Enter your Email Address to subscribe to our newsletters

Haridwar, 12 ജൂലൈ (H.S.)
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് ധാം ക്ഷേത്രത്തിലെ കാണിക്കപ്പണം അപഹരിച്ചതുമായി ബന്ധപ്പെട്ട കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്നും ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി കൈലാസാനന്ദ് ഗിരി മഹാരാജും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (NCBC) അധ്യക്ഷ സാധ്വി നിരഞ്ജൻ ജ്യോതിയും ആവശ്യപ്പെട്ടു. കേസിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നടപടികളിൽ ഇരുവരും പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിഷയത്തിൽ പ്രതികരിച്ച സ്വാമി കൈലാസാനന്ദ് ഗിരി മഹാരാജ്, അഴിമതി നടത്തിയവർക്കെതിരെ അടിയന്തരമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടൊപ്പം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു നിലപാടും അദ്ദേഹം മുന്നോട്ടുവെച്ചു. ക്ഷേത്രങ്ങൾ ഒരിക്കലും സർക്കാരിന്റെ ഭരണനിയന്ത്രണത്തിൽ ആയിരിക്കരുത് എന്നും, അവ ആത്മീയ നേതാക്കൾ, ഭക്തർ, സ്വതന്ത്ര ട്രസ്റ്റുകൾ എന്നിവരുടെ കീഴിലാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ധാമിയുടെ നേതൃത്വത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, നിയമം അതിന്റെ വഴിക്ക് പോകുമെന്നും വിശ്വാസം കൊണ്ട് കളിക്കുന്നവർക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കുമെന്നും എൻ.സി.ബി.സി അധ്യക്ഷ സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. ഇതിനായി പ്രത്യേക എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ടെന്നും എവിടെ അപാകതകൾ ഉണ്ടായാലും നടപടി ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. വി.ഐ.പികളും സാധാരണ ഭക്തരും തമ്മിലുള്ള വ്യത്യാസം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. വൃന്ദാവനത്തിൽ സാധാരണക്കാർക്കായി ഒരുക്കിയിരിക്കുന്ന മികച്ച സൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച അവർ, എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും സാധാരണക്കാർക്ക് എളുപ്പത്തിൽ ദർശനം നടത്താൻ സാധിക്കുന്ന തരത്തിൽ വി.ഐ.പി സംസ്കാരം ഒഴിവാക്കണമെന്നും അഭിപ്രായപ്പെട്ടു.
അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതിയിലെ (BKTC) ധനകാര്യ അപാകതകളുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാർ ഇതിനകം തന്നെ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വി.ഐ.പി അതിഥികളുടെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കായി ക്ഷേത്രത്തിന്റെ ഫണ്ടിൽ നിന്നും യോഗ്യതയുള്ള അധികാരികളുടെ അനുമതിയില്ലാതെ തുക വകമാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മുൻ കേദാർനാഥ് മാനേജർ, അന്നത്തെ ചീഫ് ഇൻ-ചാർജ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ ടൂറിസം-മതകാര്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ, കേസിനാസ്പദമായ സംഭവത്തിൽ അഞ്ച് സാക്ഷികളുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തെ ബാങ്ക് ഇടപാട് രേഖകൾ സമർപ്പിക്കാൻ ക്ഷേത്ര സമിതിയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 2-ലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്, ഇതിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കാണിക്കപ്പണം എണ്ണുന്ന മുറിയിൽ നിന്ന് സംശയാസ്പദമായ രീതിയിൽ പണം ശേഖരിക്കുന്നത് വ്യക്തമായി കാണാമെന്ന് ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു. കേസിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് ക്ഷേത്ര ഭരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K