ.ജി, ഫയർഫോഴ്സ്, റാപ്പിഡ് റെസ്പോൺസ് ടീം, വനംവകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ചെളിയും മണ്ണും അടിഞ്ഞ പുഴയുടെ താഴ്ഭാഗത്ത് വരെ സമഗ്രമായ പരിശോധന നടന്നു. പുഴയുടെ മേല്ഭാഗത്ത് ഡ്രോൺ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലുള്ള പരിശോധന നടന്നത്. വിക്രം റാണയ്ക്കായി ഇന്നലെ അമ്പതംഗ സമിതി തീവ്ര പരിശോധന നടത്തിയിരുന്നു.
ദുരന്തം അഞ്ചംഗ സമിതി അന്വേഷിക്കും
കള്ളാടി ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. ദുരന്തത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ പാലിച്ചു എന്ന് പരിശോധിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗസമിതിയുടെ ചുമതലകൾ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി പി രാജേന്ദ്രൻ നയിക്കുന്ന സമിതിയിൽ ജിയോളജിസ്റ്റായ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരുമുണ്ട്. വരും ദിവസങ്ങളിൽ സമിതി ദുരന്ത സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കും. ഒരുമാസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായി സർക്കാർ, സമിതിക്ക് അനുവദിച്ചിരിക്കുന്ന സമയം.
നാടിനെ നടുക്കിയ കള്ളാടി മണ്ണിടിച്ചില്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. എട്ടുപേരെയാണ് മണ്ണിനടിയിൽ കാണാതായത്. എല്ലാവരും ദിലീപ് ബിൽഡ് കോണിലെ ജീവനക്കാരാണ്. ആദ്യദിനം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ അൻമോൽറോദ്റായ്, ബികാഷ് കുമാർ, ചന്ദ്രഭാൻപാൽ എന്നിവരുടെ മൃതദേഹങ്ങളും വ്യാഴാഴ്ച ഇമ്രാൻ അൻസാരി, രാഹുൽശർമ, അസറുദ്ദീൻ അൻസാരി എന്നിവരുടെയും വെള്ളിയാഴ്ച രാകേഷ് ഗുച്ചൈതിൻ്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR