ദേവാൻഷിന്റെ മരണം: അനസ്തേഷ്യ നൽകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതികളായ മൂന്ന് വനിതാ ഡോക്ടർമാരെയും പൊലീസ് ചോദ്യം ചെയ്യും
Payyannur , 12 ജൂലൈ (H.S.) പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ഒന്നരവയസ്സുകാരൻ ദേവാൻഷ് ശൗര്യ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിന് അനസ്തേഷ്യ (ബോധക്ഷയ മരുന്ന്) നൽകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്
ദേവാൻഷിന്റെ മരണം: അനസ്തേഷ്യ നൽകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതികളായ മൂന്ന് വനിതാ ഡോക്ടർമാരെയും പൊലീസ് ചോദ്യം ചെയ്യും


Payyannur , 12 ജൂലൈ (H.S.)

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ ഒന്നരവയസ്സുകാരൻ ദേവാൻഷ് ശൗര്യ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിന് അനസ്തേഷ്യ (ബോധക്ഷയ മരുന്ന്) നൽകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടിക്ക് അനസ്തേഷ്യ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന ബന്ധുക്കളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ. സംഭവത്തിൽ പ്രതികളായ മൂന്ന് വനിതാ ഡോക്ടർമാരെയും പോലീസ് ഉടൻ ചോദ്യം ചെയ്യും.

കുട്ടിക്ക് സംഭവിച്ച മുറിവ് ബോധം കെടുത്തി ശസ്ത്രക്രിയ നടത്തേണ്ട തരത്തിലുള്ള ഒന്നായിരുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അനസ്തേഷ്യ നൽകി വെറും 10 മിനിറ്റിനകം തന്നെ കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ വിതരണവും ക്രമാതീതമായി കുറഞ്ഞു വന്നു. തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതായതോടെയാണ് കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തതെന്നാണ് റിപ്പോർട്ടിലെ പരാമർശം. ചികിത്സയിൽ സംഭവിച്ച ഗുരുതരമായ അനാസ്ഥയിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.

കൂടുതൽ വിദഗ്ധ പരിശോധനകൾ നടത്തുന്നതിനായി ഒന്നര വയസ്സുകാരന്റെ ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത കൈവരും. നിലവിൽ ലഭ്യമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ നൽകിയ ചികിത്സാ വിവരങ്ങളും (Case Sheet) ഒരു പ്രത്യേക മെഡിക്കൽ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ഈ വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ട് ഉടൻ തന്നെ ആരോഗ്യവകുപ്പിന് കൈമാറും.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കൽ നെഗ്ലിജൻസ് (ചികിത്സാ പിഴവ്) ആരോപിക്കപ്പെട്ട മൂന്ന് ഡോക്ടർമാർക്കെതിരെ അന്വേഷണസംഘം നടപടി ശക്തമാക്കി. അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാൾ, പീഡിയാട്രീഷൻ ഡോക്ടർ ആശ, സർജൻ ഡോക്ടർ ആരതി അന്തർജനം എന്നിവരോട് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാവാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള തുടനടപടികളിലേക്ക് പോലീസ് കടക്കുക. ഒന്നരവയസ്സുകാരന്റെ വേർപാടിൽ പയ്യന്നൂരും പരിസരപ്രദേശങ്ങളും വലിയ രീതിയിലുള്ള പ്രതിഷേധത്തിലാണ്.

---------------

Hindusthan Samachar / Roshith K


Latest News