Enter your Email Address to subscribe to our newsletters

Kochi , 12 ജൂലൈ (H.S.)
കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുതിയ കരുത്തേകാൻ മൂന്നാമത് റോ-റോ വെസലായ 'സേതുസാഗർ 3 വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കൊച്ചി നഗര സഭയുടെ മൂന്നാമത് റോറോ വെസൽ 'സേതുസാഗർ 3' യുടെ ഉദ്ഘാടനം വൈപ്പിൻ ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വെസൽ എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും. നഗരസഭയുടെ ഈ മികച്ച ചുവടുവെപ്പ് അഭിനന്ദനാർഹമാണ്.
കൊച്ചിയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി 190 MLD ശേഷിയുള്ള ജലപദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ ഫോർട്ട് കൊച്ചി ബീച്ചിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ബീച്ച് നവീകരണത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
കൊച്ചിയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള വലിയ വികസന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. അത്യാധുനിക രീതിയിലുള്ള ഓഷ്യനേറിയം, ഫിലിം സിറ്റി, രാജ്യാന്തര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായി കൊച്ചി മാറും. പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോറോ സർവീസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച കൊച്ചി നഗരസഭയുടെ തീരുമാനം പ്രശംസനീയമാണ്. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്ന സാമ്പത്തിക ലാഭം അവരുടെ സ്വന്തം സമ്പാദ്യമായി മാറ്റിവെക്കണം. സ്ത്രീകൾക്ക് സമൂഹത്തിൽ ആത്മവിശ്വാസവും അഭിമാനവും വളർത്താൻ ഇത്തരം സ്വന്തം സമ്പാദ്യങ്ങൾ സഹായിക്കുമെന്നുംഅതിനായി കെ.എസ്.എഫ്.ഇ വഴി ഒരു പിങ്ക് ചിട്ടി ആരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കൊച്ചി മേയർ വി.കെ. മിനിമോൾ
അധ്യക്ഷയായി. എം.എൽ. എ. മാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, കൊച്ചി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ, കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ, സി എസ് എം എൽ സി ഇ ഒ അരുൺ എൻ. നായർ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് സി ആൻ്റ് എം.ഡി വി. ജെ ജോസ്, റവ. ഡോ ആൻ്റണി കാട്ടിപറമ്പിൽ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR