Enter your Email Address to subscribe to our newsletters

Pathanamthitta , 12 ജൂലൈ (H.S.)
പത്തനംതിട്ട: കാറ്റും മഴയും കനത്തതോടെ പത്തനംതിട്ട ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങളുടെ ജീവിതം അതീവ ദുഷ്കരമാകുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുന്ന ഇവിടുത്തെ താമസക്കാർക്ക് മേൽ കാലപ്പഴക്കം ചെന്ന വീടുകളുടെ തകർച്ചയും കാട്ടാന ആക്രമണവും ഇരട്ടി പ്രഹരമായിരിക്കുകയാണ്. കിടപ്പാടമില്ലാത്തതിന്റെ പേരിൽ സാധുജന വിമോചന വേദിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത് എസ്റ്റേറ്റിൽ കുടിൽ കെട്ടി താമസം തുടങ്ങിയവരാണ് ഇവർ. പിന്നീട് ഭൂമി അളന്നുതിരിച്ച് വീടുവച്ച് താമസമാക്കിയെങ്കിലും ഇന്നും നരകതുല്യമായ സാഹചര്യത്തിലാണ് ഇവർ ജീവിക്കുന്നത്.
സമരഭൂമിയിലെ തദ്ദേശവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്തതാണ്. ആധുനിക കാലത്തും വെളിച്ചവും വെള്ളവുമില്ലാതെ ഇരുട്ടിലാണ് ഈ മനുഷ്യർ കഴിയുന്നത്. വഴി സൗകര്യം പോലും ഇല്ലാത്തതിനാൽ ഇവിടേക്ക് നിർമ്മാണ സാമഗ്രികൾ എത്തിക്കുക അസാധ്യമാണ്. തന്മൂലം കിട്ടിയ സാധനങ്ങളും മൺകട്ടകളും വച്ച് നിർമ്മിച്ച താൽക്കാലിക വീടുകൾ പലതും ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. അടുത്തിടെ സർക്കാർ ഇവർക്ക് റേഷൻ കാർഡ് അനുവദിച്ചത് നേരിയ ആശ്വാസമായെങ്കിലും, മറ്റ് ജീവൽപ്രധാനമായ ആവശ്യങ്ങളോട് അധികാരികൾ ഇപ്പോഴും മുഖം തിരിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.
പട്ടിണിക്ക് പുറമെ കാട്ടാന ഭീഷണിയും
മഴ ശക്തമായതോടെ വീടുകൾ ചോർന്നൊലിക്കുന്നതിന് പുറമെ കാട്ടാന ശല്യവും ഇവിടെ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സമരഭൂമിയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മൺകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു വീട് കാട്ടാന പൂർണ്ണമായും തകർത്തു. ഇതിന് പുറമെ സമീപത്തെ പ്ലാവ് പിഴുതുമറിച്ചിട്ടതിനെ തുടർന്ന് മറ്റൊരു വീടിനും മാരകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ വീടും ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. കാട്ടാന ആക്രമണമുണ്ടായാൽ ജീവനും കൊണ്ട് ഓടി രക്ഷപെടാൻ പോലും കൃത്യമായ വഴികളില്ലാത്ത അവസ്ഥയിലാണ് ഇവിടുത്തെ കുടുംബങ്ങൾ.
അധികൃതരുടെ അവഗണന അവസാനിപ്പിക്കണം
വർഷങ്ങളായി ഞങ്ങൾ ഇവിടെ കഴിയുന്നു. ഒരു റേഷൻ കാർഡ് കിട്ടിയതൊഴിച്ചാൽ ഭയമില്ലാതെ കിടന്നുറങ്ങാൻ ഒരു നല്ല വീടോ, കുടിക്കാൻ വെള്ളമോ, വെളിച്ചമോ ഇല്ല. വന്യമൃഗങ്ങൾ എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ ജീവനെടുക്കാം എന്ന അവസ്ഥയിലാണ്, സമരഭൂമിയിലെ ഒരു താമസക്കാരൻ ദുരിതം വിവരിച്ചു.
കുട്ടികളും വയോധികരുമടങ്ങുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ചെങ്ങറയിൽ ഭീതിയോടെ കഴിയുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തകർച്ചയിലായ വീടുകൾ പുനർനിർമ്മിക്കാനും, കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ചെങ്ങറ സമരഭൂമിയിലെ താമസക്കാരുടെ ശക്തമായ ആവശ്യം.
---------------
Hindusthan Samachar / Roshith K