Enter your Email Address to subscribe to our newsletters

Thiruvananthapuram , 12 ജൂലൈ (H.S.)
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ പൊതുജനാരോഗ്യ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അമിത തിരക്കിനും രോഗികൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിനും താൽക്കാലിക ആശ്വാസം. ആശുപത്രിയിൽ എത്തുന്ന രോഗികൾ ഇനിമുതൽ വാർഡുകളിലെ നിലത്തു കിടന്ന് ചികിത്സ തേടേണ്ടി വരില്ല. കിടക്കകളുടെ ക്ഷാമം മൂലം ദുരിതത്തിലായ രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം ഉൾപ്പെടെയുള്ള വാർഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിനുമായാണ് ആരോഗ്യവകുപ്പിന്റെ ഈ അടിയന്തിര ഇടപെടൽ.
രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പുലയനാർകോട്ട ആശുപത്രിയിൽ നൂറോളം പുതിയ കിടക്കകളാണ് നിലവിൽ പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ തക്കവണ്ണം ഈ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദുരിതനാളുകൾക്ക് അറുതി; കട്ടിലും മെത്തയും രോഗികളുടെ അവകാശം
ഇന്നലെ വരെ മെഡിക്കൽ കോളേജിലെ വാർഡുകളിലും വരാന്തകളിലും കട്ടിലുകൾ ലഭിക്കാതെ തറയിൽ വിരിച്ച പായയിലും തുണികളിലും തണുത്തുവിറച്ച് കിടന്നിരുന്ന നിർധനരായ രോഗികൾക്ക് സർക്കാരിന്റെ പുതിയ തീരുമാനം വലിയ ആശ്വാസമാണ് പകരുന്നത്. മതിയായ ചികിത്സയും വിശ്രമവും ലഭിക്കേണ്ട രോഗികൾ, പ്രത്യേകിച്ച് പകർച്ചപ്പനി ബാധിതർ, വരാന്തകളിൽ വീൽചെയറിലും സ്ട്രക്ച്ചറിലും ഇരുന്നും കിടന്നുമാണ് ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവ് മെഡിക്കൽ കോളേജിലെ വാർഡുകളെ ശ്വാസം മുട്ടിച്ചിരുന്നു.
കട്ടിലും മെത്തയും മികച്ച ചികിത്സയും ഓരോ രോഗിയുടെയും അടിസ്ഥാനപരമായ അവകാശമാണെന്ന വ്യക്തമായ സർക്കാർ നിലപാടിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഈ കൃത്യമായ നടപടിയിലേക്ക് കടന്നത്. ആശുപത്രിയിൽ എത്തുന്ന ഒരു രോഗിയെപ്പോലും തറയിൽ കിടത്തി ചികിത്സിക്കരുത് എന്ന കർശനമായ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് രോഗികളെ പുലയനാർകോട്ടയിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പ് അടിയന്തിര യോഗം ചേർന്ന് തീരുമാനമെടുത്തത്.
മാസ്റ്റർ പ്ലാനും ജനറൽ ആശുപത്രി വികസനവും
മെഡിക്കൽ കോളേജിലെ അമിത ഭാരം കുറയ്ക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപത്രിയെക്കൂടി ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനറൽ ആശുപത്രിയിലെ കാർഡിയോളജി ഉൾപ്പെടെയുള്ള പ്രധാന സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം 24 മണിക്കൂറും കാര്യക്ഷമമാക്കും. ഇതോടൊപ്പം ജനറൽ ആശുപത്രിയിൽ അത്യാധുനിക സി.ടി സ്കാനിംഗ് സൗകര്യം കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും പുതിയ കാന്റീൻ സംവിധാനം അടിയന്തിരമായി ഒരുക്കാനും നിർദ്ദേശമുണ്ട്.
മെഡിക്കൽ കോളേജിന്റെ മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനൊപ്പം, പുലയനാർകോട്ടയിലെ വിപുലമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദശാബ്ദങ്ങളായുള്ള തറയിലെ ചികിത്സ എന്ന ചീത്തപ്പേരിന് എന്നെന്നേക്കുമായി അറുതി വരുത്താനാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. പുലയനാർകോട്ടയിലേക്ക് മാറ്റിയ രോഗികൾക്ക് മികച്ച പരിചരണവും ആവശ്യമായ മരുന്നുകളും ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K