അനധികൃത നിയമനം : സർക്കാർ നടപടിക്കെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
Thiruvananthapuram , 12 ജൂലൈ (H.S.) കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത യോഗ്യതാ വിവാദങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലും ഉൾപ്പെടുകയും, രാഷ്ട്രീയ സ്വാധീനത്താൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ഡോ. എം. അബ്ദുൽ റഹ്മാനെ സി-ഡിറ
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി


Thiruvananthapuram , 12 ജൂലൈ (H.S.)

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത യോഗ്യതാ വിവാദങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലും ഉൾപ്പെടുകയും, രാഷ്ട്രീയ സ്വാധീനത്താൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ഡോ. എം. അബ്ദുൽ റഹ്മാനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ച യു.ഡി.എഫ് സർക്കാരിന്റെ നടപടി ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും സമൂഹത്തിൽ ഇത് തെറ്റായ സന്ദേശം നൽകുമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെ നിർണായകമായ ഐ.ടി പ്രോജക്ടുകളും സുപ്രധാന വിവരങ്ങളും കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിന് കീഴിലെ മുൻനിര സ്ഥാപനമായ സിഡിറ്റിന്റെ ഡയറക്ടറായാണ് അബ്ദുൽ റഹ്മാൻ നിയമനം നൽകിയിരിക്കുന്നത്. പ്രഗത്ഭരായ കമ്പ്യൂട്ടർ വിദഗ്ധരായ നിരവധി സീനിയർ യൂണിവേഴ്സിറ്റി പ്രൊഫസർമാരെ ഒഴിവാക്കിയാണ് കേരള സർവകലാശാലയിൽ നിന്നും സപ്ലിമെൻററി പരീക്ഷയിലൂടെ എംടെക് പരീക്ഷ പാസായ അബ്ദുൽ റഹ്മാനെ നിയമിച്ചതെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് ഭരണനേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ഡോ. അബ്ദുൽ റഹ്മാൻ. സി-ആപ്റ്റ് (C-APT) മാനേജിങ് ഡയറക്ടറായിരിക്കെ, അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ സഹായിക്കാനായി നയതന്ത്ര ചാനൽ വഴിയെത്തിയ പാഴ്സലുകൾ ഔദ്യോഗിക വാഹനം ഉപയോഗിച്ച് കടത്തിയെന്ന ഗുരുതരമായ ആരോപണത്തിൽ എൻ.ഐ.എ, ഇ.ഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടുള്ളതാണ്.

മുസ്ലിം ലീഗിനെയും പ്രത്യേകിച്ച് ഇപ്പോഴത്തെ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെയും നിരന്തരം രാഷ്ട്രീയമായി വേട്ടയാടുകയും പരിഹസിക്കുകയും ചെയ്ത കെ.ടി. ജലീലിന്റെ ഏറെ വിശ്വസ്തനായി പ്രവർത്തിച്ച ഒരാൾക്ക് യു.ഡി.എഫ് സർക്കാർ ഉന്നത പദവി നൽകിയത് ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുന്ന പ്രവർത്തകരിലും അണികളിലും കടുത്ത അമർഷവും നിരാശയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സി-ആപ്റ്റിലെ സേവനങ്ങൾക്കുള്ള പ്രത്യുപകാരമെന്നോണം, എൽ.ഡി.എഫ് സർക്കാർ എല്ലാ സീനിയോറിറ്റി മാനദണ്ഡങ്ങളും എ.ഐ.സി.ടി.ഇ മാർഗ്ഗരേഖകളും കാറ്റിൽപ്പറത്തി ഇദ്ദേഹത്തെ എൽ.ബി.എസ് സെന്റർ ഡയറക്ടറായി നിയമിക്കുകയായിരുന്നു.. ഈ വഴിവിട്ട നിയമനത്തിനെതിരെ വ്യാപകമായ ആക്ഷേപങ്ങൾ ഉയർന്നതിനെത്തുടർന്ന് യു.ഡി.എഫ് സർക്കാർ ഇദ്ദേഹത്തെ എൽ.ബി.എസ് ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കം ചെയ്തിട്ട് ഏതാനും ദിവസങ്ങൾ മാത്രമാണായത്.

എന്നാൽ തൊട്ടുപിന്നാലെ സി-ഡിറ്റ് പോലുള്ള മറ്റൊരു നിർണായക സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഇദ്ദേഹത്തെ നിയമിച്ചതിൽ ദുരൂഹതയുണ്ട്.

കൂടാതെ, സ്ഥിരക്കാരും താത്കാലികക്കാരുമായി സി.പി.എം അനുഭാവികളായ നൂറുകണക്കിന് ജീവനക്കാർ വൻതോതിൽ കുത്തിനിറയ്ക്കപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ് സി-ഡിറ്റ്. കഴിഞ്ഞ ഭരണകാലത്ത് ചട്ടവിരുദ്ധമായി സി-ഡിറ്റിൽ കയറിക്കൂടിയ താത്കാലിക ജീവനക്കാരെ സംരക്ഷിക്കാനും മുൻ സർക്കാരിന്റെ താല്പര്യങ്ങൾ നിലനിർത്താനും വേണ്ടിയാണ് ഈ നിയമനം എന്ന ശക്തമായ സംശയം പൊതുസമൂഹത്തിൽ ഉയരുകയാണ്.

കഴിഞ്ഞ ഭരണകാലത്ത് യു.ഡി.എഫ് ആഭിമുഖ്യം പുലർത്തിയതിന്റെ പേരിൽ മാത്രം യോഗ്യരായ നിരവധി പ്രൊഫഷണലുകളും അധ്യാപകരും സുപ്രധാന പദവികളിൽ നിന്നും ആസൂത്രിതമായി പാർശ്വവത്കരിക്കപ്പെട്ടിരുന്നു. അവരെയെല്ലാം അവഗണിച്ചുകൊണ്ട്, എൽ.ഡി.എഫിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി നിലകൊണ്ട ഒരാളെ സർക്കാർ ഉടമയിലുള്ള പ്രമുഖ ഐ.ടി സ്ഥാപനത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിവര സാങ്കേതിക വകുപ്പ് മന്ത്രിക്കും സേവ് യുൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News