ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബം ഒഴിയണം; കടുത്ത നിലപാടുമായി ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണൻ
Thiruvananthapuram, 12 ജൂലൈ (H.S.) തിരുവനന്തപുരം: ശബരിമലയിലെ പരമ്പരാഗത തന്ത്രി പദവിയിൽ നിന്ന് താഴ്മൺ കുടുംബം അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവും മുൻ പിഎസ്സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ശബരിമല തന്ത്രി കുടുംബത്തിന്റ
ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബം ഒഴിയണം; കടുത്ത നിലപാടുമായി ബിജെപി നേതാവ് ഡോ. കെ.എസ്. രാധാകൃഷ്ണൻ


Thiruvananthapuram, 12 ജൂലൈ (H.S.)

തിരുവനന്തപുരം: ശബരിമലയിലെ പരമ്പരാഗത തന്ത്രി പദവിയിൽ നിന്ന് താഴ്മൺ കുടുംബം അടിയന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവും മുൻ പിഎസ്സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണൻ. ശബരിമല തന്ത്രി കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായ ചില സമീപകാല സംഭവവികാസങ്ങൾ ക്ഷേത്രത്തിനും കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തർക്കും വലിയ രീതിയിലുള്ള അവമതിപ്പും ദുഃഖവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ നിലപാട് പരസ്യമാക്കിയത്.

വിശ്വാസികളുടെ വികാരങ്ങളെയും ക്ഷേത്രാചാരങ്ങളെയും സംരക്ഷിക്കേണ്ടവർ തന്നെ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കുറിച്ചു. ശബരിമലയിലെ തന്ത്രിയെ നിയമിക്കാനുള്ള പൂർണ്ണമായ അധികാരം തിരുവിതാംകൂർ ദേവസ്വം ബോർഡിനുണ്ട്. നിയമിക്കാൻ അധികാരമുള്ള ദേവസ്വം ബോർഡിന്, ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ കുറ്റകരമായ മനോഭാവം കാണിക്കുന്നവരെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും നിയമപരമായി പൂർണ്ണ അധികാരമുണ്ടെന്ന് കെ.എസ്. രാധാകൃഷ്ണൻ ഓർമ്മിപ്പിച്ചു. തന്ത്രിസ്ഥാനം എന്നത് ആചാരപരമായ പദവി മാത്രമല്ല, അത് ഭക്തരുടെ വിശ്വാസവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല പോലുള്ള ഒരു മഹാക്ഷേത്രത്തിന്റെ അന്തസ്സിനും ആചാരശുദ്ധിക്കും കോട്ടം തട്ടുന്ന തരത്തിലുള്ള വിവാദങ്ങളിൽ തന്ത്രി കുടുംബം ഉൾപ്പെടുന്നത് നിർഭാഗ്യകരമാണ്. ഇത് ഭക്തജനങ്ങളുടെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ആചാരങ്ങൾ ലംഘിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ പദവിക്ക് നിരക്കാത്ത കാര്യങ്ങൾ സംഭവിക്കുമ്പോഴോ ദേവസ്വം ബോർഡ് നിശ്ശബ്ദത പാലിക്കരുത്. വിശ്വാസികളുടെ പക്ഷത്തുനിന്നുകൊണ്ട് ബോർഡ് ഉചിതമായ നടപടി സ്വീകരിക്കാൻ തയ്യാറാകണം. ആചാര സംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ ഡോ. കെ.എസ്. രാധാകൃഷ്ണൻ തന്ത്രി കുടുംബത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് രാഷ്ട്രീയ-ഹൈന്ദവ സംഘടനകൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്ത് തന്ത്രി കുടുംബത്തെ പൂർണ്ണമായി പിന്തുണച്ചിരുന്ന നിലപാടിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോൾ തന്ത്രിമാരെ മാറ്റണമെന്ന ആവശ്യം ബിജെപി നേതാവ് തന്നെ ഉയർത്തിയത് ഹൈന്ദവ സംഘടനകൾക്കുള്ളിലും ദേവസ്വം ബോർഡിലും പുതിയ ചർച്ചകൾക്ക് കാരണമായേക്കും. വിഷയത്തിൽ താഴ്മൺ കുടുംബത്തിന്റെയോ ദേവസ്വം ബോർഡിന്റെയോ ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

---------------

Hindusthan Samachar / Roshith K


Latest News