Enter your Email Address to subscribe to our newsletters

Newdelhi , 12 ജൂലൈ (H.S.)
ന്യൂഡൽഹി: യു.എസ്-ഇറാൻ യുദ്ധം ആഗോളതലത്തിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ, പശ്ചിമേഷ്യയിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം. ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ വാണിജ്യ ചരക്കുകപ്പലായ 'ജി.എഫ്.എസ് ഗാലക്സി'ക്ക് (GFS Galaxy) നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനെ കാണാതായി. കപ്പലിലുണ്ടായിരുന്ന മറ്റ് പത്ത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള ചരക്കുനീക്കത്തിന് നേരെ നടക്കുന്ന ഇത്തരം തരംതാഴ്ന്ന നീക്കങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
അടിയന്തര തിരച്ചിൽ ഊർജ്ജിതമാക്കി ഒമാൻ
കപ്പലിൽ ആകെ 11 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ പത്ത് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചുവെങ്കിലും കാണാതായ ഒരു ഇന്ത്യൻ പൗരനായി കടലിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ഒമാൻ സർക്കാരിന്റെയും അവിടുത്തെ സുരക്ഷാ സേനയുടെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മസ്കറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകുന്ന ഒമാൻ ഭരണകൂടത്തിന് ഇന്ത്യ നന്ദി അറിയിച്ചു.
സംഘർഷം ലഘൂകരിക്കണമെന്ന് ഇന്ത്യ
മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം ആക്രമണങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെയും കപ്പൽ ജീവനക്കാരുടെ സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. മേഖലയിലെ സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഞങ്ങൾ വീണ്ടും ആവശ്യപ്പെടുന്നു. കപ്പലുകളെയും സാധാരണക്കാരായ ജനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കം എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതുണ്ട്, വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ
അമേരിക്കയും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതോടെയാണ് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം കടുത്തത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ മറ്റൊരു വാണിജ്യ കപ്പൽ കൂടി ആക്രമിച്ചതായി ആരോപിച്ച് യു.എസ് സേന ഇറാന് മേൽ വൻ വ്യോമാക്രമണം നടത്തിയിരുന്നു. ഡ്രോണുകളും യുദ്ധക്കപ്പലുകളും ഉപയോഗിച്ച് ഏകദേശം 140 ഓളം ഇറാൻ സൈനിക താവളങ്ങളാണ് അമേരിക്ക തകർത്തത്.
ഇതിന് പ്രതികാരമായി ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച ഖത്തറിലും യു.എ.ഇയിലും വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടതായും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കെതിരെ യു.എ.ഇ ഭരണകൂടം പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വഴി വിജയകരമായി തകർത്തതായി ഖത്തർ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നത്.
---------------
Hindusthan Samachar / Roshith K