പി.എം ശ്രീ പദ്ധതി: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം
Thiruvananthapuram, 12 ജൂലൈ (H.S.) തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ ''പി.എം ശ്രീ'' (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത
പി.എം ശ്രീ പദ്ധതി: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി പിണറായിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം


Thiruvananthapuram, 12 ജൂലൈ (H.S.)

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ 'പി.എം ശ്രീ' (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടൻ. ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകുമോ എന്നത് നിയമവിദഗ്ധർ ആഴത്തിൽ പരിശോധിക്കേണ്ട കാര്യമാണെന്നും, സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി ഇതിൽ നിന്ന് പിന്മാറാൻ അവസരമില്ലെന്നും അദ്ദേഹം തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും പൂർണ്ണമായും വെട്ടിലാക്കുന്നതാണ് പാർട്ടിയോട് ആഭിമുഖ്യമുള്ള വിദ്യാഭ്യാസ വിദഗ്ധന്റെ ഈ തുറന്നുപറച്ചിൽ.

എൽ.ഡി.എഫ് മന്ത്രിസഭയിൽ കൃത്യമായ ചർച്ചകൾ നടത്താതെയാണ് പദ്ധതിയുടെ ധാരണാപത്രത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതെന്ന ഗുരുതരമായ അപാകതയും ലേഖനം മുന്നോട്ടുവെക്കുന്നുണ്ട്. സാധാരണ നിലയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളിൽ വകുപ്പുതല തീരുമാനങ്ങൾ എടുത്താൽ മതിയാകും. എന്നാൽ പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു. ചില മന്ത്രിമാർ ഇതിനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് അന്ന് മാറ്റിവെച്ച ഫയലിലാണ്, പിന്നീട് മന്ത്രിസഭയുടെ പുനഃഅംഗീകാരം നേടാതെ 2025 ഒക്ടോബർ 25-ന് ഒപ്പുവെച്ചത്. ഇത് വലിയൊരു ഭരണപരമായ അപാകതയായി ചൂണ്ടിക്കാണിക്കാമെന്ന് രതീഷ് കാളിയാടൻ വ്യക്തമാക്കുന്നു.

ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം, പൊതുജനതാത്പര്യം മുൻനിർത്തി 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ഈ കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു മാത്രമാണ് ഉള്ളത്. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് പിന്മാറാനുള്ള യാതൊരു വ്യവസ്ഥയും ഈ കരാറിൽ എവിടെയും ഉൾപ്പെടുത്തിയിട്ടില്ല. കരാറിലെ നിബന്ധനകളിൽ എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തണമെങ്കിൽ അത് ഇരുവിഭാഗത്തിന്റെയും പരസ്പര സമ്മതത്തോടെ മാത്രമേ സാധ്യമാകൂ. സമഗ്ര ശിക്ഷാ കേരളയ്ക്ക് (SSK) ന്യായമായി ലഭിക്കേണ്ട കേന്ദ്ര ഫണ്ട് തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ് അന്ന് പിണറായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. എന്നാൽ പിന്നീട് ഇതിനെതിരെ ഭരണ-പ്രതിപക്ഷ കക്ഷികളിൽ നിന്ന് വലിയ വിമർശനം ഉയർന്നതോടെയാണ് ഒപ്പിട്ട നടപടി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതും 2025 നവംബറിൽ കേന്ദ്രത്തിന് കത്തയച്ചതും.

നിലവിലെ വി.ഡി. സതീശൻ സർക്കാരിന് മുന്നിൽ രണ്ട് വഴികളാണ് ഉള്ളതെന്ന് ലേഖനം വിലയിരുത്തുന്നു. ഒന്ന്, ധാരണാപത്രം ഒപ്പിട്ടതിനാൽ പദ്ധതിയുമായി മുന്നോട്ട് പോവുകയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) നിർദേശങ്ങൾക്കനുസരിച്ച് വിദ്യാലയങ്ങളെ മാറ്റുകയും ചെയ്യുക. രണ്ട്, വരുംവരായ്കകൾ എന്തൊക്കെയായാലും പി.എം ശ്രീ പദ്ധതി നടപ്പിലാക്കില്ലെന്ന ശക്തമായ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക. നിയമപരമായ സാധ്യതകൾക്കപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് മതേതര കേരളം പ്രതീക്ഷിക്കുന്നതെന്നും രതീഷ് കാളിയാടൻ കുറിക്കുന്നു.

മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിലെ പ്രധാന ഉപദേശകനായിരുന്ന വ്യക്തിയിൽ നിന്ന് തന്നെ ഇത്തരം ഒരു വിമർശനം ഉയർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് സിപിഐഎം ഇതുവരെ രാഷ്ട്രീയ പ്രചാരണം നടത്തിയതെന്ന ആരോപണത്തിന് ഈ ലേഖനം കൂടുതൽ ശക്തി പകരും.

---------------

Hindusthan Samachar / Roshith K


Latest News