പ്രതികളെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം നടത്തിയ മാവൂർ സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തി
Kozhikode , 12 ജൂലൈ (H.S.) പെരുവയൽ കൊടശ്ശേരി താഴത്ത് സ്വകാര്യ വില്ലയിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം നടത്തിയ മാവൂർ സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തി. ഇന്നലെ രാത്രി മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹ
POLICE ATTACKED BY SUSPECTS


Kozhikode , 12 ജൂലൈ (H.S.)

പെരുവയൽ കൊടശ്ശേരി താഴത്ത് സ്വകാര്യ വില്ലയിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം നടത്തിയ മാവൂർ സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെത്തി. ഇന്നലെ രാത്രി മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ ഒരാളായ ജാസ് മോൻ്റെ മാവൂർ കുതിരാടത്തുള്ള വീട്ടിൽ നിന്നും രണ്ട് വടിവാളുകളും ഒരു നഞ്ചക്കും കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾ മാവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി,ഡിസിപി പഥം സിംഗ്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ ബിശ്വാസ്, എന്നിവർ പൊലീസിന് നേരെ ആക്രമണം നടന്ന കോടശ്ശേരി താഴത്തെ സ്വകാര്യ വില്ലയിൽ എത്തി പരിശോധന നടത്തി.

കൊട്ടാരക്കര സ്വദേശിയായ ഡേവിഡ് കാർമൽ അലക്സ് ആണ് വില്ല വാടകക്ക് എടുത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ അടുത്ത സുഹൃത്താണ് ഒറ്റപ്പാലത്തെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി എഴുപത് കോടി മോചന ദ്രവ്യംആവശ്യപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ആട് ഷമീർ, ഇയാൾക്ക് പുറമെ ഒറ്റപ്പാലം സ്വദേശിയായ വിഷ്ണു സൽമാനും, മാവൂർ സ്വദേശിയായ ജാസ്മോനുമാണ് പൊലീസിൻ്റെ പിടിയിലായത്.

മൂന്ന് ആഴ്ച മുമ്പാണ് ഡേവിഡ് കാർമൽ അലക്സ് പെരുവയലിൽ വില്ല വാടകക്ക് എടുത്ത് താമസം ആരംഭിച്ചത്. ആദ്യം ഫാമിലിയായി താമസിച്ചിരുന്ന ഡേവിഡിൻ്റെ അടുത്തേക്ക് പിന്നീട് സംശയകരമായ സാഹചര്യത്തിൽ ഓരോ ദിവസവും രാപ്പകൽ വ്യത്യാസമില്ലാതെ പലരും വരാറുണ്ടായിരുന്നു. അതിനിടയിലാണ് ഇന്നലെ രാവിലെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലത്ത് നിന്നും എസ്ഐടി സംഘം പ്രതികളെ പിടികൂടാൻ എത്തിയത്.

പൊലീസ് വാതിലിന് മുട്ടിയ ഉടൻ വാതിലിൻ്റെ താക്കോൽ പഴുതിലൂടെ പുറത്തേക്ക് നോക്കിയ പ്രതികൾക്ക് വന്നത് പൊലീസ് ആണെന്ന് വ്യക്തമായി. വാതിൽ തുറന്ന ഉടൻ പൊലീസിന് നേരെ കൈയിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തു എറിയുകയായിരുന്നു. ഉഗ്രശാബ്ദത്തോടെ സ്ഫോടനം നടന്നതോടെ മറ്റ് വില്ലകളിൽ ഉള്ളവർ സംഭവിച്ചത് എന്താണെന്ന് അറിയാതെ ഭയന്ന് വില്ലകളിൽ നിന്നും പുറത്തേക്ക് ഓടിമാറി. അപ്പോഴാണ് പരിക്കേറ്റ പൊലീസ് സംഘത്തെ കാണുന്നത്. ഉടൻ തന്നെ മാവൂർ പൊലീസിലും കുന്ദമംഗലം പൊലീസിലും വിവരമറിയിച്ചു.

മാവൂർ പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ്, കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ കിരൺ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊസ് സ്ഥലത്തെത്തി പ്രതികളെ കീഴ്പെടുത്തുകയായിരുന്നു. അതിനിടയിൽ സ്ഫോടനം നടന്ന മുറിയിൽ ഉണ്ടായിരുന്ന പൂവാട്ടുപറമ്പ് സ്വദേശിയായ മറ്റൊരു പ്രതി പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. പിടിയിലായ നാല് പ്രതികളിൽ ആട് ഷമീർ,വിഷ്ണു സൽമാൻ എന്നിവരെ മാവൂർ പൊലീസ് ഒറ്റപ്പാലം പൊലീസിന് കൈമാറി. മറ്റ് രണ്ട്പ്രതികളായ ഡേവിഡ് കാർമൽ അലക്സ്, ജാസ്മോൻ എന്നിവരെ മാവൂർ പൊലീസും കസ്റ്റഡിയിലെടുത്തു.

നാലു പ്രതികളുടെയും പേരിൽ ആയുധം കൈവശം വെക്കൽ, സ്ഫോടക വസ്തു ഉപയോഗിച്ച് അപായപ്പെടുത്താനുള്ള ശ്രമം, വധശ്രമംഎന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. മാവൂർ പൊലീസിൻ്റെ പിടിയിൽ ഉള്ള ജാസ്മോൻ, ഡേവിഡ് കാർമൽ അലക്സ് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടുത്ത ദിവസം തന്നെ ഒറ്റപ്പാലം പൊലീസിന് കൈമാറിയ രണ്ടുപേർ ഉൾപ്പെടെ നാലു പേരെയും മാവൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News