Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 ജൂലൈ (H.S.)
തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ച ആലപ്പുഴ രക്ഷാപ്രവർത്തന മർദ്ദനക്കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളിൽ എഡിജിപിക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കേസ് അട്ടിമറിക്കാൻ എഡിജിപി ഇടപെട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി (ഡിജിപി) തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് നാളെയോ മറ്റെന്നാളോ ആഭ്യന്തരവകുപ്പിന് കൈമാറും.
മുൻ ഇടത് സർക്കാരിന്റെ കാലത്ത് നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മർദ്ദിച്ച സംഭവമാണ് 'രക്ഷാപ്രവർത്തനം' എന്ന പേരിൽ വിവാദമായത്. ഈ കേസ് അട്ടിമറിക്കാൻ എഡിജിപി എം.ആർ. അജിത് കുമാർ വഴിവിട്ട് ഇടപെട്ടെന്നും കേസ് ഡയറി തിരുത്താൻ നിർദ്ദേശം നൽകിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നത്. എഡിജിപിക്കെതിരായ ഗുരുതരമായ പരാമർശങ്ങളും കണ്ടെത്തലുകളും ഡിജിപിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
നിയമനടപടികൾ മുൻകൂട്ടി കണ്ട് ആഭ്യന്തരവകുപ്പ്
നടപടിയുണ്ടായാൽ അതിനെതിരെ എഡിജിപി അജിത് കുമാറിന് എളുപ്പത്തിൽ കോടതിയെ സമീപിക്കാൻ അവസരം ഒരുക്കാത്ത തരത്തിൽ, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം റിപ്പോർട്ട് സമർപ്പിക്കാനെന്ന് ആഭ്യന്തരവകുപ്പ് ഡിജിപിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് കൃത്യമായ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിക്കൊണ്ട് നിയമപരമായി അജിത് കുമാറിനെ പൂട്ടാനാണ് ആഭ്യന്തരവകുപ്പിന്റെ നീക്കം.
18 ദിവസത്തെ പൂഴ്ത്തിവെപ്പും കോൺഗ്രസിലെ പുകിലും
അതേസമയം, അന്വേഷണസംഘം സമർപ്പിച്ച ഈ നിർണായക റിപ്പോർട്ട് 18 ദിവസമായി പോലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. എഡിജിപിക്ക് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോർട്ടിൽ നടപടിയെടുക്കാതെ വൈകിപ്പിച്ചത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതോടെ എഡിജിപിയെ ആഭ്യന്തരവകുപ്പ് ബോധപൂർവ്വം സംരക്ഷിക്കുകയാണെന്ന തരത്തിലുള്ള വിമർശനങ്ങൾ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ തന്നെ സജീവമായി ചർച്ച ചെയ്യപ്പെട്ടു.
ഭരണ മുന്നണിയിലെ പ്രമുഖ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടപടി വൈകാൻ കാരണമെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ വലിയ പുകിലിന് കാരണമായി. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലടക്കം സർക്കാരിനും കോൺഗ്രസിനും വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകി.
ചെന്നിത്തലയുടെ കർശന ഇടപെടൽ
വിഷയം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായി വളർന്നതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടത്. ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും, കുറ്റാരോപിതനായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ എത്രയും വേഗം കർശനമായ നടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം ഡിജിപിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെയാണ് ദിവസങ്ങളായി അനക്കമില്ലാതിരുന്ന ഫയലുകളിൽ ഇപ്പോൾ അതിവേഗ നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കേരള പോലീസിലെ വലിയൊരു അഴിച്ചുപണിക്കൂടി ഈ സംഭവം വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K